ദാമ്പത്യ ജീവിതത്തിന്റെ ഇഴയടുപ്പങ്ങളും പ്രലോഭനങ്ങള്‍ വരുത്തിവയ്‌ക്കുന്ന പ്രതിസന്ധികളും മനോഹരമായി പകര്‍ത്തിയെടുത്ത സിനിമ. സര്‍ജു രമാകാന്ത് സംവിധാനം ചെയ്ത് വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര, മെറിന്‍ ഫിലിപ്പ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ‘വാതില്‍’ ഭാര്യ ഭര്‍തൃബന്ധത്തിന്റെ കഥ പറയുന്ന ഒരു ഫാമിലി ത്രില്ലര്‍ ചിത്രമാണ്. വിനയ് ഫോര്‍ട്ടിന്റെയും അനു സിതാരയുടെയും കരിയറിലെ മികച്ച കഥാപാത്രങ്ങളാണ് വാതിലിലെ ഡെന്നിയും തന്‍വികയും.
തന്മയത്വത്തോടെയുള്ള ഇരുവരുടെയും അഭിനയം സിനിമയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുള്ള കഥാരംഗങ്ങളെ പോലും നിഷ്പ്രഭമാക്കുന്നു. ഡെന്നി എന്ന ഇന്റീരിയര്‍ ഡിസൈന്‍ കമ്പനി ഉടമയായി വേഷമിട്ട വിനയ് ഫോര്‍ട്ടിന്റെ കരിയറില്‍ വഴിത്തിരിവാകുന്ന വ്യത്യസ്ത കഥാപാത്രമാണ് വാതിലിലേത്. അഭിനയത്തിന്റെ സൂക്ഷ്മഭാവഭേദങ്ങള്‍ പ്രേക്ഷകരിലേക്ക് പകര്‍ന്നുനല്‍കാന്‍ വിനയ് ഫോര്‍ട്ടിനായി. ഡെന്നിയുടെ ഭാര്യയായി എത്തുന്ന അനു സിത്താര തന്റെ കഥാപാത്രത്തെ പ്രേക്ഷകമനസുകളില്‍ ഉറപ്പിച്ചുനിര്‍ത്തുന്നു.
വെളിച്ചം നിറഞ്ഞ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഇരുട്ടു കടന്നുവരുന്നതും ജീവിതത്തിനു മുന്നില്‍ എന്നെന്നേക്കുമായി കൊട്ടിയടക്കപ്പെടുന്ന വാതില്‍ തുറന്നു വീണ്ടും ജീവിതം പ്രകാശപൂരിതമാകുകയും ചെയ്യുന്നത് വളരെ മനോഹരമായി സംവിധായകന്‍ സിനിമയില്‍ വരച്ചിടുന്നു. വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്ന്, വീട്ടുകാരുടെ പിന്തുണയില്ലാതെ ഒരുമിച്ച ഡെന്നിയുടെയും തനിയുടെയും ജീവിതം കേന്ദ്രീകരിച്ചാണ് സിനിമയുടെ മുന്നോട്ടുപോക്ക്. അധികം സുഹൃത്തുക്കളില്ലാത്ത ഡെന്നി സ്വന്തം ഓഫീസിലെ ജീവനക്കാരനും സുഹൃത്തുമായ കപീഷിന്റെ ‘എന്റര്‍ടെയ്‌മെന്റുകളില്‍’ പ്രലോഭിതനാവുന്നതോടെ പ്രണയഭരിതനായ ഭര്‍ത്താവില്‍ നിന്നും ഭാര്യയുടെ ചുറ്റുവട്ടത്തില്‍ അസ്വസ്ഥനാവുന്ന ഭര്‍ത്താവിന്റെ ഭാവപകര്‍ച്ചയിലേക്ക് എത്തുന്നു. ഭാര്യയുമായി സംസാരിക്കാന്‍പോലും സമയം കണ്ടെത്താനാവാതെ അകലുന്ന ഡെന്നിയുടെ ഫ്‌ളാറ്റില്‍ അവരുടെ ജീവിതം തന്നെ രണ്ടു മുറികളിലെ വാതിലുകള്‍ക്കുള്ളിലേക്ക് വഴിമാറുന്നു.
നൊസ്റ്റാള്‍ജിയകളെയും പുത്തന്‍ സ്ത്രീ സൗഹൃദങ്ങളെയും തേടിയലയുന്ന ഡെന്നിക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായി കമലയെത്തുന്നു. തന്‍വികയില്ലാത്ത ഒരു ദിവസം ഡെന്നിയുടെ ഫ്‌ളാറ്റിന്റെ വാതില്‍ കടന്നെത്തുന്ന കമലയുടെ വരവ് അപ്രതീക്ഷിതമായി ഡെന്നിയുടെ ജീവിതത്തിന്റെ വാതില്‍ തന്നെ തുറക്കാനാവാത്ത വിധത്തില്‍ കൊട്ടിയടക്കുന്നു. പ്രണയവും നര്‍മവും ഒക്കെയായി കടന്നുപൊയ് ക്കോണ്ടിരുന്ന സിനിമ അപ്രതീക്ഷിതമായി ത്രില്ലര്‍ സ്വാഭാവത്തിലേക്ക് വഴിമാറുകയാണ്. ഒരിക്കലും രക്ഷപ്പെടാനാകാത്തവിധം പ്രതിസന്ധിയില്‍ അകപ്പെട്ട ഡെന്നിയെ ഉറ്റ സുഹൃത്തു പോലും കൈയൊഴിയുന്ന വേളയില്‍, ജീവിതത്തില്‍ ഒരു വാതില്‍ അടഞ്ഞാല്‍ ഒമ്പതു വാതില്‍ തുറക്കപ്പെടുമെന്ന പ്രതീക്ഷയില്‍ നിന്നും ഡെന്നിക്കുമുന്നില്‍ പുതിയ ഒരു വഴി തുറന്നുകിട്ടുന്നു. ജീവിതത്തിലെ നിസഹായവസ്ഥയും സംഘര്‍ഷഭരിതമായ മൂഹൂര്‍ത്തങ്ങളും മറികടക്കാനുള്ള ഡെന്നിയുടെ നെട്ടോട്ടത്തെ വിനയ് ഫോര്‍ട്ട് മികച്ച കാഴ്ചാനുഭവമാക്കി മാറ്റുന്നു.
മനുഷ്യരില്‍ സ്വാഭാവികമായും വന്ന് പോകാവുന്ന ദൗര്‍ബല്യങ്ങള്‍ കുടുംബബന്ധങ്ങളെ എങ്ങനെ പ്രതിസന്ധിയിലാക്കുന്നുവെന്നു ചൂണ്ടിക്കാട്ടുന്നതാണ് സിനിമ. വാതില്‍ സിനിമ മുന്നോട്ടു വയ്‌ക്കുന്ന ഹോള്‍ഡ് മീ ടൈറ്റ് എന്ന ടാഗ് ലൈന്‍ ഭാര്യഭര്‍തൃബന്ധത്തിന്റെ കെട്ടുറപ്പിലേക്ക് കൂടി വിരല്‍ചൂണ്ടുന്നു. സൗഹൃദവും പരസ്പര ബഹുമാനവുമൊക്കെയാണ് സന്തോഷകരമായ ദാമ്പത്യജീവിതത്തിന്റെ അടിത്തറയെന്നു സിനിമ പ്രേക്ഷകര്‍ക്കു പറഞ്ഞുകൊടുക്കുന്നു. എവിടെയൊക്കെയോ കണ്ട് മറന്ന കഥകള്‍ സിനിമ ഓര്‍മിപ്പിക്കുന്നുണ്ടെങ്കിലും ചിത്രത്തിന്റെ അവസാനരംഗങ്ങളിലെ സസ്‌പെന്‍സ് സിനിമയെ വ്യത്യസ്തമാക്കുന്നു.
ഷംനാദ് ഷബീര്‍ എന്ന തിരക്കഥാകൃത്ത് തന്റെ കഥയോട് നീതി പുലര്‍ത്തി. ചില രംഗങ്ങള്‍ ലോജിക്ക് ചൂണ്ടിക്കാട്ടി വിമര്‍ശനവിധേയമാക്കാമെങ്കിലും കഥാകൃത്തിന്റെ ആശയം പ്രേക്ഷകഹൃദയങ്ങളിലേക്ക് പകര്‍ന്നു നല്‍കാന്‍ സംവിധായകന്‍ സര്‍ജു രമാകാന്തിനായി. ഷഹബാസ് അമന്റെ ആലാപനം ആസ്വാദനം മികച്ചതാക്കുന്നു. വിനായക് ശശികുമാര്‍, സെജോ ജോണ്‍ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സിനിമയില്‍ മൂന്ന് ഗാനങ്ങളാണ് ഉള്ളത്. സ്പാര്‍ക്ക് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സുജി കെ. ഗോവിന്ദ്‌രാജ് നിര്‍മിച്ച ചിത്രത്തില്‍ സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി.കെ. ബൈജു, അഞ്ജലി നായര്‍, സ്മിനു എന്നിവരും വേഷമിടുന്നുണ്ട്. മനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോണ്‍കുട്ടിയാണ് എഡിറ്റര്‍. കുടുംബപ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താത്ത സിനിമ തന്നെയാണ് വാതില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: