തൃശൂര്‍: കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ്കുമാറിന് സിപിഎം നേതാക്കളായ ഇ.പി. ജയരാജനും കെ. കെ. ശൈലജയുമായി അടുത്ത ബന്ധമെന്ന് സാക്ഷി മൊഴി. ഇരുവരും തൃശൂരില്‍ എത്തുമ്പോള്‍ സതീഷ്കുമാറിനെ കാണാറുണ്ടായിരുന്നുവെന്നും സതീഷ്കുമാറിന്റെ സന്തത സഹചാരിയായ തൃശൂര്‍ പാടുക്കാട് സ്വദേശി കെ.എ. ജിജോര്‍ ഇ ഡിക്ക് മൊഴി നല്കി.
കരുവന്നൂര്‍ ബാങ്കില്‍ നിന്ന് സതീഷ്കുമാറിന് കോടികളുടെ വായ്പ ലഭിക്കാന്‍ എ.സി. മൊയ്തീനും മറ്റു ചില സിപിഎം നേതാക്കളും ഇടപെട്ടിരുന്നുവെന്നും ജിജോര്‍ മൊഴി നല്കി. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 14 കോടി രൂപ സതീഷ്കുമാറിന് ലഭിച്ചിട്ടുണ്ടെന്നാണ് ജിജോറിന്റെ മൊഴി. ഇതിന് എ.സി. മൊയ്തീന് സഹായം നല്കി.
മറ്റു ചില സിപിഎം നേതാക്കളും സതീഷ്കുമാറിനെ സഹായിച്ചു. പല നേതാക്കളുടെയും പണം സതീഷ്കുമാറിന്റെ കയ്യിലുണ്ട്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ആയിരുന്ന പോലീസ് ഉദ്യോഗസ്ഥനും സതീഷ്കുമാറിനെ സഹായിച്ചിരുന്നു. റിട്ടയര്‍ ചെയ്ത പല പോലീസ് ഉദ്യോഗസ്ഥരും സതീഷ്കുമാറിന്റെ പക്കല്‍ പണം നല്‍കിയിട്ടുണ്ട്. ബ്ളേഡ് പലിശ ഇടപാട് നടത്താനാണിത്.
സിപിഎം പ്രാദേശിക നേതാക്കളായ തൃശൂര്‍ കോര്പറേഷന് കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി.ആര്. അരവിന്ദാക്ഷന് എന്നിവര്‍ സതീഷ് കുമാറിനൊപ്പം പണമിടപാട് നടത്തുന്നവരാണ്. ഇ ഡിക്കു നല്കിയ മൊഴിയിലെ ഈ വിവരങ്ങള്‍ സതീഷ്കുമാര്‍ ഇന്നലെ വാര്‍ത്താ ചാനലുകളോടും പങ്കുവെച്ചു.
എന്നാല്‍ തനിക്ക് ഇയാളെ അറിയില്ലെന്നാണ് ഇ.പി. ജയരാജന്റെ പ്രതികരണം. കെ.കെ. ശൈലജ ഇതുവരെ പ്രതികരിച്ചിട്ടില്ല. മൊയ്തീന് ഉള്‍പ്പെടെയുള്ള പല നേതാക്കളുടെയും ബിനാമിയാണ് സതീഷ്കുമാര്‍ എന്ന് ഇ ഡി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ ഡി ഫയല്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് സതീഷ്കുമാര്‍. കഴിഞ്ഞദിവസം സതീഷ് കുമാറിന്റെ അയ്യന്തോള്‍ സഹ. ബാങ്കിലെ അക്കൗണ്ടുകളും മരവിപ്പിച്ചു.
ജിജോറിനെ എട്ടു തവണയാണ് ഇ ഡി ചോദ്യം ചെയ്തത്. കേസില്‍ ഇയാളെ സാക്ഷിയാക്കാനാണ് ഇ ഡിയുടെ നീക്കം. സതീഷ്കുമാറിനെ സഹായിക്കുക വഴി എ.സി. മൊയ്തീന് സാമ്പത്തിക നേട്ടമുണ്ടാക്കി എന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ മൊയ്തീനും കേസില്‍ പ്രതിയാകാന്‍ സാധ്യതയേറി. 19 ന് വീണ്ടും ഹാജരാകാന്‍ ആണ് മൊയ്തീനോട് ഇ ഡി നിര്‍ദേശിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: