Categories: Kerala

ഡിവൈഎഫ് ഐ നേതാവ് കൃഷ്ണേന്ദുവിന്റെയും ഭര്‍ത്താവ് അനന്ദു ഉണ്ണിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ വഴി എട്ടുകോടിയുടെ ഇടപാട് നടന്നെന്ന് ധനകാര്യ ഉടമ

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങൾ തട്ടി ഒളിവില്‍ പോയ ഡിവൈഎഫ് ഐ വനിതാ നേതാവിന്‍റെയും ഭര്‍ത്താവിന്‍റെയും ബാങ്കിടപാട് കോടികളുടേതെന്ന് കണ്ടെത്തല്‍.

Published by

കോട്ടയം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങൾ തട്ടി ഒളിവില്‍ പോയ ഡിവൈഎഫ് ഐ വനിതാ നേതാവിന്റെയും ഭര്‍ത്താവിന്റെയും ബാങ്കിടപാട് കോടികളുടേതെന്ന് കണ്ടെത്തല്‍. പണമിടപാട് തിരിമറിക്കേസിലെ പ്രതി ഡിവൈഎഫ്‌ഐ മേഖലാ ജോയിന്‍റ് സെക്രട്ടറി കൃഷ്‌ണേന്ദുവിനും(27) ഭർത്താവായ സിപിഎം തലയോലപ്പറമ്പ് ലോക്കല്‍ കമ്മിറ്റി അംഗമായ അനന്ദു ഉണ്ണിക്കും (29) ഒന്നിലധികം ബാങ്ക് അക്കൗണുകളുണ്ടായിരുന്നെന്നും ഇതുവഴി എട്ടുകോടിയുടെ ഇടപാടുകള്‍ നടന്നുവെന്നും സ്വകാര്യ ധനകാര്യ ഇടപാട് സ്ഥാപനത്തിന്റെ ഉടമ പി.എം. രാഗേഷ് തലയോലപ്പറമ്പ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

 ഡിവൈഎഫ് ഐ നേതാവും ഭര്‍ത്താവും സഹപ്രവര്‍ത്തകയും ഒളിവില്‍ തന്നെ

കൃഷ്‌ണേന്ദുവിനും സഹപ്രവർത്തക ദേവീപ്രജിത്തിനും എതിരെയാണ് ഇവര്‍ ജോലി ചെയ്യുന്ന ധനകാര്യസ്ഥാപന ഉടമ രാഗേഷ് പൊലീസില്‍ പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ 19 പണയ ഇടപാടുകളിലാണ് കൃഷ്ണേന്ദു തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിലെ സിസിടിവി കേടുവരുത്തിയായിരുന്നു ഡിവൈഎഫ്ഐ നേതാവിന്റെ തട്ടിപ്പ്. ഇടപാടുകാർ പണയ വസ്തുക്കള്‍ തിരിച്ചെടുക്കുമ്പോൾ നൽകുന്ന പണം, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ കൃഷ്ണേന്ദു തിരിച്ചടച്ചിരുന്നില്ല. ഇങ്ങനെ 19 പേരിൽ നിന്നായി 42.72 ലക്ഷം രൂപയാണ് കൃഷ്ണേന്ദു തട്ടിയെടുത്തത്. കൃഷ്‌ണേന്ദു ഒറ്റയ്‌ക്കാണ് തട്ടിപ്പ് നടത്തിയിരുന്നതെങ്കിലും സഹപ്രവർത്തക ദേവീ പ്രജിത്തിന്റെ അറിവോടെയായിരുന്നു തട്ടിപ്പ്. ഇപ്പോഴും കൃഷ്ണേന്ദുവും ഭര്‍ത്താവ് അനന്ദു ഉണ്ണിയും സഹപ്രവര്‍ത്തക ദേവീ പ്രജിത്തും ഒളിവില്‍ തന്നെയാണ്.

എട്ടുകോടിയുടെ ബാങ്കിടപാട് പൊലീസ് അന്വേഷിക്കും

കഴിഞ്ഞ ഒരുവർഷത്തിനിടെ തലയോലപ്പറമ്പിലെ ബാങ്ക് അക്കൗണ്ട് വഴി കൃഷ്ണേന്ദുവിന്റെയും ഭര്‍ത്താവിന്റെയും അക്കൗണ്ടുകള്‍ വഴി നടന്നത് മൂന്ന് കോടിയിലേറെ രൂപയുടെ ഇടപാടുകളാണ്. ഇരുവർക്കുമുള്ള ഒന്നിലധികം അക്കൗണ്ടുകൾ വഴി ഏകദേശം എട്ട് കോടിയോളം രൂപയുടെ ഇടപാടുകള‍് നടന്നതായാണ് ധനകാര്യസ്ഥാപന ഉടമ രാഗേഷ് ആരോപിക്കുന്നത്.

തലയോലപ്പറമ്പിൽ സ്ഥാപനം പ്രവർത്തനം ആരംഭിച്ച കാലഘട്ടം മുതൽക്കേ ഉള്ള ജീവനക്കാരിയാണ് കൃഷ്‌ണേന്ദു. 25,000 രൂപ ആകെ ശമ്പളം ലഭിക്കുന്നുണ്ട്. തലയോലപ്പറമ്പ് പഞ്ചായത്തിന്റെ ആംബുലൻസ് ഡ്രൈവറാണ് ഭര്‍ത്താവ് അനന്ദു ഉണ്ണി. ദിവസ വേതനത്തിനാണ് ജോലി ചെയ്യുന്നത്. മറ്റ് വരുമാനമാർഗങ്ങൾ ഇല്ലാത്ത കൃഷ്ണേന്ദുവിനും ഭര്‍ത്താവിനും ഒന്നിലധികം അക്കൗണ്ടുകളും അതുവഴി എട്ടുകോടിയുടെ ഇടപാടും നടന്നതെങ്ങിനെയെന്ന് അന്വേഷിക്കുകയാണ് ഇപ്പോള്‍ പൊലീസ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക