ആലത്തൂര്‍: കതിര് വന്ന നെല്‍പ്പാടങ്ങളില്‍ മുഞ്ഞബാധ രൂക്ഷം. കൃഷിഭവന് വിള ആരോഗ്യകേന്ദ്രം കുമ്പളക്കോട് പാടശേഖരത്തില്‍ നടത്തിയ സര്‍വെയിലാണ് രൂക്ഷമായ മുഞ്ഞബാധ കണ്ടെത്തിയത്.
ഇളം പ്രായത്തിലുള്ളതും വലുതുമായ നിരവധി മുഞ്ഞകള്‍ ചെടിയുടെ തണ്ടില്‍ കൂട്ടം കൂടിയിരുന്നു നീരൂറ്റികുടിക്കുകയും തണ്ടും ഇലകളും ആദ്യം ഓറഞ്ചു കലര്‍ന്ന മഞ്ഞനിറത്തില്‍ ആകുകയും പിന്നീട് കരിഞ്ഞുണങ്ങുകയും ചെയ്യും. ആദ്യം ഒരു ഭാഗത്തായിരിക്കും ആക്രമണം കാണപ്പെടുക, പിന്നീട് അത് വട്ടത്തില്‍ മറ്റുള്ള ഭാഗങ്ങളില്‍ കൂടി വ്യാപിക്കുന്നു. ചെടികള്‍ തട്ടിനോക്കിയാല്‍ തന്നെ മുഞ്ഞകള്‍ പറക്കുന്നതായി കാണാം. കതിരുവന്ന പാടങ്ങളെ മുഞ്ഞകള്‍ ആക്രമിച്ചാല്‍ വിളവ് തീരെ ലഭിക്കുകയില്ല.
പെരുകാനുള്ള കാരണം:
കതിര് വന്ന പാടങ്ങളില്‍ ഇപ്പോഴത്തെ മഴയും മൂടിക്കെട്ടിയ കാലാവസ്ഥയും മുഞ്ഞകള്‍ പെരുകാന്‍ അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു. മാത്രമല്ല നെല്പടങ്ങളില് കിങ്, കരാട്ടെ, ഫെല്വാള്, കുങ്ഫു തുടങ്ങിയ മാരകമായ വിഷമുള്ള പൈറിത്രോയിഡ് വിഭാഗത്തില്‍പ്പെട്ട കീടനാശിനികള്‍ നെല്‍പ്പാടത്തെ മിത്രപ്രാണികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും അനുകൂലമായ കാലാവസ്ഥയില്‍ മുഞ്ഞകള്‍ പെരുകാന്‍ കാരണം ആവുകയും ചെയ്യും. ഒരിടത്തു കാണപ്പെട്ടാല്‍ ദൂരെയുള്ള പ്രദേശങ്ങളിലേക്ക് പറക്കാന്‍ കഴിവുള്ള കീടങ്ങള്‍ ആണ് മുഞ്ഞകള്‍. അതിനാല്‍ ശുപാര്‍ശ ഇല്ലാത്ത മാരക കീടനാശിനികളുടെ പ്രയോഗം നെല്‍പ്പാടത്തു നിന്നും ഒഴിവാക്കേണ്ടത് വളരെ അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: