തൃശൂര്‍: കരുവന്നൂരിലെ പാര്‍ട്ടി വീഴ്ചയ്ക്ക് സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ നേതാക്കള്‍ക്ക് എം.വി. ഗോവിന്ദന്റെ രൂക്ഷവിമര്‍ശനം. മുതിര്‍ന്ന നേതാക്കള്‍ക്കുണ്ടായ വീഴ്ചയാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് യോഗത്തില്‍ പറഞ്ഞു.
കരുവന്നൂര്‍ വിഷയത്തില്‍ പാര്‍ട്ടി പ്രതിസന്ധി നേരിടുകയാണ്. പാര്‍ട്ടിയെയും നേതാക്കളെയും ഒറ്റുകൊടുക്കുന്ന നിലപാട് ആരും സ്വീകരിക്കരുതെന്നും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഗോവിന്ദന് നിര്‍ദേശിച്ചു. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ മുതിര്‍ന്ന നേതാക്കളില്‍ നിന്നുണ്ടായ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കിടയാക്കിയത്. കരുവന്നൂരിലുണ്ടായത് ഗുരുതരമായ വീഴ്ചയാണ്. വേണ്ടരീതിയില്‍ പ്രശ്നത്തെ കൈകാര്യം ചെയ്തില്ലെന്ന് മാത്രമല്ല, സാഹചര്യത്തിനനുസരിച്ച് പരിഹാരത്തിനും ശ്രമമുണ്ടായില്ല. കരുവന്നൂരിന് പിന്നാലെ മറ്റ് ബാങ്കുകളുടെയടക്കം പ്രവര്‍ത്തനങ്ങളില്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളിലും സെക്രട്ടേറിയേറ്റംഗങ്ങളില്‍ നിന്നും ഗോവിന്ദന് വിശദാംശങ്ങള്‍ തേടി. കരുവന്നൂര്‍ കേസ് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ജില്ലാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. രൂക്ഷമായ ഭാഷയിലാണ് കരുവന്നൂരിലെ തട്ടിപ്പിന് കൂട്ടുനിന്നവര്‍ക്കെതിരേ ഉയര്‍ന്ന വിമര്‍ശനം.
എ.സി. മൊയ്തീനെതിരേയുള്ള അന്വേഷണത്തെ തത്കാലം ഒറ്റക്കെട്ടായി പ്രതിരോധിച്ചില്ലെങ്കില്‍ വലിയ തിരിച്ചടി പാര്‍ട്ടിക്ക് ജില്ലയിലുണ്ടാകുമെന്നു യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് ക്ഷീണമുണ്ടാകും. അതിനാല്‍ തര്‍ക്കങ്ങള്‍ മാറ്റിവച്ച് ഒന്നിച്ചു മുന്നോട്ടുപോകണമെന്ന് ഗോവിന്ദന് നേതാക്കള്‍ക്ക് നിര്‍ദേശം നല്കി. ജില്ലയില്‍ വിഭാഗീയത വീണ്ടും ശക്തമായിട്ടുണ്ടെന്നും നിലവില്‍ അച്ചടക്കനടപടികളിലേക്ക് കടന്നാല്‍ കരുവന്നൂരിനേക്കാള്‍ വലിയ ക്ഷീണമാകുമെന്നും പകരം ശാസനയിലൊതുക്കാമെന്ന നിര്‍ദ്ദേശം യോഗത്തിലുയര്‍ന്നു.
വിഭാഗീയതയില്‍ നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പ് ഗോവിന്ദന് യോഗത്തില്‍ നേതാക്കളെ അറിയിച്ചു. വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് പദവിയില്‍ നിന്നും നീക്കിയ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖന് പകരം പുതിയ ആളുടെ നിയമനമടക്കമുള്ള വിഷയങ്ങള്‍ അടുത്ത കമ്മിറ്റിയില്‍ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: