തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശിതരൂര്‍ ചരടുവലി തുടങ്ങി. ഇതോടെ കോണ്‍ഗ്രസില്‍ അസ്വസ്ഥതയും. തിരുവനന്തപുരത്തു തന്നെ മത്സരിക്കുമെന്ന് ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് തരൂര്‍ പറഞ്ഞത് കേരളത്തിലെ നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.
ഹൈക്കമാന്‍ഡിനോട് ഇടയുകയും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് മത്സരിക്കുകയും ചെയ്ത തരൂരിനോട് ഇപ്പോള്‍ ഹൈക്കമാന്‍ഡിന് വലിയ താല്പര്യവുമില്ല. ഇക്കാര്യം ഉയര്‍ത്തി നിലവില്‍ തിരുവനന്തപുരം എംപിയായ തരൂരിനെ ഒഴിവാക്കിയെടുക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അടക്കമുള്ളവര്‍ ആലോചിക്കുമ്പോഴാണ്, പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മത്സരിക്കുമെന്നും മണ്ഡലം ആര്‍ക്കെങ്കിലും വിട്ടുനല്കാമെന്നാണ് നേരത്തെ കരുതിയിരുന്നതെന്നും കേന്ദ്രത്തില്‍ ഭരണമാറ്റം വേണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്നും തരൂര്‍ പറഞ്ഞത്. തരൂരാണ് എംപിയെങ്കിലും തലസ്ഥാനം ലക്ഷ്യമിട്ട് പലരും കുപ്പായം തയ്‌പ്പിച്ചിരുന്നു.
അതിനിടെ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കരുത് എന്ന് പറഞ്ഞ് സിപിഐ രംഗത്തെത്തി.
സിപിഐ നിര്‍വാഹക സമിതിയില്‍ രാജ്യസഭ എംപി പി സന്തോഷ് കുമാറാണ് ഈ അഭിപ്രായം പങ്ക് വെച്ചത്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഐഎന്‍ഡിഐഎ സഖ്യത്തിന്റെ കൂട്ടായ മുന്നോട്ട് പോക്കിനെ ബാധിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ നേതാക്കള്‍ വയനാട്ടില്‍ രാഹുലിനോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടതിനേയും സന്തോഷ് കുമാര്‍ വിമര്‍ശിച്ചു. അതേസമയം സിപിഐയുടെ അഭിപ്രായം കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരന്‍ തള്ളി. സിപിഐ നടത്തിയത് മര്യാദയില്ലാത്ത പരാമര്‍ശമാണെന്ന് സുധാകരന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി കേരളത്തില്‍ തന്നെ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യമെന്നും ഇക്കാര്യം താന്‍ എഐസിസിയുമായി സംസാരിച്ചിട്ടുണ്ട് എന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി എവിടെ മത്സരിക്കണമെന്ന് കോണ്‍ഗ്രസ ആണ് തീരുമാനിക്കേണ്ടത് എന്നും സിപിഐയുടെ നിര്‍ദേശം തള്ളിക്കൊണ്ട് സുധാകരന്‍ വ്യക്തമാക്കി. നേരത്തെ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും സമാന നിലപാട് മുന്നോട്ട് വെച്ചിരുന്നു.
സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികളെയും പരിഗണിക്കണമെന്നായിരുന്നു രാജ പറഞ്ഞിരുന്നത്. ബി ജെ പിയെ തോല്‍പിക്കുക എന്നതാണ് ആദ്യ ലക്ഷ്യം. കോണ്‍ഗ്രസ് ഇക്കാര്യം സീറ്റ് വിഭജനത്തില്‍ അടക്കം പരിഗണിക്കുമെന്നാണ് കരുതുന്നത് എന്നായിരുന്നു രാജ പറഞ്ഞിരുന്നത്. എന്നാല്‍ രാഹുല്‍ വയനാട്ടില്‍ തന്നെ മത്സരിക്കാനാണ് സാധ്യത കൂടുതല്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഇത് സംബന്ധിച്ച സൂചന നല്‍കിയിരുന്നു. എന്തായാലും ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് ഐഎന്‍ഡിഐഎയ്‌ക്ക് വരുന്ന ഇലക്ഷനോടെ അന്ത്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: