ന്യൂദല്‍ഹി: സനാതന ധർമ്മവുമായി ബന്ധപ്പെട്ട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) മേധാവി മൗലാന ബദറുദ്ദീൻ അജ്മൽ . “ആരുടെ മതത്തെപ്പറ്റിയും മറ്റൊരാള്‍ എന്തെങ്കിലും പറയുന്നത് വളരെ തെറ്റാണ് . ഓരോ വ്യക്തിയും മറ്റുള്ളവരുടെ മതത്തെ ബഹുമാനിക്കേണ്ടതുണ്ട്.”- ബദറുദ്ദീന്‍ അജ്മൽ പറയുന്നു. തമിഴ്നാട്ടിലെ ഡിഎംകെ മന്ത്രിയായ ഉദയനിധി സ്റ്റാലിന്‍ സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രസ്താവനയോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോഴായിരുന്നു ബദറുദ്ദീന്‍ അജ്മലിന്റെ ഈ പ്രതികരണം.
”നോക്കൂ, ഇത് വളരെ മോശമായ കാര്യമാണ്. ആരും മറ്റൊരു മതത്തിന്മേൽ എന്ത് ചെയ്താലും, ഈ ഞാൻ ചെയ്താലും അത് മോശമാണ്, അത് തെറ്റാണ്, എല്ലാവരും മറ്റൊരാളുടെ മതത്തെ ബഹുമാനിക്കുകയും ആദരിക്കുകയും വേണം. ഇത്തരത്തിലുള്ള പ്രസ്താവനകൾ ഞങ്ങൾ മോശമായി കണക്കാക്കുകയും നിരസിക്കുകയും ചെയ്യുന്നു.“ – ബദറുദ്ദീൻ അജ്മൽ വ്യക്തമാക്കി. അസമിലെ പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളില്‍ ഒന്നാണ് എഐയുഡിഎഫ്. അസം നിയമസഭയില്‍ ബിജെപിയും കോണ്‍ഗ്രസും കഴിഞ്ഞാല്‍ മൂന്നാമത്തെ വലിയ രാഷ്‌ട്രീയപാര്‍ട്ടിയാണ് എഐയുഡിഎഫ്.
സനാതനധർമ്മം ഡെങ്കിപ്പനി,മലേറിയ എന്നിവയെപ്പോലെയാണെന്നും അതിനെ ഉന്മൂലനം ചെയ്യണമെന്നുമുള്ള തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമുയരുന്നതിനിടയിലാണ് ബദറുദ്ദീന്‍ അജ്മല്‍ അതിനെതിരെ പ്രതികരിച്ചത്. മറ്റൊരു ഡിഎംകെ മന്ത്രിയായ പൊന്മുടി കഴിഞ്ഞ ദിവസം മറ്റൊരു പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യ എന്ന പ്രതിപക്ഷ മുന്നണി രൂപീകരിച്ചത് തന്നെ സനാതനധര്‍മ്മത്തെ ഇല്ലായ്‌മ ചെയ്യാനാണെന്നായിരുന്നു മന്ത്രി പൊന്മുടിയുടെ പ്രതികരണം. ഇതോടെ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ബിജെപി.
ഇതുവരെ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ് ശിവസേനയുടെ ഉദ്ധവ്താക്കറെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും. ഇരുവരും ഇക്കാര്യത്തില്‍ മൗനം വെടിഞ്ഞ് നിലപാട് പറയണമെന്ന ആവശ്യമുയര്‍ത്തിയിരിക്കുകയാണ് ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: