മലപ്പുറം: മലപ്പുറം ജില്ലാ ഉലമ സമ്മേളന വേദിയില്‍ മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി തങ്ങളും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങളും പരസ്യമായി ഏറ്റുമുട്ടി. സമസ്തയെ ആരും പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്താന്‍ ശ്രമിക്കണ്ടെന്നും ഭിന്നത ഉണ്ടാക്കാന്‍ ആര് വിചാരിച്ചാലും നടക്കില്ലെന്നുമായിരുന്നു ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞത്.
സമസ്ത നേതാക്കളുടെ ഇടതുചായ്വിനെതിരെ മുസ്ലിം ലീഗിന്റെ പിന്തുണയോടെ ഒരു വിഭാഗം നടത്തുന്ന നീക്കത്തെ ഉന്നം വച്ചായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം. ഉദ്ഘാടന പ്രസംഗത്തില്‍ പാണക്കാട് സാദിഖലി തങ്ങളുടെ പരാമര്‍ശങ്ങള്‍ക്കാണ് ജിഫ്രി തങ്ങള്‍ മറുപടി നല്‍കിയത്.
പണ്ഡിതന്മാര് അമാനുഷരല്ലെന്നും പണ്ഡിതന്മാരുടെ വീഴ്ചകളെ സമൂഹം വേദനയോടെയാണ് നോക്കിക്കാണുന്നത് എന്നുമായിരുന്നു ഉദ്ഘാടന പ്രസംഗത്തില്‍ സാദിഖലി തങ്ങള്‍ പറഞ്ഞത്. സമസ്ത നേതാക്കള്‍ ഇടത് സര്‍ക്കാരിന് വഴിപ്പെട്ടെന്നും ഇടതുപക്ഷത്തേക്ക് പോകാനുള്ള ശ്രമമാണ് നടത്തുന്നതെന്ന ആക്ഷേപം സംഘടനക്കുള്ളില്‍ ചില നേതാക്കള്‍ ഉയര്‍ത്തിയിരുന്നു. ജിഫ്രി തങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. ഇതിനുള്ള മറുപടിയായാണ് ലീഗ് അധ്യക്ഷനെ വേദിയില്‍ ഇരുത്തി സമസ്ത അധ്യക്ഷന്‍ ആഞ്ഞടിച്ചത്.
ഇടതുപക്ഷവുമായി അടുക്കാനുള്ള തീരുമാനത്തെ ചൊല്ലിയുള്ള ഭിന്നത രൂക്ഷമാകുന്നതിനിടയിലാണ് കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസു (സിഐസി)മായി ബന്ധപ്പെട്ട ഭിന്നതയും വര്‍ധിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ സമസ്തയുമായുള്ള ഭിന്നിപ്പ് രാഷ്ട്രീയ തിരിച്ചടിയാകുമോയെന്ന ഭയത്തിലാണ് മുസ്ലിം ലീഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: