തിരുവനന്തപുരം: പത്തനംതിട്ട ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിന് ഡിവൈഎസ് പി എസ്. നന്ദകുമാറിന്റെ കാരണംകാണിക്കൽ നോട്ടീസ്. ഗ്രോ വാസുവിന് അഭിവാദ്യം അർപ്പിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനാണ് നടപടി. നവമാധ്യമങ്ങളിൽ ഇടപെടുന്നതിന് പോലീസ് മേധാവി ഇറക്കിയ സർക്കുലറിന് വിരുദ്ധമായാണ് ഉമേഷ് പ്രവർത്തിച്ചതെന്ന് മെമ്മോയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കാരണംകാണിക്കൽ നോട്ടീസിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി ഉമേഷ് മറുപടിയും നൽകി.
ജയിലിൽ നിന്നും ഇറങ്ങിയ ഗ്രോ വാസുവിനെ സ്വീകരിക്കുന്നതും ഫോട്ടോ സമൂഹമാധ്യമത്തിലിട്ടതും ഗുരുതരമായ അച്ചടക ലംഘനവും കൃത്യവിലോപവുമാണെന്ന് കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു. സേനയുടെ അന്തസിന് കളങ്കമുണ്ടാക്കിയതിനാൽ 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഗ്രോ വാസുവിനെ സ്വീകരിക്കാനായി കോഴിക്കോട് ജില്ലയിലെത്തി എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ഉമേഷ് മറുപടി നൽകി. ഞാനും എന്റെ കുടുംബവും ബന്ധുക്കളും താമസിക്കുന്നത് കോഴിക്കോടാണ്. അവിടെ ഞാൻ എത്തുന്നതിൽ എന്താണ് അപാകത എന്ന് അങ്ങ് വ്യക്തമാക്കുന്നില്ല. ഗ്രോ വാസുവിനെ സ്വീകരിക്കുന്ന ഫോട്ടോയ്‌ക്ക് താഴെ അഭിവാദ്യങ്ങൾ എന്നെഴുതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോടതി നിരപരാധി എന്ന് കണ്ട് വെറുതേ വിട്ട ആളെ സ്വീകരിക്കുന്നതും ഫോട്ടോ എടുക്കുന്നതും ഡിജിപിയുടെ സർക്കുലറിൽ നിഷേധിച്ചിട്ടുള്ള കാര്യമല്ല. സർക്കാർ കുറ്റം ആരോപിച്ച് സ്ഥാനഭ്രഷ്ടനാക്കുകയും പിന്നീട് കോടതി ഉത്തരവിലൂടെ ഡിജിപിയായി തിരിച്ചെത്തുകയും ചെയ്ത ഒരാളുടെ മെമ്മോയിൽ ഉപയോഗിച്ചിരിക്കുന്നത് കോടതി വിധിയെ നാം അംഗീകരിക്കുന്നു എന്നതിന് തെളിവാണെന്നും മറുപടിയിൽ വിശദീകരിക്കുന്നു.
നിസാരമായ കുറ്റം ആരോപിക്കപ്പെട്ട് കോടതി കുറ്റവിമുക്തനാക്കിയ ഒരാളെ അകറ്റി നിർത്തുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. കേരളം കണ്ട കുപ്രസിദ്ധ ബലാൽസംഗ കേസിലെ പ്രതി ആറന്മുള ക്ഷേത്രത്തിൽ എത്തി വള്ളസദ്യ നടത്തിയപ്പോൾ ആദ്യവസാനം കൂടെ നിൽക്കാനും ഭക്തജനങ്ങളുടെ സെൽഫിയെടുക്കലിന് സഹായിക്കാനും അങ്ങയുടെ കീഴിലെ പോലീസ് ഉദ്യോഗസ്ഥനെ യൂണിഫോമിൽ അയച്ചതും, ഈ ഉദ്യോഗസ്ഥൻ ഇപ്പോഴും വിചാരണയിലിരിക്കുന്ന കേസിലെ പ്രതിയുടെ വീഡിയോ എടുത്ത് ആരാധനയോടെ സോഷ്യൽ മീഡിയയിൽ ഇട്ടതും എന്തൊരു വിരോധാഭാസമാണ്.
ഉമേഷ് എന്ന താഴേക്കിടയിലുള്ള ഒരു പോലീസുകാരൻ ഗ്രോ വാസുവിന്റെ ഫോട്ടോ സമൂഹമാധ്യമത്തിലിട്ടാൽ പോലീസിന്റെ അന്തസ് കളങ്കപ്പെടില്ല. പോലീസിന്റെ അന്തസ് കളങ്കപ്പെടുത്തുന്നത് ആരൊക്കെയാണെന്ന് മേലധികാരികൾക്ക് അ റിയാവുന്നതാണല്ലോയെന്നും ഉമേഷ് മറുചോദ്യവും ഉയർത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: