ഭോപ്പാല്‍: കോണ്‍ഗ്രസിന്റെ എല്ലാ ഇച്ഛാശക്തിയും നഷ്ടപ്പെട്ടിരിക്കുകയാണ്, പാര്‍ട്ടിയെ ഇപ്പോള്‍ നയിക്കുന്നത് ചില അര്‍ബന്‍ നക്സലുകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടിയെ ഇനി നയിക്കുന്നത് നേതാക്കന്മാരല്ല. എല്ലാ കാര്യങ്ങളും പുറംകരാര്‍ നല്‍കുന്നതിനും കോണ്‍ഗ്രസിനെ പ്രധാനമന്ത്രി വിമര്‍ശിച്ചു.
കോണ്‍ഗ്രസിന്റെ ഇച്ഛാശക്തിയെല്ലാം നഷ്ടപ്പെട്ടു. കോണ്‍ഗ്രസിന്റെ താഴെത്തട്ടിലുള്ള നേതാക്കള്‍ വായ്മൂടിക്കെട്ടി മിണ്ടാതെ ഇരിക്കുകയാണ്. ആദ്യം കോണ്‍ഗ്രസ് നശിച്ചു, പിന്നെ അവര്‍ പാപ്പരായി, ഇപ്പോള്‍ അവരുടെ കരാര്‍ മറ്റൊരാള്‍ക്ക് നല്കി. പാര്‍ട്ടിയെ നയിക്കുന്നത് അതിന്റെ നേതാക്കളല്ല.
ഇപ്പോള്‍ അത് മുദ്രാവാക്യങ്ങള്‍ മുതല്‍ നയങ്ങള്‍ വരെ എല്ലാം ഔട്ട്സോഴ്സിംഗ് ചെയ്യുന്നു, ഈ കരാര്‍ ചില അര്‍ബന്‍ നക്സലൈറ്റുകളുമായാണ്, ഭോപ്പാലില്‍ കാര്യകര്‍ത്താ സംഗമത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകായിരുന്നു പ്രധാനമന്ത്രി മോദി.
വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാവപ്പെട്ടവന്റെ ജീവന് ഒരു വിലയുമില്ല. അവര്‍ക്ക് പാവപ്പെട്ടവന്റെ ജീവിതം സാഹസിക വിനോദസഞ്ചാരമാണ്. അവര്‍ക്ക് പാവപ്പെട്ടവരുടെ വീടുകളും കോളനികളും വീഡിയോ ഷൂട്ടിംഗിന്റെ ലൊക്കേഷനായി മാറിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ രാജ്യത്തിന്റെ വികസിതവും മഹത്തായതുമായ മുഖം ലോകത്തിന് കാണിച്ചുകൊടുക്കുകയാണ്. എന്റെ സ്വഭാവം, കഠിനാധ്വാനം, കാഴ്ചപ്പാട് എന്നിവ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ്.
എന്നെ സംബന്ധിച്ചിടത്തോളം ഒന്നും രാജ്യത്തിനും രാജ്യത്തെ ജനങ്ങള്‍ക്കും മുകളിലല്ല. ഞാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്, പക്ഷേ രാജ്യത്തെ ജനങ്ങളെ ഒന്നും നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ലെന്നും മോദി പറഞ്ഞു.
മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 ശതമാനം വിജയം നേടണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. വികസിത ഇന്ത്യയെ സംബന്ധിച്ചിടത്തോളം വികസിത മധ്യപ്രദേശ് വളരെ പ്രധാനമാണ്, ഇതിനായി അടുത്ത അഞ്ചു വര്‍ഷത്തേക്ക് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരണം. അതുകൊണ്ട് 100 ശതമാനം നല്‍കേണ്ടത് ഓരോ ബിജെപി പ്രവര്‍ത്തകന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സമ്മേളനം ബിജെപിയുടെ പ്രവര്‍ത്തകരുടെ ഊര്‍ജമാണ് കാണിക്കുന്നത്. രാജ്യത്തിന്റെ ഹൃദയഭാഗമാണ് മധ്യപ്രദേശ്. സംസ്ഥാനത്തെ ജനങ്ങള്‍ എല്ലായ്പ്പോഴും ബിജെപിയെ പിന്തുണച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം മധ്യപ്രദേശിലും ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: