കൊല്ലം: വടക്കേവിള സര്‍വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ പേരില്‍ കോടികളുടെ വായ്‌പത്തട്ടിപ്പ്. തട്ടിപ്പിനിരയായ നാല്പതോളം പേര്‍ അസി. രജിസ്ട്രാര്‍ക്കും സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്കി. സിപിഐയും സിപിഎമ്മും ചേര്‍ന്നു ഭരിക്കുന്ന ബാങ്കിന്റെ പ്രസിഡന്റ് സിപിഐക്കാരനാണ്.
അംഗങ്ങളുടെ പേരില്‍ ബാങ്കില്‍ അംഗത്വമില്ലാത്തവരുടെ ഭൂമി ഈടുവച്ച് ഭൂമിവിലയുടെ 10 മുതല്‍ 20 ഇരട്ടി വരെ തുക ബാങ്കില്‍ നിന്ന് വായ്‌പയെടുത്തായിരുന്നു തട്ടിപ്പ്. 15 മുതല്‍ 30 ലക്ഷം രൂപ വരെ തിരിച്ചടയ്‌ക്കാനുള്ള നോട്ടീസാണ് ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്നത്. നോട്ടീസ് വന്നപ്പോഴാണ് തങ്ങളുടെ പേരില്‍ വായ്‌പയെടുത്തത് അംഗങ്ങള്‍ അറിയുന്നത്. ചില ബാങ്ക് ഉദ്യോഗസ്ഥരുടെയും ബോര്‍ഡ് അംഗങ്ങളുടെയും സഹായത്തോടെയാണ് അഴിമതി.
ബാങ്ക് ഉദ്യോഗസ്ഥര്‍ അംഗങ്ങളെ സമീപിച്ച്, ബാങ്ക് പരിധിക്കു പുറത്തുള്ളവര്‍ക്ക് വായ്‌പയെടുക്കാന്‍ ഒപ്പിടണമെന്നും കൃത്യമായി വായ്‌പ തിരിച്ചടയ്‌ക്കുമെന്നും ഇല്ലെങ്കില്‍ അവരുടെ വസ്തു ജപ്തി ചെയ്‌തോളുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.
ഉദ്യോഗസ്ഥരെ വിശ്വസിച്ച് ഒപ്പിട്ടു കൊടുത്തവര്‍ക്ക് ഇപ്പോള്‍ ലക്ഷങ്ങളുടെ ബാധ്യതയാണ്. ജാമ്യക്കാരെന്നു വിശ്വസിപ്പിച്ചാണ് ഫോമുകളില്‍ ഒപ്പിടീച്ചത്. എന്നാല്‍, ഒപ്പിട്ടവരുടെ പേരിലാണ് വായ്‌പയെടുത്തിരിക്കുന്നത്.
വായ്‌പാ ഫോമുകളില്‍ ഒപ്പിടുമ്പോള്‍ത്തന്നെ പണം പിന്‍വലിക്കാനും അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനുമുള്ള ഫോമുകള്‍ കൂടി ഉദ്യോഗസ്ഥര്‍ ഒപ്പിട്ടു വാങ്ങിയിരുന്നു. അതിനാല്‍ അക്കൗണ്ടിലെത്തുകയും പിന്‍വലിക്കുകയും ചെയ്ത ഭീമമായ തുകയെപ്പറ്റി ഇരകളായവര്‍ അറിഞ്ഞില്ല. സെന്റിന് ഒരു ലക്ഷം രൂപ പോലുമില്ലാത്ത രണ്ടര സെന്റ് വസ്തുവിന് 20 ലക്ഷം രൂപയാണ് വായ്‌പ നല്കിയിരിക്കുന്നത്. വസ്തു കാണാതെയും മൂല്യനിര്‍ണയം നടത്താതെയുമായിരുന്നു വായ്‌പയനുവദിച്ചത്.
ജപ്തി നോട്ടീസ് വന്നപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന് ഇരകളായവര്‍ അറിയുന്നത്. നോട്ടീസുമായി ബാങ്കിനെ സമീപിച്ചപ്പോള്‍ ഒതുക്കിത്തീര്‍ക്കാനായിരുന്നു ബാങ്ക് അധികൃതരുടെ ശ്രമം. എന്നാല്‍ തുടര്‍ച്ചയായി ജപ്തി നോട്ടീസ് വന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി എല്ലാവരും അറിഞ്ഞു.
കുണ്ടറ പടപ്പക്കരയിൽ സെന്റിന് 17,000 രൂപ പോലുമില്ലാത്ത 60 സെന്റ് വസ്തു ആറു സെന്റ് വീതം 10 പേരുടെ പേരില്‍ എഴുതിക്കൊടുത്തു, ഓരോ പ്രമാണവും ഈടുവച്ച് 15 ലക്ഷത്തിലധികം വായ്‌പ നല്കി. ബാങ്കിലെ അംഗങ്ങളെ പ്രലോഭിപ്പിച്ചാണ്, വസ്തു എഴുതിച്ചത്. ലോണ്‍ അടച്ചു തീരുമ്പോള്‍, വസ്തു ആരുടെ പേര്‍ക്കാണോ എഴുതിയത് അവര്‍ക്കു ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. വായ്‌പ തിരിച്ചടച്ചില്ലെങ്കില്‍ വസ്തു ജപ്തിയായിക്കൊള്ളുമെന്നും അതിനാല്‍ പേടിക്കേണ്ടെന്നും വിശ്വസിപ്പിച്ചു.
പണം മുടക്കാതെ വസ്തു ലഭിക്കുമെന്ന വിശ്വാസത്തില്‍ ഒപ്പിട്ടു കൊടുത്തവരെല്ലാം ഇപ്പോള്‍ ഭീമമായ വായ്‌പക്കുടിശ്ശികയുള്ളവരായി. ഈടുവച്ച വസ്തു ജപ്തി ചെയ്താല്‍ അടയ്‌ക്കാനുള്ള തുകയുടെ 10 ശതമാനം പോലും ബാങ്കിനു ലഭിക്കില്ല. അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കിളികൊല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ഹരീഷ് തെക്കേടം സിറ്റി പോലീസ് കമ്മിഷണര്‍ക്കു പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: