തിരുവനന്തപുരം: സര്‍ക്കാര്‍ നികുതി വെട്ടിപ്പിന് കൂട്ടുനില്‍ക്കുന്നത് മാസപ്പടി വാങ്ങാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. വന്‍കിട വ്യവസായികളില്‍ നിന്നും പ്രത്യുപകാരമായി ഭരണ, പ്രതിപക്ഷ നേതാക്കള്‍ മാസപ്പടി വാങ്ങി നികുതി വെട്ടിപ്പ് നടത്തുകയാണെന്നും നികുതി പിരിച്ചെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന സിഎജി റിപ്പോര്‍ട്ട് ബിജെപിയുടെ ആരോപണങ്ങള്‍ ശരിവെക്കുന്നതാണെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
വിവിധ വകുപ്പുകള്‍ പിരിച്ചെടുക്കാനുള്ള തുക 22,258 കോടിയായി വര്‍ധിച്ചെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യവസായികള്‍ ഭരണ-പ്രതിപക്ഷത്തെ നേതാക്കള്‍ക്ക് മാസപ്പടി കൊടുക്കുന്നതിന്റെ ഉദാഹരണമാണ് സിഎജി റിപ്പോര്‍ട്ട്.
എന്നാല്‍ ഇതെല്ലാം മൂടിവെച്ച് കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുകയാണ് സംസ്ഥാന ധനമന്ത്രി. ഭൂനികുതി, കെട്ടിടനികുതി, ഇന്ധനനികുതി തുടങ്ങി ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാത്തിനും
നികുതി കൂട്ടി പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നവര്‍ നികുതിവെട്ടിപ്പുകാര്‍ക്ക് ചൂട്ടുപിടിക്കുകയാണ്. ഇത്രയും വലിയ ജനവിരുദ്ധ ഭരണം കേരളം കണ്ടിട്ടില്ല. എല്ലാ നികുതികളും വര്‍ധിപ്പിച്ചിട്ടും കേരളത്തിന്റെ നികുതി വരുമാനം താഴോട്ട് പോവുന്നത് സര്‍ക്കാരിന്റെ ഈ ഒത്തുകളി കാരണമാണ്. പിരിച്ചെടുക്കാനുള്ള തുക സംസ്ഥാനത്തിന്റെ വാര്‍ഷിക വരുമാനത്തിന്റെ കാല്‍ഭാഗത്തോളം വരുമെന്നത് കേരളത്തിന്റെ സാമ്പത്തിക
പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണം വിളിച്ചു പറയുന്നതാണ്.
കേന്ദ്രസര്‍ക്കാരിന്റെ സഹായം കൊണ്ട് മാത്രമാണ് കേരളം ഇപ്പോഴും പിടിച്ചു നില്‍ക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നല്കിയതിനേക്കാള് അഞ്ചിരട്ടി അധികം തുകയാണ് മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കുന്നത്. എന്നാല്‍ തങ്ങളുടെ അഴിമതിയും കഴിവില്ലായ്മയും മറച്ചുവെക്കാന്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രത്തെ പഴിചാരുകയാണ്. കുടിശിക പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: