കൊല്ലം: ഇടതുമുന്നണി ഭരിക്കുന്ന വടക്കേവിള സര്‍വീസ് സഹകരണ ബാങ്കില്‍ അംഗങ്ങളായവരുടെ അംഗത്വം ഉപയോഗിച്ച് കോടികളുടെ വായ്പത്തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സിപിഐ നേതാവിനെതിരെ മൊഴി. ഇരവിപുരം പോലീസ് സ്റ്റേഷനില്‍ നടന്ന മൊഴിയെടുപ്പിലാണ് തട്ടിപ്പിനിരയായവര്‍ ബാങ്ക് ജീവനക്കാരനും സിപിഐ വടക്കേവിള ഈസ്റ്റ് ലോക്കല്‍കമ്മറ്റിയംഗവും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (കെസിഇസി-എഐടിയുസി) സംസ്ഥാന കമ്മറ്റിയംഗവുമായി എസ്. ചന്ദ്രബോസിനെതിരെ മൊഴി നല്കിയത്.
ചന്ദ്രബോസിന്റെ വാക്കുകള്‍ വിശ്വസിച്ചാണ് ഫോമുകളില്‍ ഒപ്പിട്ടതെന്നും വായ്പക്കാരാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് മൊഴി. ഏഴുപേരാണ് പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്കിയത്. എന്നാല്‍, അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പരാതിക്കാരുടേതെന്ന് ചന്ദ്രബോസ് ‘ജന്മഭൂമി’യോട് പറഞ്ഞു. ബാങ്കിലെ ജീവനക്കാരന്‍ എന്ന നിലയില്‍ പലരോടും ഫോമുകള്‍ ഒപ്പിട്ടു വാങ്ങിയിട്ടുണ്ടാകും. അല്ലാതെ, ഒപ്പിട്ടു നല്കാന്‍ ആവശ്യപ്പെട്ട് ആരെയെങ്കിലും സമീപിക്കുകയോ, സമ്മര്‍ദം ചെലുത്തുകയോ ചെയ്തിട്ടില്ല. പോലീസ് അന്വേഷിച്ച് സത്യാവസ്ഥ വെളിപ്പെടട്ടെയെന്നും ചന്ദ്രബോസ് പറഞ്ഞു.
പരാതിക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ബാങ്ക് ജീവനക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുമെന്ന് ഇരവിപുരം പോലീസ് അറിയിച്ചു. സഹകരണ വകുപ്പിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. ഓഡിറ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് വിവരം. തട്ടിപ്പിനിരയായ നാല്പതോളം പേരും ബിജെപി കിളികൊല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ഹരീഷ് തെക്കടവുമാണ് അസി. രജിസ്ട്രാര്‍ക്കും സിറ്റി പോലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫിനും പരാതി നല്‍കിയിരിക്കുന്നത്.
അംഗങ്ങളുടെ പേരില്‍ ബാങ്കില്‍ അംഗങ്ങള്‍ അല്ലാത്തവര്‍ ഭൂമി ഈട് നല്‍കി വിലയുടെ 10-20 ഇരട്ടി തുക വായ്പ എടുത്തതാണ് തട്ടിപ്പ്. 15 മുതല്‍ 30ലക്ഷം രൂപവരെ തിരിച്ചടയ്‌ക്കാനുള്ള നോട്ടീസ് വന്നപ്പോഴാണ് തങ്ങളുടെ പേരില്‍ വായ്പ എടുത്ത വിവരം അംഗങ്ങള്‍ അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: