ഗവര്‍ണര്‍
പി.പി. മുകുന്ദന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുശോചിച്ചു. ഭാരതീയ മൂല്യങ്ങളിലുള്ള അടിയുറച്ച വിശ്വാസം അദ്ദേഹത്തിന്റെ നേതൃത്വശൈലിയുടെ സവിശേഷതയായിരുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു. ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി
ബിജെപിയുടെ മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ സംഘപരിവാര്‍ രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുസ്മരിച്ചു.
സ്പീക്കര്‍
ബിജെപി നേതാവ് പി.പി. മുകുന്ദന്റെ നിര്യാണത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അനുശോചനം രേഖപ്പെടുത്തി.
വി.ഡി. സതീശന്
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അനുശോചിച്ചു. കേരളത്തിലെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച പി.പി. മുകുന്ദന് സംഘടനയ്ക്കുള്ളിലെ തിരുത്തലുകള്‍ക്ക് വേണ്ടി വാദിച്ച നേതാവായിരുന്നു.
എ.കെ. ശശീന്ദ്രന്
വനംവന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന് അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയത്തിന് അതീതമായി സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിലെ സൗമ്യനായ പൊതുപ്രവര്‍ത്തകനെയാണ് നഷ്ടമായിരിക്കുന്നത്.
രമേശ് ചെന്നിത്തല
വ്യത്യസ്ഥ ആശയ സംഹിതകളില്‍ വിശ്വസിച്ച് പ്രവര്‍ത്തിക്കുമ്പോഴും എതിര്പാര്ട്ടികളില്പ്പെട്ടവരുമായി സൗഹാര്‍ദ്ദം കാത്തു സൂക്ഷിച്ചയാളായിരുന്നു പി.പി. മുകന്ദനെന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ബിഎംഎസ്
കേരളത്തിലെ സംഘപ്രസ്ഥാനങ്ങളുടെ തലയെടുപ്പുള്ള നേതാവായിരുന്നു പി.പി. മുകുന്ദനെന്ന് ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് അനുസ്മരിച്ചു. കേരളത്തില്‍ ബിഎംഎസ് അടക്കമുളള സംഘടനകളുടെ പ്രവര്‍ത്തനത്തിന് ശക്തമായ പിന്തുണ നല്കിയിട്ടുളള വ്യക്തിയാണ്. പകരം വയ്ക്കാനില്ലാത്ത നേതാവായിരുന്നു മുകുന്ദനെന്നും അദേഹം പറഞ്ഞു.
ഫെറ്റോ
കേരളത്തിലെ സംഘപ്രസ്ഥാനങ്ങള്‍ക്ക് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന ധിഷണാശാലിയായ നേതാവായിരുന്നു പി.പി. മുകുന്ദനെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍. സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, സംഘ ആശയം ഉള്‍ക്കൊള്ളുന്ന എല്ലാ പ്രസ്ഥാനങ്ങള്‍ക്കും കരുത്തും ഊര്‍ജ്ജവും നല്കിയ നേതാവായിരുന്നു അദ്ദേഹം.
ശിവസേന
ശിവസേന സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ധിഷണാശാലിയായ നേതാവായിരുന്നു പി.പി. മുകുന്ദനെന്ന് ശിവസേന സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍ അനുസ്മരിച്ചു. പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയില്‍ കേരളത്തില്‍ ഹിന്ദുത്വ രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിന് അദ്ദേഹം നല്കിയ സംഭാവന അവിസ്മരണീയമാണ്. ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി മാതൃകയാക്കാന്‍ കഴിയണമെന്നും ഹരികുമാര്‍ പറഞ്ഞു.
പ്രൊഫ. കെ.വി. തോമസ്
രാഷ്ട്രീയത്തിനപ്പുറം വ്യക്തിപരമായ ബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു പി.പി. മുകുന്ദനെന്ന് മുന്‍ കേന്ദ്രമന്ത്രി പ്രൊഫ.കെ.വി. തോമസ്. താന്‍ പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തില്‍നിന്ന് അണുവിട വ്യതിചലിക്കാത്ത നേതാവായിരുന്നു അദ്ദേഹം. ബിജെപി അധികാരത്തില്‍ വരില്ലെന്നു പ്രതീക്ഷിച്ചിരുന്ന കാലഘട്ടത്തില്‍ പോലും സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഠിനാധ്വാനം ചെയ്തു. ആത്മബന്ധം അതിരുകളില്ലാതെ സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു മുകുന്ദന്.
പി.സി. ചാക്കോ
കേരള രാഷ്ട്രീയത്തില്‍ മറക്കാന്‍ കഴിയാത്ത വ്യക്തിത്വമാണ് പി.പി. മുകന്ദനെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ. രാഷ്ട്രീയത്തിന് അതീതമായിരുന്നു അദേഹത്തിന്റെ സുഹൃദ് ബന്ധം. എന്നാല്‍ പ്രത്യയശാസ്ത്രത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല. സുദീര്‍ഘമായ ബന്ധമായിരുന്നു അദേഹവുമായി ഉണ്ടായിരുന്നത്.
പി.കെ. കുഞ്ഞാലിക്കുട്ടി
പി.പി. മുകുന്ദന് കേരളത്തിലെ പൊതു സമൂഹത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. വ്യക്തിപരമായി ദീര്‍ഘകാല ബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു. 1990 കളിലും അതിനുശേഷവും കേരളത്തിലുണ്ടായ പൊതു പ്രശ്നങ്ങളിലൊക്കെ ഇടപെട്ട് വളരെ നല്ല സമീപനം എടുത്തിരുന്ന രാഷ്ട്രീയ നേതാവാണ്. മാറാട് പ്രശ്നം ഉണ്ടായപ്പോള്‍ അദ്ദേഹം വഴി അവിടത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസാരിച്ചിരുന്നു. വ്യക്തിപരമായി തന്നെ വളരെ സ്നേഹവും അടുപ്പവും ഉണ്ടായിരുന്നു.
രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഒരു പൊതു പ്രവര്‍ത്തകനും നേതാവും എന്ന നിലയില്‍ വളരെ നല്ല സമീപനം എടുക്കുന്ന വ്യക്തിയായിരുന്നു എന്നുള്ളത് പറയാതിരിക്കാനാകില്ല. എന്റെ കുടുംബത്തിലൊക്കെ വരികയും സമയം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. പൊതു പ്രശ്നങ്ങളിലൊക്കെ ഇടപെട്ട് സമൂഹത്തെ ഗുണകരമായി കൊണ്ടുപോകുന്നതിന് വളരെ സംഭവാന ചെയ്ത വ്യക്തിയാണ്. ബിജെപിയുടെ നേതാവ് എന്നതിനപ്പുറം അദ്ദേഹത്തിന് സമൂഹത്തിലെ നല്ല കാര്യങ്ങളില്‍ വലിയ പ്രാധാന്യം ഉണ്ടായിരുന്നു.
പി.കെ. കൃഷ്ണദാസ്
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദര്‍ശദീപം നെഞ്ചിലേറ്റി രാജനൈതിക രംഗത്ത് പുത്തന്‍ വഴിവെട്ടി തെളിയിച്ച കരുത്തുറ്റ സംഘാടകനായിരുന്നു പി.പി. മുകുന്ദനെന്ന് ബിജെപി ദേശീയനിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്. സംഘത്തിന്റെ പ്രചാരകനായി മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച പി.പി. മുകുന്ദന് 91ല്‍ ബിജെപിയുടെ സംഘടന സെക്രട്ടറിയായത് മുതല്‍ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ നിര്‍ണായ ശക്തിയായി മാറി. ആദര്‍ശബോധവും സംഘടനാബോധവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുത്ത് സംഘടനയുടെ രണ്ടാംനിര കരുപ്പിടിപ്പിക്കാന്‍ ഏറെ ശ്രദ്ധേയമായ സംഭാവന പി.പി. മുകുന്ദന് നല്കി. രാഷ്ട്രീയത്തില്‍ ശത്രുക്കളില്ലെന്നും പ്രതിയോഗികള്‍ മാത്രമാണെന്നും നിലപാട് സ്വീകരിച്ച പി.പി. മുകുന്ദന് ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ നേതാക്കളുമായി ആഴത്തിലുള്ള ബന്ധങ്ങള്‍ സൂക്ഷിച്ചു. ജീവിതം സംഘടനയ്ക്കും സമാജത്തിനും സമര്‍പ്പിച്ച പി.പി. മുകുന്ദന്റെ ജീവിതം പുതുതലമുറ രാഷ്ട്രീയ നേതാക്കള്‍ക്ക് മാതൃകയാണ്.
കൃഷ്ണകുമാര്‍. ജി
എല്ലാവരുമായും സ്നേഹബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു പി.പി. മുകുന്ദനെന്ന് നടന് കൃഷ്ണ കുമാര്‍ ജി. എണ്‍പതുകളുടെ തുടക്കത്തില്‍ തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ താമസിക്കുന്ന കാലത്ത്, നിര്‍മാതാവ് സുരേഷ് കുമാറിന്റെ വീട്ടില്‍ വച്ചാണ് ആദ്യമായി മുകുന്ദേട്ടനെ കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് മലയന്‍ സ്റ്റോര്‍ സ്വാമികള്‍ എന്നറിയപ്പെടുന്ന സഹോദരങ്ങള്‍ക്കൊപ്പം പുളിമൂട് ശാഖയില്‍ വച്ചും കാണുവാനിടയായി. കാലങ്ങള്‍ കഴിഞ്ഞിട്ടും ഫോണിലൂടെയും തിരുവനന്തപുരത്തു വരുമ്പോള്‍ ജഗതിയിലെ ഫഌറ്റില്‍ പോയി കണ്ടും ആ സ്നേഹബന്ധം തുടര്‍ന്നു.
ജി. സ്ഥാണുമാലയന്‍
വിഎച്ച്പി ദേശീയ ജോ.സെക്രട്ടറി
1982-83ല്‍ ആര്‍എസ്എസ്സിന്റെ ഉത്തരവാദിത്തം വഹിച്ചകാലത്താണ് മുകുന്ദേട്ടനുമായുളള ബന്ധം ആരംഭിച്ചത്. കന്യാകുമാരി ജില്ലയിലായിരുന്നു എന്റെ പ്രവര്‍ത്തന മേഖലയെങ്കിലും ആഴ്ചയില്‍ രണ്ടും മൂന്നും തവണ തിരുവന്തപുരത്ത് ആര്‍എസ്എസ് കാര്യാലയത്തില്‍ പോയിരുന്നു. നിലയ്ക്കല്‍ പ്രക്ഷോഭകാലമായിരുന്നു അത്. പ്രക്ഷോഭത്തെക്കുറിച്ചും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ കേരളത്തിലുടനീളം അക്രമമുണ്ടായതിനെക്കുറിച്ചുമൊക്കെ മുകുന്ദേട്ടന് വിശദമായി സംസാരിച്ചത് ഓര്‍ക്കുന്നു.
എന്റെ വീട്ടില്‍ വന്നിട്ടുണ്ട്, അമ്മയോട് വലിയ സ്നേഹമായിരുന്നു. എല്ലാവരോടും ഒരുപോലെ സനേഹത്തോടെ, ഒരു വേര്‍തിരിവുമില്ലാതെയാണ് അദ്ദേഹം ബന്ധം പുലര്‍ത്തിയിരുന്നത്. കുറച്ച് വര്‍ഷങ്ങളില്‍ സ്ഥിരമായി കാണാന്‍ സാധിച്ചില്ലെങ്കിലും പലപ്പോഴും ഫോണില്‍ സംസാരിച്ചിരുന്നു. കേരളത്തിലെ സംഘപ്രവര്ത്തത്തിന് അടിത്തറയുണ്ടാക്കിയതില്‍ മുകുന്ദേട്ടന്റെ പങ്ക് വലുതാണ്.
ബിജെപി കുടുംബത്തിന് നികത്താനാവാത്തനഷ്ടം
ജെ.പി.നദ്ദ
പി.പി.മുകുന്ദന്റെ വിയോഗം ബിജെപി കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണ്. മികച്ച സംഘടനാ വൈദഗ്ധ്യമുള്ള അദ്ദേഹം കേരളത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തുന്നതിന് വലിയ സംഭാവനകള്‍ നല്കി. ദുഃഖത്തിന്റെ ഈ വേളയില്‍ കുടുംബാംഗങ്ങളെ ആത്മാര്‍ത്ഥമായി അനുശോചനം അറിയിക്കുന്നു.
വിശ്വാസവും സ്നേഹവും ആര്‍ജ്ജിച്ച നേതാവ്
എസ്.സേതുമാധവന്
നേതൃഗുണവും പ്രവര്‍ത്തകരുടെ വിശ്വാസവും സ്നേഹവും ആര്‍ജ്ജിച്ച നേതാവായിരുന്നു പി.പി മുകുന്ദന്. സംഘ കുടുംബത്തില്‍ ജനിച്ച് സ്കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ ആര്‍എസ്എസ് പ്രവര്‍ത്തകനായി. ഒരുമിച്ച് പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ നേതൃഗുണം മനസിലാക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
‘1966 മുതല്‍ 2007 വരെ സംഘത്തിന്റെ പ്രചാരകനായി ഏകദേശം 40 വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. 1965-ല്‍ ആയിരുന്നു ആദ്യമായി കാണുകയും പരിചയപ്പെടുകയും ചെയ്തത്. കാലടിയില്‍ നടന്ന സംഘ ശിക്ഷാ വര്‍ഗില്‍ ശിക്ഷാര്ത്ഥിയായിട്ട് അദ്ദേഹം വന്നിരുന്നു. അന്നാണ് മുകുന്ദനെ ആദ്യമായി പരിചയപ്പെടുന്നത്. അതുകഴിഞ്ഞ് 1966-ല്‍ അദ്ദേഹം പ്രചാരകനായി, 1967-ലാണ് ചെങ്ങന്നൂര്‍ താലൂക്ക് പ്രചാരകനായി മുകുന്ദന് പ്രചാരകനായി ആരംഭിക്കുന്നത്. അന്ന് മുതല്‍ 2007 വരെ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു.
അദ്ദേഹം പ്രവര്‍ത്തിച്ച എല്ലാ ഇടങ്ങളിലും അദ്ദേഹത്തിന്റെ നേതൃത്വ ഗുണം, എല്ലാവരുമായും ബന്ധം സ്ഥാപിക്കാനുള്ള വിശേഷഗുണവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. വളരെ വ്യക്തിപരമായ സ്നേഹ ബന്ധം ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നു. അസാമാന്യമായ നേതൃത്വ ഗുണം, വെല്ലുവിളികളെ നേരിടാനുള്ള ധൈര്യവും കക്ഷിഭേദമന്യേ എല്ലാവരുമായി സൗഹൃദം സ്ഥാപിക്കാനുളള വിശേഷഗുണങ്ങളുള്ള ഒരു വ്യക്തിത്വമായിരുന്നു.
നിലപാടില്‍ കാര്‍ക്കശ്യം, സ്വഭാവത്തില്‍ സൗമ്യത
വി. മുരളീധരന്
പി.പി.മുകുന്ദന്റെ വിയോഗം വ്യക്തിപരമായും സംഘടനപരമായും വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നത്. കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുള്ള നേതാവിനെയാണ് നഷ്ടമായത്. നിലപാടില്‍ കാര്‍ക്കശ്യവും സ്വഭാവത്തില്‍ സൗമ്യതയും ചേര്‍ത്തുവച്ച പൊതുപ്രവര്ത്തകന് ആയിരുന്നു അദ്ദേഹം. എതിരാളികള്‍ രാഷ്ട്രീയ ശത്രുക്കളല്ല, രാഷ്ട്രീയ പ്രതിയോഗികളാണെന്ന് എന്ന് ഓര്‍മിപ്പിച്ചിട്ടുള്ള പി.പി. മുകുന്ദന് പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമാണ്.
പ്രതിസന്ധികളില്‍ പതറാത്ത സംഘാടകന്‍
കുമ്മനം രാജശേഖരന്
അരനൂറ്റാണ്ടിലേറെക്കാലമായി പൊതുജീവിതത്തിന്റെ വ്യത്യസ്ത മണ്ഡലങ്ങളില്‍ നിസ്വാര്‍ത്ഥവും പ്രശംസനീയവുമായ സേവനസന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ മങ്ങാത്ത സ്ഥാനം നേടിയ മഹത് വ്യക്തിത്വമാണ് പി.പി മുകുന്ദന്. മികച്ച സംഘാടകന്‍ എന്ന അംഗീകാരം എതിര്‍ക്കുന്നവര്‍ പോലും അദ്ദേഹത്തിന് നല്‍കിയിരുന്നു. സ്നേഹവും സൗഹൃദവും ഏവര്‍ക്കും പകര്‍ന്നു. പ്രതിസന്ധികള്‍ക്കുമുന്നില്‍ പതറിയില്ല. വിമര്‍ശനങ്ങളെ പുഞ്ചിരിയോടെ നേരിട്ടു.
1987ല്‍ ഗുരുവായൂര്‍ പ്രക്ഷോഭ കാലത്ത് കണ്‍വീനര്‍മാരായി പ്രവര്‍ത്തിച്ച ഞങ്ങള്‍ കേരള വ്യാപകമായി നടത്തിയ യാത്രകളും പ്രസംഗങ്ങളും ഇപ്പോഴും ഓര്‍ക്കുന്നു. വിഭാഗ് പ്രചാരക്, പ്രാന്ത സമ്പര്‍ക്ക പ്രമുഖ്, ബിജെപി ഓര്‍ഗനൈസിംഗ് സെക്രട്ടറി തുടങ്ങിയ ഉത്തരവാദിത്ത സ്ഥാനങ്ങളില്‍ ഇരുന്നപ്പോഴെല്ലാം അദ്ദേഹം പ്രകടിപ്പിച്ച സംഘാടനാപാടവം എന്നെപ്പോലുള്ള ഒട്ടേറെപ്പേര്‍ക്ക് പ്രചോദനമായിരുന്നു. ഒരിക്കലും മരിക്കാത്ത ഒട്ടേറെ ഓര്‍മ്മകള്‍ ഇനിയും ബാക്കി നില്ക്കുന്നു. സമ്പര്‍ക്കം വഴി വ്യക്തി ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാനും അത് എക്കാലവും നിലനിര്‍ത്താനും അദ്ദേഹം കാട്ടിയ കാര്‍ക്കശ്യം വരും തലമുറക്ക് ഒരു മാതൃക തന്നെയായിരുന്നു.
സമര്‍ത്ഥനായ സംഘാടകന്‍
ഒ.രാജഗോപാല്‍
സംഘടനാ കാര്യങ്ങള്‍ സത്യസന്ധമായും ഫലവത്തായും ചെയ്തുതീര്‍ക്കുന്നതിന് കാര്യശേഷിയും നേതൃശേഷിയും ഉള്ള സമര്‍ത്ഥനായ സംഘാടകനായിരുന്നു പി.പി.മുകുന്ദന്. പ്രചാരകനായിരുന്ന അദ്ദേഹത്തെ പാര്‍ട്ടി ആവശ്യപ്പെട്ടതിനാലാണ് ബിജെപിയിലേക്ക് ആര്‍എസ്എസ് നിയോഗിച്ചത്. ഉന്നത നിലയിലുള്ള ആള്‍ക്കാരുമായും നേതാക്കളുമായുമുള്ള ബന്ധം അദ്ദേഹം പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഉപയോഗിച്ചു. പി.പി.മുകുന്ദന്റെ വരവ് ബിജെപിയെ കൂടുതല്‍ സജീവമാക്കി. വാടകകെട്ടിടത്തില് പ്രവര്‍ത്തിച്ചിരുന്ന ബിജെപിക്ക് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം വേണമെന്നത് അദ്ദേഹത്തിന്റെ ആശയമായിരുന്നു. തന്റെ സ്വാധീനവും ബന്ധങ്ങളും ഉപയോഗപ്പെടുത്തിയാണ് അദ്ദേഹം മുന്‍കൈയെടുത്ത് പുതിയ സംസ്ഥാന കാര്യാലയം ഉയരുന്ന സ്ഥലവും അവിടെയുണ്ടായിരുന്ന പഴയ കെട്ടിടവും വാങ്ങിയത്. എല്ലാശ്രേണിയിലുംപ്പെട്ടവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനും അവരെ സജീവമാക്കി നിലനിര്‍ത്താനും പി.പി.മുകുന്ദന് സവിശേഷമായ കഴിവുണ്ടായിരുന്നു.
ഏതാനും നാളുകള്‍ക്കു മുമ്പ് നിംസ് ആശുപത്രിയിലെ ചികിത്സയ്ക്കിടയില്‍ സന്ദര്‍ശിക്കുമ്പോഴും സ്നേഹത്തോടെയും സന്തോഷത്തോടെയുമാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ മരണം അക്ഷരാര്‍ത്ഥത്തില്‍ ഒരു ആഘാതമാണ്.
രാഷ്ട്രീയത്തിന് അതീതമായ വ്യക്തിബന്ധങ്ങള്‍
മാമ്മന്‍ മാത്യു
ചീഫ് എഡിറ്റര്‍, മലയാള മനോരമ
വിശാല ചിന്താഗതികൊണ്ടും സൗമ്യമായ ഇടപെടല്‍ കൊണ്ടും രാഷ്ട്രീയ ജീവിതത്തിന് അര്‍ഥം നല്കിയ നേതാവായിരുന്നു പി. പി. മുകുന്ദന്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവും സംഘാടനശേഷിയും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പല സംഘര്‍ഷവേളകളിലും സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നല്കിയ നേതൃത്വം എടുത്തു പറയേണ്ടതാണ്. രാഷ്ട്രീയത്തിനപ്പുറത്തുള്ള വ്യക്തിബന്ധങ്ങള്കൊണ്ട് സമ്പന്നമായിരുന്നു ആ ജീവിതം.
സൗമ്യനായ സംഘാടകന്‍
റിച്ചാര്‍ഡ് ഹെ
സ്നേഹം കൊണ്ട് ആര്‍എസ്എസിനെ കേരളത്തില്‍ മികച്ച രീതിയില്‍ വളര്‍ത്തിയ സൗമ്യനായ സംഘാടകനായിരുന്നു പി.പി. മുകുന്ദന്. മൂല്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല. ഒരിക്കല്‍ പരിചയപ്പെട്ടവര്‍ ഒരിക്കലും മറക്കാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു. സംഘടനാ പ്രവര്‍ത്തകരുടെ വ്യക്തിപരമായ പ്രശ്നങ്ങളില്‍ പോലും അദ്ദേഹം വലിയ സഹായിയായിരുന്നു. പി.പി. മുകുന്ദന്റെ വിയോഗം ദേശസ്നേഹികള്‍ക്ക് തീരാനഷ്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: