ചെന്നൈ: ഫിഡെ ലോക ചെസ്സില്‍ രണ്ടാം സ്ഥാനം നേടിയ പ്രജ്ഞാനന്ദയ്‌ക്ക് പഠിച്ചിറങ്ങിയ സ്കൂള്‍ വക വീരോചിത വണക്കം. രണ്ട് കുതിരകള്‍ വലിക്കുന്ന അലങ്കരിച്ച തേരിലാണ് പ്രജ്ഞാനന്ദയെ സ്കൂളിലേക്ക് കൊണ്ടുപോയത്. ഒപ്പം അമ്മ നാഗലക്ഷ്മിയും ഉണ്ടായിരുന്നു.
എം.വി.എം. വേലമ്മാള്‍ സ്കൂളിലാണ് എല്‍കെജി മുതല്‍ പ്ലസ് ടു വരെ പ്രജ്ഞാനന്ദ പഠിച്ചത്. അവിടെയാണ് പ്രജ്ഞാനന്ദ ചെസില്‍ യാത്ര തുടങ്ങുന്നത്. ചെസ്സില്‍ ഉടനീളം തന്നെ പിന്തുണച്ച സ്കൂള്‍ അധികൃതര്‍ക്ക് പ്രജ്ഞാനന്ദ നന്ദി പറഞ്ഞു. “ഇഷ്ടമുള്ള കാര്യങ്ങളില്‍, അതെന്തായാലും 100 ശതമാനവും നിങ്ങളെ സമര്‍പ്പിക്കുക. തീര്‍ച്ചയായും വിജയം ഉണ്ടാകും”- മറുപടി പ്രസംഗത്തില്‍ പ്രജ്ഞാനന്ദ പറഞ്ഞു. താന്‍ വിശ്വനാഥന്‍ ആനന്ദിനെ ആദ്യമായി കണ്ടുമുട്ടുന്നത് ഈ സ്കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണെന്നും പ്രജ്ഞാനന്ദ പറഞ്ഞു.
ഇതേ സ്കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്ന ചെസ് താരം ഗുകേഷിനും സ്വീകരണം ഉണ്ടായിരുന്നു. ചെസില്‍ തന്റെ വിഗ്രഹം ആനന്ദാണെന്ന് ഗുകേഷ് പറഞ്ഞു.
സ്കൂള്‍ അധികൃതര്‍ പ്രജ്ഞാനന്ദയ്‌ക്കും ഗുകേഷിനും 20 ലക്ഷം വീതം സമ്മാനിച്ചിരുന്നു. പ്രജ്ഞാനന്ദ ഈ മുഴുവന്‍ തുകയും സ്കൂളിന് തന്നെ തിരിച്ചുനല്‍കി. കസാഖ്സ്ഥാനില്‍ നടന്ന ലോക സ്കൂള്‍ ചെസില്‍ സ്വര്‍ണ്ണവും (12 വയസ്സിന് താഴെ) ഓടും(18 വയസ്സിന് താഴെ) നേടിയ വേലമ്മാള്‍ സ്കൂള്‍ ടീമിന് യഥാക്രമം 10ഉം അഞ്ചും ലക്ഷം വീതം പ്രജ്ഞാനന്ദ സമ്മാനിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന കോച്ച് എസ്. വേലവന് മൂന്ന് ലക്ഷം നല്‍കി. 14 വയസ്സിന് താഴെയുള്ളവരുടെ പെണ്‍കുട്ടികളുടെ ഏഷ്യന്‍ ടെന്നീസില്‍ രണ്ടാം സ്ഥാനം നേടിയ വി. ഹരിതശ്രീയ്‌ക്ക് രണ്ട് ലക്ഷവും പ്രജ്ഞാനന്ദ സമ്മാനിച്ചു.
ചെസ്സില്‍ ഇത്രയ്‌ക്ക് പ്രാധാന്യം നല്‍കുന്നതിന് വേലമ്മാള്‍ സ്കൂള്‍ അധികൃതരെ ചടങ്ങില്‍ പങ്കെടുത്ത ചെസ് താരം വിശ്വനാഥന്‍ ആനന്ദ് അഭിനന്ദിച്ചു. പ്രജ്ഞാനന്ദയ്‌ക്കും ഗുകേഷിനും എല്ലാ സഹായങ്ങളും നല്‍കാന്‍ ഒരുക്കമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത സ്പോര്ട്സ് മന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: