ലിമ: ലോകകപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ അവസാന മിനിറ്റിലെ ഗോളില്‍ ബ്രസീലിന് ജയം.90-ാം മിനിറ്റില്‍ മാര്‍ക്വിഞ്ഞോസ് നേടിയ ഗോളിന്റെ കരുത്തില്‍ ബ്രസീല്‍ എവേ മത്സരത്തില്‍ പെറുവിനെ കീഴടക്കി.
പെറുവിനെതിരെ ബ്രസീലിന് തന്നെയായിരുന്നു നേരിയ മുന്‍തൂക്കം. റോഡ്രിഗോയും നെയ്മറും റാഫീഞ്ഞയും റിച്ചാര്‍ലിസണും അടങ്ങുന്ന ബ്രസീലിയന്‍ താരനിരയെ കനത്ത പ്രതിരോധം ഉയര്‍ത്തി പെറുവിയന്‍ താരങ്ങള്‍ പിടിച്ചുകെട്ടി. പെറു ഗോളിയുടെ മികച്ച പ്രകടനം കൂടിയായതോടെ ബ്രസീല്‍ വിയര്‍ത്തു. ഒരുഘട്ടത്തില്‍ കളി സമനിലയില്‍ കലാശിക്കുമെന്ന് ഉറപ്പിച്ചിരിക്കെയാണ് ബ്രസീലിന്റെ വിജയഗോള്‍ പിറന്നത്. നെയ്മര്‍ തൊടുത്തുവിട്ട കോര്‍ണര്‍ കിക്കില്‍ ബ്രസീലിയന്‍ പ്രതിരോധതാരം മാര്‍ക്വിഞ്ഞോസ് തല വെക്കുകയായിരുന്നു.
രണ്ട് മത്സരങ്ങളില്‍ ആറ് പോയിന്റുള്ള ബ്രസീലാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. ഇത്രയും തന്നെ പോയിന്റുള്ള അര്‍ജന്റീന രണ്ടാമത്. ഗോള്‍ വ്യത്യാസത്തിലാണ് അര്‍ജന്റീന രണ്ടാമതായത്. അടുത്ത മത്സരത്തില്‍ ബ്രസീല്‍ വെനസ്വേലയെ നേരിടും. ഒക്ടോബര്‍ 12നാണ് കളി.
പെറുവിനെതിരെ ബ്രസീലിന്റെ മാര്‍ക്വിഞ്ഞോസ് ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: