ഭരണനേട്ടങ്ങള്‍ കൊട്ടിപ്പാടാനും അത് ജനങ്ങളിലെത്തിച്ച് നേട്ടമുണ്ടാക്കാനും സംഘടിത ശ്രമം നടത്താന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. അതിനിടയിലാണ് കല്ലുകടിയായി ഇടതുമുന്നണിയിലെ രണ്ടാംകക്ഷി മുഖ്യമന്ത്രിയെയും ഭരണത്തെ ആകെയും കുറ്റപ്പെടുത്തി രംഗത്തു വന്നിരിക്കുന്നത്. കോടികള്‍ ചെലവഴിച്ചാല്‍ തെറ്റുതിരുത്താന്‍ കഴിയുമെന്നത് വ്യാമോഹമാണെന്നാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ കുറ്റപ്പെടുത്തിയത്. ഇതു തിരിച്ചറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയനോ ഇടതുമുന്നണി നേതൃത്വത്തിനോ കഴിയുന്നില്ല. കേരളീയവും മണ്ഡല സദസ്സും കൊണ്ട് കാര്യമില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം ഒന്നും ചെയ്തില്ല. ഈ സാഹചര്യത്തില്‍ മന്ത്രിമാര്‍ മണ്ഡല സദസ്സിനു പോയിട്ട് കാര്യമൊന്നുമില്ലെന്നും സിപിഐ അഭിപ്രായപ്പെട്ടു. കേരളീയം പോലുള്ള പരിപാടികള്‍ ധൂര്‍ത്താണ്. തിരുത്തലുകള്‍ വരുത്തിയില്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പുള്‍പ്പെടെ പിന്നാലെ വരുന്ന തെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിക്കു കനത്ത തിരിച്ചടിയേല്‍ക്കും. കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവച്ച ലൈഫ് പദ്ധതി പോലും പൂര്‍ത്തിയാക്കാനായില്ലെന്നും കടുത്ത ഭാഷയിലാണ് പ്രതിനിധികള്‍ വിമര്‍ശിച്ചത്. മന്ത്രിമാരുടെ പേരെടുത്ത് തന്നെ വിമര്‍ശനമുയര്‍ന്നു. ധനമന്ത്രി മുതലാളിമാരെപ്പോലെയാണു പെരുമാറുന്നത്. മുഖ്യമന്ത്രിയെ കണ്ട് ജനങ്ങള്‍ക്കു പരാതി പറയാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. മകളുടെ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി നല്കിയ മറുപടി ജനങ്ങള്‍ക്കു ദഹിക്കുന്നതല്ല.
സിപിഎം നേതാക്കള്‍ ചര്‍ച്ചകളിലും മറ്റും തോന്നുംപോലെ എന്തെങ്കിലും വിളിച്ചുകൂവുന്ന അവസ്ഥയിലാണ്. സംസ്ഥാന സെക്രട്ടറി കാര്യങ്ങള്‍ വിശദീകരിക്കുന്നതിനു മുമ്പുതന്നെ എ.കെ. ബാലനെപ്പോലുള്ള നേതാക്കള്‍ മാധ്യമങ്ങളെ കാണുന്നു. ഇടതുമുന്നണി യോഗം പോലും പ്രഹസനമാകുന്നു. ഏഴു വര്‍ഷത്തെ ഭരണത്തില്‍ എടുത്തുകാണിക്കാവുന്ന പദ്ധതിയൊന്നുമില്ല. സില്‍വര്‍ലൈന്‍ പറഞ്ഞ് ജനങ്ങളെ ശത്രുക്കളാക്കിയതല്ലാതെ പ്രയോജനമുണ്ടായില്ല. സഹകരണ മേഖലയിലെ സാമ്പത്തിക ക്രമക്കേടുകള്‍ സര്‍ക്കാരിനും ഇടതുമുന്നണിക്കും നാണക്കേടുണ്ടാക്കി. വിവാദങ്ങളിലും അഴിമതിയിലും പെട്ട സര്‍ക്കാരാണെന്ന ഖ്യാതി മാത്രമാണ് ഇപ്പോഴുള്ളത്. പൗര പ്രമുഖരെയല്ല, മറിച്ച് മുന്നണിയെ ജയിപ്പിച്ച സാധാരണക്കാരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ടതെന്നുമാണ് സിപിഐയുടെ അഭിപ്രായം. കട്ടവരോട് ഇത്രയധികം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി കേരളത്തിനു ലജ്ജാകരമാണന്ന് പറയാതിരിക്കാന്‍ കഴിയുമോ? മുഖ്യമന്ത്രി പറഞ്ഞത് ഒരു കറുത്ത വറ്റെന്നാണ്. എന്നാല്‍ കലം മുഴുവന്‍ കറുത്തിരിക്കുകയാണ്. ഭൂതക്കണ്ണാടി വച്ചു നോക്കിയാലും വെളുപ്പ് കാണാനില്ല. കലം മുഴുവന്‍ കരിഞ്ഞിരിക്കുന്നതിനാലാണ് വെളുത്ത വറ്റൊന്നും കാണാത്തത്. മുഖ്യമന്ത്രി അതു മനസ്സിലാക്കണം. 399 സഹകരണ സ്ഥാപനങ്ങളില്‍ ക്രമക്കേടു നടന്നതായി കണ്ടെത്തിയെന്നു വകുപ്പു മന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞിരുന്നു. അതില്‍ അന്വേഷണം നടക്കുന്നില്ല. ഒരു വര്‍ഷം മുന്‍പ് പറഞ്ഞ കാര്യമാണിത്. 600ലേറെ സ്ഥാപനങ്ങളില്‍ തട്ടിപ്പു നടന്നതായാണ് കണക്കാക്കുന്നത്. ഇത്രയധികം തട്ടിപ്പു നടന്നെന്നു മന്ത്രി സമ്മതിക്കുമ്പോള്‍, മുഖ്യമന്ത്രി പറയണം ഇത് ഒരു കറുത്ത വറ്റ് മാത്രമാണോ എന്ന്.
5000 കോടിയുടെ കുംഭകോണമാണ് നടന്നിട്ടുള്ളത്. കട്ടവരോട് ഇത്രയധികം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് ലജ്ജാകരമാണ്. മടിയില്‍ കനമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വെറും വാക്കാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പറഞ്ഞുകൊടുക്കേണ്ടത് ഒറ്റരുത് എന്നല്ല, കക്കരുത് എന്നായിരുന്നു. ഈ കുംഭകോണത്തില്‍ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതല്‍ സംസ്ഥാന നേതൃത്വത്തിനുവരെ പങ്കുണ്ട്. ആര്‍ക്കെങ്കിലുമെതിരെ തെളിവു നല്കുന്നുണ്ടെങ്കില് അതു നശിപ്പിക്കണമെന്നും പാര്‍ട്ടി നിര്‍ദേശം നല്കിയിരിക്കുന്നു. പാര്‍ട്ടിയുടെ അനുമതിയും അനുവാദവും ഈ സഹകരണ മെഗാ കുംഭകോണത്തിന് ഉള്ളതിനാല്‍, സിപിഎം കള്ളന്മാരെ ഭയപ്പെടുകയും സംരക്ഷിക്കുകയും ചെയ്യുകയാണ്. അഴിമതിയുടെ മറ്റൊരുമുഖമാണ് ആരോഗ്യവകുപ്പില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
കേരളത്തില്‍ ഇത്രയും വലിയ കുംഭകോണം നടന്നിട്ടും കേരളത്തിലെ ഔദ്യോഗിക പ്രതിപക്ഷം മൗനം പാലിക്കുകയാണ്. പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിലെ രണ്ട് ഘടകകക്ഷികള്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും നടത്തുന്ന അഴിമതിക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മുന്നണിക്ക് ബുദ്ധിമുട്ടു കാണും. ഈ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് സത്യസന്ധമായ ഒരു പ്രക്ഷോഭം പ്രതീക്ഷിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് ഭരണമുന്നണിയിലെ രണ്ടാം കക്ഷിക്കുതന്നെ കാര്യങ്ങള്‍ തുറന്നുപറയേണ്ടിവന്നത്. അതാകട്ടെ അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന ചൊല്ലുപോലെയുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: