ഹാങ്ചോ: ഭാരത പുരുഷ, വനിതാ ടേബില്‍ ടെന്നിസ് ടീമുകള്‍ ആധികാരികമായി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഇന്നലെ നടന്ന മത്സരങ്ങളില്‍ പുരുഷ ടീം താജികിസ്ഥാനെ 3-0ന് തകര്‍ത്തു. പിന്നാലെ വനിതാ ടീം നേപ്പാളിനെയും ഇതേ മാര്‍ജിനില്‍ തോല്‍പ്പിച്ചു. ഗോങ്ഷു കനാല്‍ സ്പോര്ടസ് പാര്‍ക് ജിംനേഷ്യത്തിലായിരുന്നു കളികള്‍.
ഭാരത ടേബിള്‍ ടെന്നിസിലെ പുരുഷ താരങ്ങളായ ശരത് കമാലിനും സതിയന്‍ ജ്ഞാനശേഖരനും വെറുതെ ഇരിക്കേണ്ട ആവശ്യമേ വന്നുള്ളൂ. ഹര്‍മീത് ദേശായി, മാനവ് തക്കാര്‍, മനൂഷ് ഷാ എന്നിവര്‍ തങ്ങളുടെ മത്സരങ്ങള്‍ നേടിയെടുത്തതോടെ ഭാരതം മുന്നേറ്റമുറപ്പിച്ചു. മൂവരും ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെ കളികള്‍ പിടിച്ചെടുത്തു. മാനവ് താക്കര്‍ അഫ്സല്ഖോന് മഹ്മുദോവിനെ സ്കോര്‍: 11-8, 11-5, 11-8ന് തോല്‍പ്പിച്ചുകൊണ്ട് വിജയത്തിന് തുടക്കമിട്ടു. രണ്ടാം മത്സരത്തിനിറങ്ങിയ മനൂഷ് ഷാ സ്കോര്‍: 13-11, 11-7, 11-5ന് മറികടന്നത് ഉബയ്ദുല്ലോ സുല്ോനോവിനെയാണ്. അടുത്ത മത്സരം ഭാരതം പ്രീക്വാര്‍ട്ടര്‍ മുന്നേറ്റം ഉറപ്പിക്കുന്ന കളിയായിരുന്നു. ഹര്‍മീത് ദേശായിയുടെ അത്യുഗ്രന്‍ വിജയമായിരുന്നു. ഇബ്രോഖിം ഇസ്മോയില്സോദയെ 11-1, 11-3, 11-5ന് തോല്‍പ്പിച്ചു.
നേപ്പാളിനെ തോല്‍പ്പിച്ച വനിതാ ടീമുകള്‍ക്കായി കളത്തിലിറങ്ങേണ്ടിവന്നത് ദിവ്യ ചിറ്റാലെ, അയ്ഹിക, സുതീര്‍ഥ മുഖര്‍ജി എന്നിവര്‍ക്ക് മാത്രമാണ്. മണിക ബത്രയ്ക്കും ശ്രീജ അക്യൂലയ്ക്കും ഇറങ്ങേണ്ടിവന്നില്ല. നേപ്പാളിനെതിരായ മത്സരം വെറും 45 മിനിറ്റില്‍ അവസാനിപ്പിക്കാന്‍ ഭാരത വനിതകള്‍ക്ക് സാധിച്ചു. നേപ്പാളിനെതിരായ മത്സരത്തില്‍ ദിയ ചിറ്റാലെ ആദ്യ കളിയില്‍ സിക്ക ശ്രേഷ്ടയെ തകര്‍ത്തുവിട്ടു. സ്കോര്‍: 11-1, 11-6, 11-8. പിന്നാലെ അയ്ഹിക മുഖര്‍ജി അതിനേക്കാള്‍ ഉജ്ജ്വല വിജയത്തോടെ ഭാരതത്തിന്റെ ലീഡ് ഇരട്ടിപ്പിച്ചു. നബിത ശ്രേഷ്ടയെ ആണ് അയ്ഹിക കീഴടക്കിയത്. നിര്‍ണായകമായ മൂന്നാം മത്സരത്തിനായി ഇറങ്ങിയ സുതീര്‍ത്ഥ മുഖര്‍ജി ഇവാന ഥാപ്പയെ ദയനീയമായി പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഭദ്രമാക്കി. സ്കോര്‍: 11-1, 11-5, 11-2.
ടേബിള്‍ ടെന്നിസില്‍ പ്രീക്വാര്‍ട്ടറും ക്വാര്‍ട്ടറും ഇന്നുതന്നെ നടക്കും. രാവിലെ 7.30നാണ് മത്സരസമയം. ഭാരത പുരുഷ ടീം കസാഖ്സ്ഥാനെയാണ് നേരിടുക. വനിതാ ടീമിന്റെ പ്രീക്വാര്‍ട്ടര്‍ എതിരാളികള്‍ തായ്ലാന്ഡ് ആണ്. ജയം നേടിയാല്‍ ഇന്നു തന്നെ ക്വാര്‍ട്ടറും കളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: