കൊച്ചി: മകള്‍ക്ക് പേരിടുന്നതില്‍ മാതാപിതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പേരിടല്‍ ചടങ്ങ് നടത്തി ഹൈക്കോടതി. കുട്ടിയുടെ താല്‍പര്യത്തിനും ക്ഷേമത്തിനും വിരുദ്ധമാകുമെന്നും വിലയിരുത്തി പ്രത്യേകാധികാരം ഉപയോഗിച്ചാണ് കോടതിയുടെ നടപടി.
പേര് കുട്ടിയുടെ തിരിച്ചറിയല്‍ സംവിധാനമാണെന്നും ഒരു വ്യക്തിക്കൊപ്പം പേര് എന്നുമുണ്ടാകേണ്ടതാണെന്നും ചൂണ്ടിക്കാട്ടിയ കോടതി കുട്ടിയുടെ നന്‍മക്ക് വേണ്ടി എല്ലാ സാഹചര്യങ്ങളും പരിഗണിച്ചാണ് പേരിടുന്നതെന്നും വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ആണ് കേസ് പരിഗണിച്ചത്.
2020 ഫെബ്രുവരി 12ന് കുട്ടി ജനിച്ച ശേഷം പേരിടുന്നതിനെ ചൊല്ലി രക്ഷിതാക്കള്‍ തര്‍ക്കത്തിലാവുകയായിരുന്നു. ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ പേരില്ലായിരുന്നു. കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുന്ന സമയത്ത് അധികൃതര്‍ സര്‍ട്ടിഫിക്കറ്റില്‍ പേരില്ലാത്തതിനാല്‍ സ്വീകരിച്ചില്ല.
പുണ്യ നായര്‍ എന്ന പേര് നല്‍കാനായിരുന്നു അമ്മയുടെ തീരുമാനം. പദ്മ നായര്‍ എന്ന പേര് നല്‍കണമെന്ന് കുട്ടിയുടെ അച്ഛനും നിലപാട് എടുത്തു. മാതാപിതാക്കള്‍ തമ്മില്‍ യോജിച്ച തീരുമാനത്തിലെത്താന്‍ തുടക്കം മുതല്‍ കഴിഞ്ഞില്ല. അനുകൂല തീരുമാനമെടുക്കാന്‍ കുട്ടിയുടെ അച്ഛന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ കുടുംബ കോടതിയെ സമീപിച്ചു.
ആലുവ മുനിസിപ്പാലിറ്റിയിലെത്തി ജനന സര്‍ട്ടിഫിക്കറ്റ് നേടാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്നായിരുന്നു കുടുംബ കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഇതിന് ഇരുവരും കൂട്ടാക്കിയില്ല തുടര്‍ന്നാണ് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്.
കുട്ടിയുടെ രക്ഷിതാവാണ് പേരിനായി അപേക്ഷ നല്‍കേണ്ടത്. ഇത് അമ്മയോ അച്ഛനോ ആകാം. എന്നാല്‍ ഇരുവരും ഹാജരാകണമെന്ന് നിയമം നിര്‍ബന്ധിക്കുന്നില്ല. മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും പേര് തിരുത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനുള്ള നടപടിക്രമങ്ങള്‍ പിന്നീട് ആരംഭിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കുട്ടി അമ്മയുടെ സംരക്ഷണയിലാണ് വളരുന്നത്. അതിനാല്‍ അമ്മ നിര്‍ദ്ദേശിക്കുന്ന പേരിന് അര്‍ഹമായ പ്രാധാന്യം നല്‍കണം. കുട്ടിയുടെ പിതൃത്വത്തിലും തര്‍ക്കമില്ല. ഈ സാഹചര്യത്തില്‍ അച്ഛന്റെ പേര് കൂടി ചേര്‍ക്കാം. അമ്മ നിര്‍ദ്ദേശിച്ച പുണ്യ എന്ന പേരിനൊപ്പം അച്ഛന്റെ ബാലഗംഗാധരന്‍ നായര്‍ എന്ന പേര് കൂടി കോടതി നിര്‍ദ്ദേശിച്ചു. കുട്ടിയുടെ പേര് പുണ്യ ബി നായര്‍ എന്നാക്കണമെന്ന അമ്മയുടെ നിര്‍ദ്ദേശം കോടതി അംഗീകരിച്ചു.
തുടര്‍ന്ന് ഹരജിക്കാരിയായ മാതാവിന് ഈ പേരുമായി രജിസ്ട്രാറെ സമീപിക്കാമെന്നും പിതാവിന്റെ അനുമതിക്ക് നിര്‍ബന്ധിക്കാതെ ഈ പേര് രജിസ്ട്രാര്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: