മധുര: തമിഴ്നാട്ടില്‍ വിഗ്രഹ നിര്‍മാണശാലകള്‍ അടച്ചുപൂട്ടിയ നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതി. ഗണേശ ചതുര്‍ത്ഥിയുടെ ഭാഗമായി ഗണേശ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടാക്കാട്ടിയാണ് സംസ്ഥാനത്ത് വിഗ്രഹ നിര്‍മാണശാലകള്‍ അടച്ചുപൂട്ടുകയും വിഗ്രഹങ്ങളുടെ വില്പന തടയുകയും ചെയ്തത്. ഇതിനെതിരെ പാളയംകോട്ടയില്‍ വിഗ്രഹ നിര്‍മാണം നടത്തുന്ന രാജസ്ഥാന്‍ സ്വദേശി പ്രകാശ് നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
നിമജ്ജനം തടയുന്നത് ന്യായമായ നിയന്ത്രണമാണ്. എന്നാല്‍ വില്പന തടയുന്നത് ഹരജിക്കാരന്റെ മൗലികാവകാശത്തിന്റെ ലംഘനത്തിന് കാരണമാകും. നിര്‍മിച്ച വിഗ്രഹങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് ഹരജിക്കാരനെ തടയരുത്, ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ ബെഞ്ചിന്റെയാണ് ഉത്തരവ്.
ഗണേശ ചതുര്‍ത്ഥിക്കായി നിരവധി ഗണേശ വിഗ്രഹങ്ങള്‍ ഉണ്ടാക്കിയിരുന്നു. അനുവദനീയമായ അളവില്‍ മാത്രമേ പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ചിട്ടുള്ളൂവെന്നും വിഗ്രഹങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് പോലീസ് തടയുകയായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. വലിയ തുക കടം വാങ്ങിയാണ് നിര്‍മാണം തുടങ്ങിയത്. വിഗ്രഹങ്ങള്‍ വില്‍ക്കാന്‍ കഴിയാതെ വന്നാല്‍ സാമ്പത്തികമായി തകരുമെന്നും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വി. രാമസുബ്ബു ഹൈക്കോടതിയെ ബോധിപ്പിച്ചു.
എന്നാല്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിച്ചാണ് വിഗ്രഹങ്ങള്‍ വില്കുന്നതില്‍ നിന്ന് ഹര്‍ജിക്കാരനെ തടഞ്ഞതെന്ന് അധികൃതര്‍ കോടതിയെ അറിയിച്ചു. വിഗ്രഹങ്ങള്‍ പരിസ്ഥിതി സൗഹൃദമാണെങ്കില്‍, അവ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യാം, അത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും തടയാന്‍ കഴിയില്ല. പോലീസോ അധികാരികളോ എന്തെങ്കിലും തരത്തില്‍ പ്രവര്‍ത്തിച്ച് കച്ചവടത്തിന് നഷ്ടം ഉണ്ടായാല്‍ നഷ്ടപരിഹാരം നല്കാന്‍ ബാധ്യസ്ഥരാണെന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക