ഹാങ്ചൊ: ടേബിള്‍ ടെന്നീസ് വനിതാ ഡബിള്‍സില്‍ ഭാരതം മെഡല്‍ ഉറപ്പിച്ചു. ക്വാര്‍ട്ടറില്‍ വനിതാ ജോഡികളായ അയ്ഹിക മുഖര്‍ജി-സുതീര്‍ഥ മുഖര്‍ജി സഖ്യം വിജയിച്ചു. ലോകചാമ്പ്യന് സഖ്യവും ലോക രണ്ടാം നമ്പര്‍ ജോഡികളുമായ ചൈനയുടെ മെങ് ചെന്‍-യിദി വാങ് സഖ്യത്തെ തോല്‍പ്പിച്ച് സെമിയില്‍ പ്രവേശിച്ചാണ് അയ്ഹികയും സുതീര്‍ഥയും മെഡലുറപ്പിച്ചത്.
സെമിയില്‍ പ്രവേശിച്ച വനിതാ ജോഡികള്‍ പരാജയപെട്ടാല്‍ പോലും വെങ്കല മെഡല്‍ ഉറപ്പായിക്കഴിഞ്ഞു. കരുത്തരായ ചൈനീസ് സഖ്യത്തെ 3-1നാണ് ഭാരതം കീഴടക്കിയത്. സ്കോര്‍: 11-5, 11-5, 5-11, 11-9.
ഈ ഏഷ്യന്‍ ഗെയിംസില്‍ ഭാരതം ടേബിള്‍ ടെന്നിസില്‍ നേടുന്ന ആദ്യ മെഡലാകുകയാണ് ഈ നേട്ടം. പ്രതീക്ഷ വച്ചു പുലര്‍ത്തിയ പല താരങ്ങളും പതറിയ പ്രകടനവുമായി നിറംമങ്ങിയപ്പോഴാണ് അയ്ഹിക-സുതീര്‍ത്ഥ സഖ്യത്തിന്റെ വമ്പന്‍ മുന്നേറ്റം. ഇന്ന് നടക്കുന്ന സെമിയില്‍ വിജയിച്ചാല്‍ വെള്ളിമെഡല്‍ ഉറപ്പിക്കാനാകും.
കനോയിങ് സ്പ്രിന്റ്: നിരാജ് ഫൈനലില്‍
ഹാങ്ചൊ: പുരുഷ കനോയിങ് സിംഗിള്‍സ് സ്പ്രിന്റില്‍ ഭാരതത്തിന്റെ നിരാജ് വെര്‍മ ഫൈനലിലെത്തി. 4:31.626 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഭാരതതാരം ഫൈനലിലേക്ക് മുന്നേറിയത്.
ഹാന്‍ഡ്ബോളില്‍ നേപ്പാളിനെ തോല്‍പ്പിച്ചു
ഹാങ്ചൊ: വനിതാ ഹാന്‍ഡ്ബോള്‍ മത്സരത്തിനിറങ്ങിയ ഭാരതത്തിന് ആദ്യ കളിയില്‍ വിജയം. നേപ്പാളിനെ 44-19ന് തോല്‍പ്പിച്ചു. ഗ്രൂപ്പ് ബിയില്‍ നടന്ന കളിയില്‍ നേടിയ ജയത്തിലൂടെ നില ഭദ്രമാക്കാന്‍ ഭാരതത്തിന് സാധിച്ചു. 11 ഗോളുകള്‍ നേടിയ നിധി ശര്‍മയാണ് ഭാരതത്തിന്റെ ടോപ് സ്കോറര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: