വാരാണസി: ഉത്തര്‍പ്രദേശിലെ തന്റെ പാര്‍ലമെന്റ് മണ്ഡലമായ വാരാണസിയില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിട്ടു. മൂന്ന് വ്യത്യസ്ത പരിപാടികളിലായി 1500 കോടി രൂപയിലധികം മൂല്യമുള്ള വികസന പദ്ധതികള്‍ മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്യുന്നുണ്ട്.
വാരണാസിയിലെ ഗഞ്ജരി മേഖലയിലാണ് ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. മുപ്പത് ഏക്കറിലധികം സ്ഥലത്ത് ഏകദേശം 450 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം വികസിപ്പിക്കുന്നത്.
വാരാണസിയിലെ സ്ത്രീകളുമായുള്ള ആശയവിനിമയ പരിപാടിയിലും പ്രധാനമന്ത്രി ഇന്ന് പങ്കടുക്കുന്നുണ്ട്. നാരിന്‍ശക്തി വന്ദന്‍ അഭിനന്ദന് കാര്യക്രം’ എന്ന പരിപാടിയില്‍ 5000 ത്തോളം സ്ത്രീകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വനിതാ സംവരണ ബില്‍ കൊണ്ടുവന്നതിന് പ്രധാനമന്ത്രിക്ക് ഈ സ്ത്രീകള്‍ നന്ദി പറയും.
പ്രധാനമന്ത്രി പിന്നീട് രുദ്രാക്ഷ് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ എത്തുകയും കാശി സന്‍സദ് സംസ്കൃത് മഹോത്സവ് 2023 ന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്യും. പരിപാടിയില്‍ ഉത്തര്‍പ്രദേശിലുടനീളം നിര്‍മ്മിച്ച 16 അടല്‍ അവാസിയ വിദ്യാലയങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ഗുണനിലവാരമുള്ള വിദ്യാഭ്യാസവും സമഗ്ര സഹായവും ലക്ഷ്യമിട്ട് ഉത്തര്‍പ്രദേശില്‍ ഉടനീളം ഏകദേശം 1115 കോടി രൂപ ചെലവില്‍ പതിനാറ് അടല്‍ അവാസിയ വിദ്യാലയങ്ങളാണ് നിര്‍മ്മിച്ചിട്ടുളളത്. കൊവിഡ്-19 മൂലം മരിച്ചവരുടെയും തൊഴിലാളികളുടെയും അനാഥരുടെയും മക്കള്‍ക്ക് വേണ്ടിയുളളതാണ് സ്കൂള്‍. ഓരോ സ്കൂളും 10-15 ഏക്കര്‍ സ്ഥലത്താണ് നിര്‍മ്മിച്ചത്. ക്ലാസ് മുറികള്‍, മൈതാനങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, മിനി ഓഡിറ്റോറിയം, ഹോസ്റ്റല്‍ കോംപ്ലക്സ്, ഭക്ഷണശാല, ജീവനക്കാര്‍ക്കുള്ള റസിഡന്‍ഷ്യല്‍ ഫ്ലാറ്റുകള്‍ എന്നിവ സഹിതമാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ഓരോന്നിലും 1,000 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊളളാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: