കൊച്ചി: മദ്യപിച്ചു ഡ്യൂട്ടിക്കെത്തിയതിന് സസ്പെന്‍ഷനിലായ ദേവസ്വം ജീവനക്കാരെ
മതിയായ ശിക്ഷ നല്‍കാതെ എങ്ങനെയാണ് ജോലിക്ക് തിരിച്ച് എടുത്തതെന്ന് ഹൈക്കോടതി ചോദിച്ചു. ഇതു വ്യക്തമാക്കി കൊച്ചിന് ദേവസ്വം ബോര്‍ഡും ബോര്‍ഡിലെ ചീഫ് വിജിലന്‍സ് ഓഫീസറും പത്തു ദിവസത്തിനകം സത്യവാങ്മൂലം നല്‍കണമെന്നും ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
എറണാകുളത്തപ്പന് ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ ജീവനക്കാരന് മദ്യപിച്ചു ബഹളമുണ്ടാക്കിയ സംഭവത്തെത്തുടര്‍ന്ന് സ്വമേധയാ എടുത്തഹര്ജിയിലാണ് ജസ്റ്റീസ് അനില്‍. കെ. നരേന്ദ്രന്, ജസ്റ്റീസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഈ ഉത്തരവു നല്‍കിയത്.
ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഇത്തരത്തില്‍ നടപടി നേരിട്ടവരുടെ വിവരങ്ങള്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് നല്കി. ഇവരില്‍ ചിലര്‍ക്കെതിരെ വിജിലന്‍സ് വിഭാഗം ശിപാര്‍ശ ചെയ്ത ശിക്ഷാ നടപടി ഒഴിവാക്കി ബോര്‍ഡ് ഉദാര നിലപാട് സ്വീകരിച്ചെന്ന് ഡിവിഷന് ബെഞ്ച് വിലയിരുത്തി. തുടര്‍ന്നാണ് ഇത്തരത്തില്‍ എങ്ങനെ ഇവരെ തിരിച്ചെടുക്കാനാവുമെന്ന് ചോദിച്ച് ബോര്‍ഡും ചീഫ് വിജിലന്‍സ് ഓഫീസറും സത്യവാങ്മൂലം നല്കാന് നിര്‍ദ്ദേശിച്ചത്.
എറണാകുളത്തപ്പന് ക്ഷേത്രത്തിന്റെ പേരില്‍ ക്ഷേത്രക്ഷേമ സമിതി വെബ്സൈറ്റ് ഉണ്ടാക്കിയതും സംഭാവന പിരിക്കുന്നതും ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയാണെന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. എന്നാല്‍ ക്ഷേത്രത്തിലെ വഴിപാടുകള്ക്കുവേണ്ടിയല്ല പണപ്പിരിവു നടത്തിയതെന്നും ഉത്സവം നടത്തിപ്പിനുള്ള സംഭാവനയെന്ന തരത്തിലാണ് ഭക്തരില്‍ നിന്ന് പണം വാങ്ങിയതെന്നും ക്ഷേത്ര ക്ഷേമസമിതി മറുപടി നല്കി. ഇങ്ങനെ പിരിക്കണമെങ്കിലും ബോര്‍ഡിന്റെ സീല്‍ഡ് കൂപ്പണ്‍ ഉപയോഗിക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
2018- 19 മുതല്‍ ക്ഷേത്രക്ഷേമസമിതി 39 ലക്ഷം രൂപ നല്‍കാനുണ്ടെന്നും പിഴപ്പലിശ സഹിതം തുക ലഭിക്കണമെന്നും ബോര്‍ഡ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: