അഡ്വ. ലിഷ ജയനാരായണന്‍
കാലം തെറ്റി പെയ്യുന്ന
കാലവര്‍ഷപെയ്‌ത്ത്..
ഇടയ്‌ക്കൊക്കെ സമുദ്രം തന്നെ
സ്വയമാവാഹിച്ച ലോകമഴ..
ഒരുവേള ചിങ്ങം തന്നെ
എന്നോര്‍ത്തു ഒന്നു നേര്‍ത്തു
ചന്നം പിന്നം പെയ്‌ത്ത്…
മറ്റൊരിക്കല്‍ ആര്‍ത്തലച്ച്..
ചിലപ്പോള്‍ ഏങ്ങിയേങ്ങി..
നീണ്ട മുടിയഴിച്ചിട്ടു കലമ്പി
ഇടയില്‍ നേര്‍ത്ത മഴനൂലുകള്‍
നേര്‍ത്ത നീണ്ട മഴ വിരലുകള്‍
നിനച്ചിരിക്കാതെ വീണ്ടും
ആര്‍ത്തലച്ചു വന്നു
നനച്ചു കുളിര്‍ന്നു കുളിര്‍ന്നു
പകര്‍ന്ന അതേ ജ്വരച്ചൂട്..
പൊടിയരിക്കഞ്ഞി
തിളയ്‌ക്കുന്ന അതെയീണം..
ചുട്ട പപ്പടം കുമിളയ്‌ക്കുമ്പോള്‍
ഉയരുന്ന അതേ മണം…
അതിവേഗത്തില്‍ ഓടിയിട്ടും
ലക്ഷ്യം ഭേദിക്കാനാവാതെ
കിതച്ച ഘടികാരസൂചിയുടെ
ഇന്നത്തെ ഈ നിശ്ചല ഭംഗി..
പ്രപഞ്ചമൊന്നാകെ നിശ്ചലം..
സൂര്യഗോളങ്ങളും നിശ്ചലം?
ഒരൊറ്റ പനിയില്‍ സുഖദമാം
പകല്‍നിദ്ര പകരും
അതേ കിടക്ക പതുപതുപ്പ്..
ഏതു ജ്വരച്ചൂടിലും ഉപധാനമായി
നിന്റെ കരവലയ കവചം..
രാവേറെ ചെന്നിട്ടും ദൂരെയേതോ
കുഴല്‍വിളിക്കൊപ്പം ഈണമിട്ടു
പാടുന്ന കാതിലെ തേന്‍ മഴകള്‍.
രംഗപടം മടക്കാറാകുമ്പോള്‍
ആവേശം പൂണ്ട കോമാളി പോല്‍
തിമിര്‍ത്തു നീണ്ടു ഒരൊറ്റ പെയ്ത്..
നിനച്ചിരിക്കാതെ പെയ്ത
മഴത്തുള്ളികളൊക്കെയും
മുറ്റമൊക്കെയും അരുവിയും
നിരത്തുകള്‍ തടാകങ്ങളുമാക്കി
ഒഴുകിപ്പരന്നു കിടന്നു..അന്നത്തെ
പോലെ ഇടക്കിടെ ഓളം വെട്ടി..
ഇല്ലാത്ത കൊള്ളിയാന്റെ പേരില്‍
മിന്നുന്ന മിന്നാമിനുങ്ങിനും
കാലം തെറ്റിയ അതേ ചേല്..
അല്ലേലും പുറത്തു ഇരുട്ടില്‍
മിന്നാം മിനുങ്ങു തെളിഞ്ഞാല്‍
അകത്തു കള്ളനെന്നു പണ്ടേ പഴി.
ആവി പറക്കുന്ന ചൂടു പാറും
കഞ്ഞിക്കിണ്ണത്തിലെ
അതേ വേവ് …ചൂട് പൊന്തും
പനിച്ചവിയര്‍പ്പു നെറ്റി..
ചുട്ട പപ്പടത്തിന്‍ പൊട്ടു പോല്‍
വരണ്ടു വിണ്ട അധരോഷ്ഠങ്ങള്‍..
വിറച്ചു വിറച്ചു പോകുന്ന
അതേ കുളിര്‍ നിലാവുന്മാദങ്ങള്‍..
കയ്പുനിറഞ്ഞു കവിഞ്ഞ
രസ മുകുളങ്ങളിലൊക്കെയും
എത്രയുമൊളിപ്പിച്ചിട്ടും
തികട്ടി തികട്ടി വന്ന
അതേ നിരാസ കൊടുങ്കാറ്റുകള്‍..
കാലം തെറ്റി പെയ്യുന്ന മഴ
ഏറെ തിടുക്കത്തില്‍
തന്നെയാണ് പെയ്‌തൊഴിയുന്നത്
ഏറെ തിടുക്കത്തില്‍
പെയ്തു പെയ്‌തൊഴിഞ്ഞു
ഏത് ജ്വരചൂടിലും
ഇറമ്പിയിരമ്പിയാര്‍ത്തു
ഒടുവില്‍ നിലച്ചു പോകാനല്ലാതെ
ഒരു മഴയ്‌ക്കു കഴിയുമോ
ഒരു തുലാവര്‍ഷപെയ്‌ത്തിനു വേണ്ടി
പെയ്‌തൊഴിയാതിരിക്കാന്‍
കാലം തെറ്റി വന്നതെങ്കിലും
ഈ കാലവര്‍ഷത്തിന്നാകുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക