ആയുര്‍വേദമെന്ന ആയുരാരോഗ്യസൗഖ്യദായകവേദം അഥവാ ചികിത്സാവിധി പലഘടകങ്ങളെയും ആശ്രയിച്ചാണ് സൗഖ്യദായകമാകുന്നത്. ശരീരം അന്നമയ കോശവും(ഭൂമിയും ജലവും) പ്രാണമയ, മനോമയ കോശങ്ങള്‍(അഗ്നിയും വായുവും) ചേര്‍ന്ന സൂക്ഷ്മശരീരവും അടങ്ങുന്നതാണല്ലോ. അപ്പോള്‍ ശരീരത്തിലെ 86 ശതമാനത്തോളം വരുന്ന ജലാംശവും അതുപോലെ ജീവവായുവും നമുക്ക് ലഭിക്കുന്നത് ഈ ഭൂമിയില്‍ നിന്നാണ്. അവ ആരോഗ്യപരമായ ജീവിതത്തെയും ബാധിക്കുമെന്നതില്‍ സംശയത്തിന് ഇടയില്ല.
വാസ്തുവും അതാണ് ഉദ്‌ഘോഷിക്കുന്നത്. ഭൂമിയില്‍ ഓരോന്നും അത് മനുഷ്യനായാലും വീടായാലും സ്ഥാപനങ്ങളായാലും ജീവജാലങ്ങളായാലും പഞ്ചഭൂതങ്ങള്‍ അനുയോജ്യമായ രീതിയില്‍ ആരോഗ്യകരമായ ജീവിതത്തിനു തുലനപ്പെടുത്തുന്ന ശാസ്ത്രമായ വാസ്തുതത്ത്വവും പ്രയോജനപ്പെടുത്താന്‍ ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്നു.
ഇനി ജ്യോതിഷത്തിന്റെ പ്രസക്തി കൂടി ഇതില്‍ പരിശോധിക്കാം. ഭൂമിയെ അടിസ്ഥാനഗ്രഹമാക്കിയും സൂര്യനെയും മറ്റ് ഗ്രഹങ്ങളെയും സ്വാധീനഗ്രഹങ്ങളായും കണ്ടുള്ള ശാസ്ത്രമാണ് ജ്യോതിഷം. മനുഷ്യരുടെ ജന്മനക്ഷത്രത്തില്‍, മറ്റ് ഗ്രഹങ്ങളുടെ സ്വാധീനം ഗുണപരമായും ദോഷപരമായും, അവ ലഗ്നത്തില്‍ നിന്ന് ഏത് രാശിയില്‍ സ്ഥിതിചെയ്യുന്നു എന്നതിന് അനുസരിച്ച് സംഭവിക്കുന്നു. 360ഡിഗ്രിയുള്ള രാശിചക്രത്തിലെ 30 ഡിഗ്രി വീതമുള്ള 12 രാശികളില്‍ സൂര്യ, ചന്ദ്ര, ബുധ, ശുക്രന്‍, ഗുരു (വ്യാഴം), കുജന്‍ (ചൊവ്വ)ശനി രാഹു, കേതു എന്നിവ ഓരോ ഗ്രഹസ്ഥിതിയുടെയും അവസ്ഥാനുസാരം ആ ലഗ്നാധിപനായ വ്യക്തിയില്‍ നന്മയായും തിന്മയായും സ്വാധീനിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫലം പ്രവചിക്കുന്നതാണ് ജ്യോതിഷം. ഓരോ രാശിയും 12 മലയാളമാസങ്ങളുടെ പേരില്‍ അറിയപ്പെടുന്നു. ഓരോ രാശിയിലും രണ്ടു നക്ഷത്രങ്ങള്‍ മുഴുവനായും മൂന്നാമത്തേതിന്റെ ആദ്യ പകുതിയുമായി രണ്ടര നക്ഷത്രങ്ങള്‍ വരുന്നു. ഉദാ: മേടം രാശിയില്‍ അശ്വതിയും ഭരണിയും മുഴുവനായും കാര്‍ത്തികയുടെ ആദ്യ പകുതിയും പെടുന്നു. അങ്ങനെ 12 രാശിയില്‍ 28 നക്ഷത്രങ്ങള്‍.
വ്യക്തിജീവിതത്തില്‍, ആരോഗ്യവും രോഗപീഡയും രോഗസൗഖ്യവുമെല്ലാം നവഗ്രഹങ്ങളുടെ സ്വാധീനവുമായി ബന്ധപ്പെട്ടിരിക്കും. അവയൊക്കെ പരിഗണിച്ചു മാത്രമായിരുന്നു പണ്ട് കാലങ്ങളില്‍ ആയുര്‍വേദ ചികിത്സ നടത്തിയിരുന്നത്. ഇതൊന്നും നോക്കാതെയുള്ള ഇന്നത്തെ ചികിത്സരീതിയായിരുന്നില്ല. അതിന് ഗുണപരമായ സ്വാധീനവും കിട്ടിയിരുന്നു. അതിനായി ജ്യോതിഷിയുടെ സഹായം തേടുകയോ ജ്യോതിഷജ്ഞാനമുള്ള വൈദ്യര്‍ സ്വയം രോഗിയുടെ ജന്മനക്ഷത്രം പരിശോധിച്ച് ചികിത്സാകാലം
നിര്‍ണയിക്കുകയോ ആയിരുന്നു പതിവ്. അത് രോഗശമനത്തിന് വളരെ സഹായകമായി വരാറുമുണ്ടായിരുന്നു. അതുപോലെ വാസ്തുപ്രകാരം മാത്രമേ രോഗിയെ കിടത്തി ചികിത്സനല്‍കിയിരുന്നുമുള്ളു. തല കിഴക്ക് ഭാഗത്തു വരാത്തക്ക വിധം മുറി സജ്ജീകരിച്ചുകൊണ്ടാണ് കിടത്തുക.
സൂര്യനാണല്ലോ നമ്മുടെ പ്രാണനെന്ന ഊര്‍ജ്ജസ്രോതസ്സ്. ഉദയത്തിന്റെ ആദ്യ മൂന്നുനാഴികയിലെ സൂര്യകിരണങ്ങള്‍ വളരെ ഗുണം നല്‍കുന്നതാണ്. അത് ശരിയായി ലഭിക്കാന്‍ ഉദയസൂര്യന് അഭിമുഖമായി തല വെച്ച് വേണം കിടക്കാന്‍. സൂര്യോദയത്തിന്റെ ആദ്യ ചുവന്ന സൂര്യകിരണങ്ങള്‍ വളരെ ആരോഗ്യദായകമാണ്. അത് കേവലം ഒരു നാഴികനേരത്തോളം മാത്രമേ നില’നില്‍ക്കൂ. ഒരു വര്‍ഷത്തോളം ഈ ചുവന്ന സൂര്യരശ്മി ഇമ വെട്ടാതെ നോക്കാന്‍ കഴിഞ്ഞാല്‍ ഭക്ഷണം പോലും ആവശ്യമില്ലാതെ നമുക്ക് ജീവിക്കാനാകും. പക്ഷേ തുടര്‍ന്നും ചെയ്യേണ്ടിവരും. അത്രയേറെ ആരോഗ്യദായകമാണ് ആ കിരണങ്ങള്‍. വെയില്‍ ഉദിച്ചു കഴിഞ്ഞാല്‍ അത് ഏല്‍ക്കുന്നത് ശരീരക്ഷീണത്തിന് കാരണമാകും. പ്രഭാതനടത്തതിന് ഈ ഒരു ഗുണവും കൂടിയുണ്ട്.
ഇനി വാസ്തു സംബന്ധിയായ ചില കാര്യങ്ങള്‍ കൂടി പറയാം. വാസ്തുപ്രകാരം ഒരു സ്ഥലത്തിന്റെ നാലു കോണുകള്‍, വടക്കുകിഴക്ക് ഈശാനകോണ്‍ എന്നും തെക്കുകിഴക്ക് അഗ്‌നികോണ്‍ എന്നും വടക്കുപടിഞ്ഞാറു വായുകോണെന്നും തെക്കുപടിഞ്ഞാറ് കന്നി മൂലയെന്നും പ്രതിപാദിക്കുന്നു.
അഗ്‌നികോണിലാണ് അടുക്കളയുടെ സ്ഥാനം. പക്ഷേ അവിടെ ധാരാളം വെള്ളം ആവശ്യമുണ്ടെന്നതിനാലും കിണര്‍ ഈ ഭാഗത്താവും എന്നതിനാലും ഈശാനകോണെന്ന വടക്കുകിഴക്കേ ജലകോണിലും അടുക്കള വരുന്നതില്‍ വിരോധമില്ല എന്ന തരത്തില്‍പ്പെടുത്താറുണ്ട്. പക്ഷേ കന്നിമൂലയിലോ വായുകോണിലോ അത് നല്ലതല്ല. കഴിവതും വീടിന്റെ മുന്‍ഭാഗം കിഴക്കൊട്ടാകുന്നതാണ് ഉത്തമം. അത് പറ്റാത്തസ്ഥിതിയില്‍ വടക്കോട്ട് മുഖമാക്കുന്നതാണ് ഉചിതവും ശ്രേയസ്‌കരവും.
തല ഏത് ഭാഗത്തേക്ക് വേണമെന്നതിനു ഒരു പ്രമാണം തന്നെയുണ്ട്.
‘വേണം കിഴകോട്ട്, വേണ്ട വടക്കോട്ട്
പാടില്ല പടിഞ്ഞാട്ട്, ആവാം തെക്കോട്ട്.’
ഇത് ഭൂമിയുടെ പടിഞ്ഞാറോട്ടുള്ള ഭ്രമണവും അതിലൂടുള്ള കാന്തിക വലയവും ആസ്പദമാക്കിയുള്ളതാണ്. സുഖനിദ്രയ്‌ക്കും മസ്തിഷ്‌ക വര്‍ത്തിത്വത്തിന് സൗഖ്യവും രക്തചംക്രമണതിന് അനുകൂലസ്ഥിതിയും പകരുന്നതാണീ വിധികള്‍.
യഥേഷ്ടം വെളിച്ചവും വായുസഞ്ചാരവും കിട്ടുംവിധം വേണം വീടിന് വാതിലും ജനാലകളും സജ്ജമാക്കാന്‍.
ആയുര്‍വേദവും വാസ്തുവും അഥര്‍വവേദീയമാണ്. വാസ്തു, സ്ഥാപത്യവേദമെന്ന ഉപവേദമായാണ് അറിയുന്നത്. സ്ഥാപത്യം എന്നാല്‍ സ്ഥാപിക്കുന്നത്. അതില്‍ ഭൂമിയെ പറ്റിയും അതില്‍ സ്ഥാപിക്കുന്ന സകലതിനെപ്പറ്റിയുമാണ് പ്രതിപാദ്യം.
ജ്യോതിഷം അഥര്‍വ്വവേദീയമെങ്കിലും ബിസി അഞ്ചാം നൂറ്റാണ്ടിലെ വിക്രമാദിത്യ ചക്രവര്‍ത്തിയുടെ സദസിലെ നവരത്‌നങ്ങളെ ന്നറിയപ്പെടുന്ന ഒമ്പത് ശ്രേഷ്ഠ പണ്ഡിതഗ്രേസരന്മാരില്‍ വരാഹമിഹിരന്റെ ബൃഹത്‌സംഹിതയിലെ ഹോരാവിഭാഗത്തെ അടിസ്ഥാനപ്പെടുത്തിയുണ്ടാക്കിയതാണ് ജ്യോതിഷം.
അതില്‍ വലിയതോതില്‍ ശാസ്ത്രഗണനം അടങ്ങിയതിനാല്‍ ഗണിച്ചാണ് പലതും പ്രവചിക്കേണ്ടത്. ഗണിക്കുന്നത് പിഴച്ചാല്‍ ഫലം തെറ്റും. അപ്പോള്‍ ജനം ജ്യോതിഷമെന്ന ശാസ്ത്രത്തെ കുറ്റംപറയാന്‍ ഇട വരുന്നു. ഇത് ജ്യോതിഷത്തിന്റെ കുറവല്ല. ജ്യോതിഷിയുടെ അജ്ഞത ഒന്നുകൊണ്ടുമാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: