ന്യൂദല്‍ഹി: ശുചിത്വ ഭാരതത്തിനായി ഒരു ദിവസം ഒരു മണിക്കൂര്‍ ഒരുമിച്ച് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് ഭാരതം മുഴുവന്‍ ഇന്ന് ഒരു മണിക്കൂര്‍ ശ്രമദാനം നടത്തും. രാവിലെ 10 ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. സ്വച്ഛ് ഭാരത് മിഷന്റെ ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സ്വച്ഛതാ ഹി സേവ കാമ്പയിന്റെ ഭാഗമാണിത്. ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധപ്രവര്‍ത്തനമായി ഇതുമാറും. ഗാന്ധി ജയന്തിക്ക് മുന്നോടിയായി ശുചീകരണത്തിനായി ഒരു മണിക്കൂര്‍ ശ്രമദാനം നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന് കി ബാത്തിന്റെ 105-ാം എപ്പിസോഡിലാണ് ആഹ്വാനം ചെയ്തത്. ഈ ശ്രമദാനം രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കുള്ള സ്വച്ഛാഞ്ജലിയായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
പ്രത്യേകം തയാറാക്കിയ സ്വച്ഛതാ ഹി സേവ പോര്‍ട്ടലിലൂടെ ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാക്കിയിരുന്നു. ഇതില്‍ ശ്രമദാനത്തിന്റെ ചിത്രങ്ങളും വ്യക്തികള്‍ക്ക് അപ്ലോഡ് ചെയ്യാം. എല്ലാ നഗര, ഗ്രാമപഞ്ചായത്തുകളും വ്യോമയാനം, റെയില്‍വേ, വിവരസാങ്കേതികവിദ്യ തുടങ്ങി സര്‍ക്കാരിന്റെ എല്ലാ വിഭാഗങ്ങളും പൊതുസ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, സ്വകാര്യസ്ഥാപനങ്ങള്‍, ആര്എഡബ്ല്യൂ എന്നിവര്‍ ശുചീകരണത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കും. പൊതുസ്ഥലങ്ങളില്‍ യഥാര്‍ത്ഥ ശുചീകരണം നടത്താനാണ് ഈ മഹാശുചീകരണ പരിപാടി ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി അഭിപ്രായപ്പെട്ടു. രാജ്യത്താകമാനം 6.4ലക്ഷത്തിലധികം സ്ഥലങ്ങളാണ് ശ്രമദാനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു ലക്ഷം സ്ഥലങ്ങളില്‍ വിവിധ റെസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷനുകള്‍ ശ്രമദാനം നടത്തും. 35,000 അങ്കണവാടികള്‍ പ്രാദേശിക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ശുചീകരിക്കും.
കര-നാവിക-വ്യോമസേനകള്‍ പൊതുജനങ്ങളുമായി കൈകോര്‍ത്ത് ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. ദേശീയ പാതകള്‍, തീരദേശ മേഖലകള്‍ എന്നിവയുടെ ശുചീകരണം വിവിധ അസോസിയേഷനുകളും പ്രാദേശിക കൂട്ടായ്മകളും ഏറ്റെടുത്തിട്ടുണ്ട്. സേവാഭാരതി, മാതാ അമൃതാനന്ദമയി മഠം തുടങ്ങിയവരും ശുചീകരണത്തില്‍ പങ്കാളിയാകും. സുലഭ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ സമൂഹ-പൊതുശൗചാലയങ്ങള്‍ ശുചിയാക്കും.15 ലക്ഷത്തിലധികം പേരുടെ പങ്കാളിത്തത്തിലുള്ള ശുചീകരണമാണ് വനിതാ ശിശു വികസന മന്ത്രാലയം മാത്രം തയാറാക്കിയിരിക്കുന്നത്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബീച്ചുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, നദീ തീരങ്ങള്‍, അഴുക്കുചാലുകള്‍ തുടങ്ങിയവയുടെ ശുചീകരണമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ഫൗണ്ടേഷന് രാജ്യത്തുടനീളം സ്കൂളുകളിലും ശുചിത്വത്തിനായി ശ്രമദാനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: