ചൈനയിലെ സാമ്പത്തിക മാന്ദ്യം ലോകത്തിനുള്ള അപായമണിയാണ്. എന്നാല്‍ അതേസമയം അയലത്തെ ജനസംഖ്യ ഊര്‍ജസ്രോതസായ രാജ്യത്തിന്റെ വളര്‍ച്ച നമുക്കാശ്വാസം പകരുന്നു. 2023 രണ്ടാം പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.8 ശതമാനമാണ് വളര്‍ന്നത്. ജലസാന്നിധ്യമുള്ള ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ബഹിരാകാശ പേടകം ആദ്യമിറക്കി അവര്‍ സുപ്രധാനമായ ഒരു നാഴികക്കല്ലും പിന്നിട്ടിരിക്കുന്നു. എന്നാല്‍ ചൈനയില്‍ നിന്ന് വ്യത്യസ്തമായി, അടിച്ചേല്‍പ്പിക്കുന്ന വിദേശനയം വഴിയോ ഇതര രാജ്യങ്ങളുടെ ഭൂമിയോടുള്ള സ്വാദോ അല്ല ഭാരതത്തിന്റെ വളര്‍ച്ചയ്‌ക്ക് കാരണം.
ഭാരതത്തിന്റെ ഭൗമരാഷ്‌ട്രീയ, സാമ്പത്തിക, സാംസ്‌ക്കാരിക സ്വാധീനം വളരുകയാണ്. അതുപോലെ ആഗോളതലത്തില്‍ അവരുടെ മുദ്രകളും( കാല്പ്പാട്). ചിലര്‍ വിളിക്കാന്‍ തുടങ്ങിയതുപോലെ, ചൈനയുടെ നാലു പതിറ്റാണ്ട് നീണ്ട സാമ്പത്തിക കുതിപ്പിന്റെ പതനം, ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്കും, വികസ്വര രാജ്യങ്ങള്‍ക്കും പുതിയ അവസരങ്ങള്‍ തുറക്കുകയാണ്. 300 വര്‍ഷത്തിലേറെ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിരുന്ന ചൈനയെ മറികടന്ന് ഈ വര്‍ഷം ആദ്യം ഭാരതം ആ നാഴികക്കല്ലും പിന്നിട്ടു. ചൈനയുടെ ചുരുങ്ങുന്ന, അതിവേഗം വൃദ്ധര്‍ മാത്രമാകുന്ന ജനസംഖ്യ അവരുടെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് തടസമാകാം. അവരുടെ ഭൗമരാഷ്‌ട്രീയ മോഹങ്ങളെ വെട്ടിക്കുറച്ചേക്കാം. ശരാശരി പ്രായം 28.2 മാത്രമായ, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഭാരതം ഈ ജനസംഖ്യയുടെ സദ്ഫലം കൊയ്യാന്‍ ഒരുങ്ങുകയാണ്.
അതിവേഗമുള്ള സാമ്പത്തിക വളര്‍ച്ച
എന്നാല്‍ ഒരു ആഗോള ശക്തിയായുള്ള ഭാരതത്തിന്റെ കടന്നുവരവിന് കാരണം അവരുടെ അതിവേഗമുള്ള സാമ്പത്തിക വളര്‍ച്ച തന്നെയാണ്. ഭാരതത്തിന്റെ ജിഡിപി(സാമ്പത്തിക വളര്‍ച്ച) ചൈനയുടേതിനേക്കാള്‍ ചെറുതാണെങ്കിലും ഭാരതമാണ് ഇന്ന് ലോകത്ത് ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥ. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 12.9 ശതമാനം ഭാരതത്തിന്റെ സംഭാവനയായിരിക്കും. അമേരിക്കയുടെ സംഭാവനയായ 11.3 ശതമാനത്തെ മറികടന്നാകുമിത്.
വര്‍ദ്ധിക്കുന്ന ഉപഭോഗത്തിനുപുറമേ, ഭാരതത്തിലെ ചെറുപ്പക്കാരാണ് രാജ്യത്തിന്റെ കണ്ടെത്തലുകളെ(ഇന്നവേഷന്‍)നയിക്കുന്നതെന്ന് ലോക നിലവാരമുള്ള വിവര സമ്പദ് വ്യവസ്ഥയില്‍ നിന്നും ചന്ദ്രയാനില്‍ നിന്നും വ്യക്തം. അമേരിക്ക ശൂന്യാകാശ ദൗത്യങ്ങള്‍ക്ക് ചെലവഴിക്കുന്നതിന്റെ വെറും ആറു ശതമാനം മാത്രമാണ്, ഭാരതത്തിന്റെ സ്‌പേസ് ബജറ്റ്. മുന്‍ കോളനി വാഴ്ചക്കാരായ ബ്രിട്ടനെ മറികടന്ന ഭാരതത്തിന്റെ മൊത്തം ആഭ്യന്തര ഉല്പ്പാദനം(ജിഡിപി അഥവാ സാമ്പത്തിക വളര്‍ച്ച) ജപ്പാനെയും ജര്‍മ്മനിയേയും മറികടന്ന് 2030 ഓടെ അമേരിക്കയ്‌ക്കും ചൈനയ്‌ക്കും പിന്നില്‍ മൂന്നാമത്തെ ലോക സമ്പത്തിക ശക്തിയാകാന്‍ കുതിക്കുകയാണ്.
മറ്റൊരു രാജ്യവും ചെയ്യാത്ത രീതിയില്‍ ചൈനയെ വെല്ലുവിളിച്ചു
കൂടുതല്‍ അസ്ഥിരമായ അയല്‍ക്കാര്‍ ഉള്ളതിനാല്‍, ലോകത്തെ മൂന്നാമത്തെ പ്രതിരോധബജറ്റാണ് ഭാരതത്തിനുള്ളതെന്നതില്‍ അത്ഭുതമില്ല. ചൈനയും പാകിസ്ഥാനും തമ്മിലുള്ള തന്ത്രപരമായ സഖ്യം വികസിക്കുമ്പോള്‍, സാമ്രാജ്യവികസന മോഹമുള്ള ആണവശക്തികളായ രണ്ടു രാജ്യങ്ങള്‍ക്കടുത്തുള്ള ഭാരതത്തിന്റെ വല്ലാത്ത അവസ്ഥ മനസിലാക്കാം. മൂന്നു വര്‍ഷമായി ഭാരതം ചൈനയുമായി സൈനിക സംഘര്‍ഷത്തിലുമാണ്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഏറ്റവും മോശമായ അവസ്ഥയിലുമാണ്.
സമ്പൂര്‍ണ്ണ യുദ്ധസാധ്യതയുണ്ടായിട്ടും ഈ നൂറ്റാണ്ടില്‍ മറ്റൊരു രാജ്യവും ചെയ്യാത്തതു പോലെയാണ്, ചൈനീസ് അധീശ ശക്തിയെ ഭാരതം വെല്ലുവിളിച്ചത്. പാശ്ചാത്യ രാജ്യങ്ങളുമായി അടുത്ത ബന്ധമുണ്ടെങ്കിലും അവരുടെ സൈനിക സഖ്യത്തില്‍ ഭാരതം ചേര്‍ന്നിട്ടുമില്ല. ഭാരതവും ചൈനയും തമ്മിലുള്ള ഭൗമരാഷ്‌ട്രീയ ശത്രുത തെക്കന്‍ രാജ്യങ്ങളെ ഒന്നിപ്പിക്കാനും ജി 20, ജി 7 എന്നിവയ്‌ക്ക് ബദലായി ബ്രിക്‌സിനെ മാറ്റിയെടുക്കാനുമുള്ള ശ്രമങ്ങള്‍ക്ക് തടസമാകും. ചൈനയുടെ സാമ്പത്തിക മാന്ദ്യം അതിര്‍ത്തി വികസിപ്പിക്കാനുള്ള സീ ജിന്‍പിങ്ങിന്റെ മോഹം ഇരട്ടിയാക്കാം. തകരുന്ന ചൈനീസ് സമ്പദ് വ്യവസ്ഥയെ മിടിക്കുന്ന ടൈം ബോംബ് എന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വിശേഷിപ്പിച്ചത്. ചീത്തയാള്‍ക്കാര്‍ക്ക് പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അവര്‍ ചീത്തക്കാര്യങ്ങള്‍ ചെയ്യും. ഇന്ത്യ, മലേഷ്യ, ഫിലിപ്പൈന്‍സ്,വിയറ്റ്‌നാം, തെയ്‌വാന്‍ ഭൂട്ടാന്‍, റഷ്യഎന്നീ രാജ്യങ്ങളുടെ ഭാഗങ്ങള്‍ തങ്ങളുടേതാക്കി ചിത്രീകരിച്ച ചൈനീസ് ഭൂപടം ചൈന കൂടുതല്‍ അക്രമ സ്വഭാവം പ്രകടിപ്പിക്കുന്നതിന്റെയും അവരുയര്‍ത്തുന്ന ഭീഷണിയുടെയും തെളിവാണ്. ഇവ ഭാരതത്തിന് പുറത്തു നിന്നുള്ള വെല്ലുവിളികളാണ്.
ആഭ്യന്തരമായ വെല്ലുവിളികളുമുണ്ട്.
മോദിയുടെ വലിയ ചുവടുവയ്‌പ്പുകള്‍
കാലപ്പഴക്കം ചെന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥ വൃന്ദത്തെ(ബ്യൂറോക്രസി)നവീകരിച്ചും, ഇ ഗവേണന്‍സ് വഴി ചുവപ്പു നാടയഴിച്ചും, വിദേശ നിക്ഷേപം ആകര്‍ഷിച്ചും, പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ ചുവടുകളാണ് വച്ചത്. അടിസ്ഥാന സൗകര്യം വികസിപ്പിക്കാനും നവീകരിക്കാനും ഭരണപരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കാനും മെയ്ക് ഇന്‍ ഇന്ത്യ വഴി ആഭ്യന്തര ഉല്പ്പാദനം വര്‍ദ്ധിപ്പിക്കാനും മോദി സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. മനുഷ്യരെന്ന മൂലധനത്തില്‍, പ്രത്യേകിച്ച്, വിദ്യാഭ്യാസം, പരിശീലനം എന്നിവയില്‍, വലിയ നിക്ഷേപം നടത്തുക കൂടി ചെയ്താല്‍ ഭാരതം ആഗോള ഉല്പ്പാദന കേന്ദ്രമാകും.
ഭാരതത്തിന്റെ വലിപ്പവും വൈവിധ്യവും വലിയ വെല്ലുവിളിയാണ്. ഒരിക്കലും നിലയ്‌ക്കാത്ത തെരഞ്ഞെടുപ്പ് പ്രക്രീയ ഭിന്നതയും ധ്രുവീകരണവും വര്‍ദ്ധിപ്പിക്കും. യുഎസ് മാതൃകയില്‍ ധ്രുവീകരിച്ച രാഷ്‌ട്രീയമാണ് ഭാരതത്തിലെങ്കിലും രാജ്യത്തിന്റെ ജനാധിപത്യ ചട്ടക്കൂട് സ്ഥിരതയുടെ തൂണാണ്. തുറന്ന അഭിപ്രായ സ്വാതന്ത്ര്യം, ചര്‍ച്ചകള്‍ എന്നിവ വളര്‍ത്തി, അതു വഴി, ഭാരതത്തിലെ രാഷ്‌ട്രീയ സംവിധാനം, താഴെത്തട്ടിലുള്ള സമൂഹങ്ങളെയും വ്യക്തികളെയും വരെ ശാക്തീകരിച്ചിട്ടുണ്ട്. അതിന്റെ ഫലമായി, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന വിഭാഗങ്ങളും ജാതികളും നയരൂപീകരണത്തിന്റെ ഉന്നതതലങ്ങളില്‍ വരെ എത്തിയിട്ടുണ്ട്.
രാഷ്‌ട്രീയ സ്ഥിരത നിലനിര്‍ത്തുകയും ത്വരിത ഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുകയും ആഭ്യന്തരവും വൈദേശികവുമായ സുരക്ഷാ വെല്ലുവിളികളെ നേരിടുകയും ഭാവിയിലേക്ക് നോക്കിയുള്ള വിദേശ നയം രൂപീകരിക്കുകയും ചെയ്താല്‍ ഭാരതത്തിന് മുന്നോട്ടുള്ള കുതിപ്പ് നിലനിര്‍ത്താന്‍ കഴിയും. വിജയം ഇന്ത്യയുടെ ആഗോളതലത്തിലുള്ള സ്ഥാനവും വര്‍ദ്ധിപ്പിക്കും.
(തയ്യാറാക്കിയത്: അനില്‍ജി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: