ആലപ്പുഴ: റെയില്‍പാത ഇരട്ടിപ്പിക്കലിന് അന്തിമ അനുമതി ലഭിച്ചിട്ടും സ്ഥലമേറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം തുടരുന്നു. എറണാകുളം കുമ്പളം, കുമ്പളം തുറവൂര്‍ മേഖലകളില്‍ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ തുറവൂര്‍ അമ്പലപ്പുഴ ഭാഗത്തു സ്ഥലമെടുക്കാന്‍ കല്ലിടല്‍ പോലും ആയിട്ടില്ല. ഏറ്റെടുക്കേണ്ട സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണപോലും ഭൂമിയേറ്റെടുക്കല്‍ വിഭാഗത്തിനില്ല. മിഷന് 2024ല്‍ ഉള്‍പ്പെടുത്തി അടുത്ത വര്‍ഷം പൂര്‍ത്തിയാക്കാനുള്ള പദ്ധതിയാണ് ഇഴയുന്നത്.
അമ്പലപ്പുഴ മുതല്‍ എറണാകുളം വരെയുള്ള ഭാഗത്ത് ഒരു ട്രാക്ക് മാത്രമായതിനാല്‍ വന്ദേഭാരത് ട്രെയിന്‍ ഉള്‍പ്പെടെയുള്ളവ കടന്നു പോകുമ്പോള്‍ മറ്റു ട്രെയിനുകള്‍ പിടിച്ചിടേണ്ട സ്ഥിതിയാണ്. അരൂര്‍ തുറവൂര്‍ ഭാഗത്തു ഭൂമിയേറ്റെടുക്കുന്നതിന്റെ പ്രാരംഭ വിജ്ഞാപനം വന്ന ശേഷമുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ മൂല്യനിര്‍ണയം നടക്കുന്നു. മൂല്യനിര്‍ണയം പൂര്‍ത്തിയായ ഭാഗങ്ങളില്‍ സര്‍വേ സൂപ്രണ്ടിന്റെ അനുമതി ലഭിച്ച ശേഷം 19.1 നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാനുള്ള നടപടി പുരോഗമിക്കുന്നു.
പ്രാരംഭ വിജ്ഞാപനത്തില്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഏകദേശ വിസ്തീര്‍ണവും നഷ്ടപരിഹാരത്തിന്റെ ഏകദേശ കണക്കുമാണ് ഉണ്ടാവുക. വിജ്ഞാപനം വന്ന ശേഷം റവന്യു വകുപ്പ് ഏറ്റെടുക്കുന്ന സ്ഥലം കൃത്യമായി കണക്കാക്കി മൂല്യം നിശ്ചയിക്കും. ഭൂമിയിലെ കൃഷിയുടേതു കൃഷിവകുപ്പും മരങ്ങളുടേതു വനം വകുപ്പും കെട്ടിടം ഉള്‍പ്പെടെയുള്ള നിര്‍മിതികളുടേതു റെയില്‍വേ എന്ജിനീയര്മാരുമാണു മൂല്യം കണക്കാക്കുക. എല്ലാം ചേര്‍ത്താകും വിശദമായ വിജ്ഞാപനം വരുന്നത്.
പിഎം ഗതിശക്തി പദ്ധതിക്കു കീഴിലുള്ള നെറ്റ്വര്ക് പ്ലാനിങ് ഗ്രൂപ്പ് അനുമതി നല്‍കിയതോടെ പദ്ധതിക്കുള്ള ഫണ്ട് ഉടനെ എത്തും. അമ്പലപ്പുഴ തുറവൂര്‍ ഭാഗത്ത് 45.86 കിലോമീറ്റര്‍ ഇരട്ടപ്പാതയാക്കുന്നതിനായി 1262.14 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. ഇവിടെ 62 ഹെക്ടറോളം ഭൂമി ഏറ്റെടുക്കേണ്ടി വരും. അമ്പലപ്പുഴ മുതല്‍ എറണാകുളം വരെയുള്ള 70 കിലോമീറ്ററില്‍ ഇരട്ടപ്പാതയാക്കുന്നതിനു 2661 കോടി രൂപയാണു റെയില്‍വേ അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: