തൃശൂര്‍ : കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ ഇന്നലെ ഇഡിയുടെ പിടിയിലായ അരവിന്ദാക്ഷന്റെ വളര്‍ച്ച കണ്ണടച്ച് തുറക്കുന്ന വേഗതയില്‍. വടക്കാഞ്ചേരിക്കടുത്തുള്ള അത്താണിയില്‍ ജീപ്പ് ഡ്രൈവറായി ജീവിതം തുടങ്ങിയ അരവിന്ദാക്ഷന് ഇന്ന് വന്‍ സ്വത്തിന് ഉടമയാണ്.
ജീപ്പ് ഓടിക്കുന്നതിനിടയിലാണ് എ.സി. മൊയ്തീന്റെ ഡ്രൈവറായി അരവിന്ദാക്ഷന് നിയമിതനാകുന്നത്. പിന്നീടങ്ങോട്ട് വെച്ചടി വെച്ചടി കയറ്റമായിരുന്നു. മുണ്ടത്തിക്കോട് പഞ്ചായത്ത്മെമ്പര്‍, സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗം, മൊയ്തീന്റെ വിശ്വസ്തനായി അറിയപ്പെടുന്ന അരവിന്ദാക്ഷന് നാട്ടിലെ പല ബിസിനസുകാരുടെയും ഇടനിലക്കാരനായിട്ടാണ് അറിയപ്പെടുന്നത്. വടക്കാഞ്ചേരി മേഖലയില്‍ സിപിഎം നേതൃത്വവും ക്വാറി, റിയല്‍ എസ്റ്റേറ്റ്, പലിശ മാഫിയ ഉള്‍പ്പെടെയുള്ളവരുമായി ഇടപാടു ഉറപ്പിക്കുന്നത് അരവിന്ദാക്ഷന് വഴിയാണ്. മൊയ്തീന് വേണ്ടി രഹസ്യ ഇടപാടുകള്‍ പലതും നടത്തുന്നത് അരവിന്ദാക്ഷന് ആണെന്നാണ് നാട്ടിലെ ജനാഭിപ്രായം.
ഇതിനിടയിലാണ് മൊയ്തീന് വഴി സതീഷ് കുമാറുമായി അരവിന്ദാക്ഷന് അടുക്കുന്നത് അരവിന്ദാക്ഷന്റെ ഭാര്യവീട് ജപ്തി നടപടി നേരിട്ടപ്പോള്‍ 70 ലക്ഷം രൂപ നല്കി സഹായിച്ചത് സതീഷ് കുമാര്‍ ആയിരുന്നു. ഇത്രയും പണം നല്‍കാനുള്ള ബന്ധം എന്തെന്ന് ഇഡിയുടെ ചോദ്യത്തിന് അരവിന്ദാക്ഷന് മറുപടി ഉണ്ടായിരുന്നില്ല. മൊയ്തീന് പറഞ്ഞാല്‍ എന്തും ചെയ്യുന്ന അരവിന്ദാക്ഷന് സതീഷ് കുമാറിന് വേണ്ടിയും പലപ്പോഴും ഇടപാടുകള്‍ നടത്തിയിരുന്നു. സതീഷിനു വേണ്ടി ഗള്‍ഫിലേക്ക് പണം കടത്താന്‍ ഇയാള്‍ വിദേശയാത്രകളും നടത്തിയിട്ടുള്ളതാണ് കണ്ടെത്തല്‍.
അരവിന്ദാക്ഷന് അകത്തായതോടെ സിപിഎം നേതൃത്വം കൂടുതല്‍ അങ്കലാപ്പിലാവുകയാണ്. പാര്‍ട്ടിയുടെ അരമന രഹസ്യങ്ങള്‍ വളരെ കൂടുതല്‍ അറിയാവുന്നയാളാണ് അരവിന്ദാക്ഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: