ന്യൂഡല്‍ഹി: പിന്‍വലിച്ച 2000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള കാലാവധി ഒക്‌റ്റോബര്‍ 7 വരെ നീട്ടി റിസര്‍വ് ബാങ്ക്. എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫിസുകള്‍ വഴി മാത്രമേ നോട്ട് മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നും മറ്റു ബാങ്കുകള്‍ വഴി നോട്ട് മാറ്റിയെടുക്കാന്‍ സാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികളായ ഇന്ത്യക്കാരെയും, വിദേശത്തുള്ള മറ്റുള്ളവരെയും കണക്കിലെടുത്താണ് തീയതി നീട്ടുന്നതെന്നാണ് ആര്‍ബിഐ വിശദീകരണം.
കഴിഞ്ഞ മേയ് മാസത്തിലാണ് 2000 രൂപയുടെ നോട്ട് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. 20,000 രൂപ വരെയുള്ള രണ്ടായിരത്തിന്റെ നോട്ടുകള്‍ ഒരേസമയം ബാങ്കുകളില്‍ മാറാന്‍ അവസരം ഉണ്ടായിരുന്നു. മേയ് 19 മുതല്‍ 2000 രൂപ നോട്ടുകളുടെ ക്രയവിക്രയം നടത്തുന്നതില്‍ റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
2018-19 കാലഘട്ടത്തില്‍ രണ്ടായിരം രൂപയുടെ നോട്ട് അച്ചടിക്കുന്നത് റിസര്‍വ് ബാങ്ക് നിര്‍ത്തിവച്ചിരുന്നു.
2016ല്‍ ബിജെ.പി സര്‍ക്കാര്‍ 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ച ശേഷമാണ് 2000 രൂപ നോട്ട് ആര്‍.ബി.ഐ പുറത്തിറക്കിയത്. കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.
















