ബംഗളുരു: കര്‍ണാടകയിലെ മാണ്ഡ്യയിലും മധൂരിലും കര്‍ഷക കൂട്ടായ്മകള്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണം. തമിഴ്നാടിന് കാവേരി നദീജലം കര്‍ണാടകം വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്. ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് അസോസിയേഷന്, സ്വകാര്യ -പൊതുഗതാഗത ഏജന്‍സികള്‍, വിദ്യാര്‍ത്ഥി യൂണിയനുകള്‍, കന്നഡ അനുകൂല പ്രവര്‍ത്തകര്‍, സാമൂഹിക സംഘടനകള്‍ എന്നിവ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗളൂരു- മൈസൂരു അതിവേഗ പാതയില്‍ നടന്ന പ്രതിഷേധം വാഹന ഗതാഗതത്തെ ബാധിച്ചു. മാണ്ഡ്യയിലെ പീറ്റ് സ്ട്രീറ്റ്, വി വി റോഡ്, ടി പി റോഡ്, എം സി റോഡ് എന്നിവിടങ്ങള്‍ വിജനമാണ്. കടകള്‍ അടഞ്ഞു കിടന്നു.
പെട്രോള്‍ ബങ്കുകള്‍, സിനിമാ ശാലകള്‍, സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുന്നു. കാവേരി നദീജലം വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിച്ച് പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നു
സമരത്തിന് പിന്തുണയുമായി ബിജെപി പ്രവര്‍ത്തകര്‍ ബംഗളൂരുവിലെ മൈസൂരു ബാങ്ക് സര്‍ക്കിളിലും മാണ്ഡ്യയിലും പ്രതിഷേധ പ്രകടനം നടത്തി. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന തമിഴ്നാട് ബസുകള്‍ക്ക് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: