കുണ്ടറ: നാടിന് തണലായിരുന്ന അരയാല്‍ മരണത്തിലേക്കു പോകുന്നത് കണ്ടു നില്ക്കാന് കഴിയാത്ത പ്രകൃതി സ്നേഹികള്‍ അരയാലിനെ രക്ഷിക്കാനായി ഒരുമിച്ചുകൂടി. നാട്ടുകാരില്‍ പലര്‍ക്കും അത്ഭുതമായി മാറിയ വൃക്ഷായുര്‍വേദ ചികിത്സയ്ക്ക് ഇന്നലെ കൊല്ലം കുണ്ടറ കുഴിയംതെക്ക് ഭാഗം സാക്ഷ്യം വഹിച്ചു.
കരയോഗം ജങ്ഷനിലാണ് കൂറ്റന്‍ ആല്‍മരം നില്‍ക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി ഈ ആല്മരത്തിന് ജീവന് നഷ്ടമാകാന്‍ തുടങ്ങുന്നത് പ്രകൃതിസ്നേഹികളുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. കേരളത്തിലെ നൂറ്റി എണ്‍പതില്‍ പരം വൃക്ഷങ്ങള്‍ക്ക് പുതുജീവന്‍ നല്കി മരങ്ങളുടെ കാവലാളായി മാറിയ കോട്ടയം വാഴൂര്‍ സ്വദേശിയായ അധ്യാപകന് ബിനുവിലേക്കാണ് ഇവരുടെ അന്വേഷണം എത്തിച്ചേര്‍ന്നത്.
നൂറു ശതമാനം ഉറപ്പോടെ ഈ ആലിന്റെ ചികിത്സയും അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. ചികിത്സയ്ക്ക് ആവശ്യമായ 50000രൂപ തുക സംഘാടകസമിതി രൂപീകരിച്ച് സമാഹരിച്ചു. ജ്യോത്സ്യവിധി പ്രകാരം ഇന്നലെ ചികിത്സ ആരംഭിച്ചു.
രാവിലെ നടന്ന വൃക്ഷപൂജയ്ക്ക് ശേഷം ചികിത്സകള്‍ തുടങ്ങി. പതിനഞ്ചോളം വരുന്ന ആയുര്‍വേദമരുന്നുകളുടെ സമ്മിശ്രക്കൂട്ടുണ്ടാക്കി അത് മരത്തിന് ചുറ്റും തേച്ച് തുണി ചുറ്റിക്കെട്ടിയായിരുന്നു ചികിത്സ. നൂറുകണക്കിന് നാട്ടുകാരും പ്രകൃതി സ്നേഹികളും സന്നിഹിതരായിരുന്നു.
ബിനുവിനോടൊപ്പം എത്തിയ ഗോപകുമാര്‍ കങ്ങഴ, വിജയകുമാര്‍ ഇത്തിത്താനം, സുധീഷ് എന്നിവരും അധ്യാപകരാണ്. സ്വന്തം ജോലിയോടൊപ്പം പ്രകൃതിയെ സ്നേഹിക്കുന്ന ഇവരുടെ കരസ്പര്‍ശം ഏറ്റ വൃക്ഷങ്ങള്‍ പുനര്‍ജീവന്‍ നേടി.
രണ്ടു മാസം കഴിയുന്നതോടെ ഈ ആലിനും ഇല കിളിര്‍ത്തു തുടങ്ങുമെന്നും ആറു മാസത്തോടെ അത് പൂര്‍ണമാവുകയും ചെയ്യുമെന്നും അതിനു ശേഷം പൂര്‍ണ്ണമായും ഉണങ്ങിയ മരച്ചില്ലകള്‍ മുറിച്ചു മാറ്റുകയും വേണമെന്നും ബിനു പറഞ്ഞു. മരങ്ങളുടെ ആയുസിനെക്കുറിച്ചും പക്ഷിമൃഗാദികളുടെ ആവാസ വ്യവസ്ഥയെക്കുറിച്ചും സംരക്ഷിക്കേണ്ടതിനെ കുറിച്ചും കെ.ബിനു ബോധവല്‍ക്കരിച്ചു.
ബ്ലോക്ക് മെമ്പര്‍ മഠത്തില്‍ സുനില്‍, എഴുത്തുകാരി ചന്ദ്രികാകുമാരി, റിട്ട. മേജര്‍ മാധവന്‍പിള്ള, വാര്‍ഡ് മെമ്പര്‍മാരായ സ്വപ്ന, രതീഷ്, സുരേന്ദ്രന്, ഭാനു വിക്രമന്, ഉണ്ണികൃഷ്ണപിള്ള, കെ.പി.രവികുമാര്‍, വെള്ളിമണ്‍ ദിലീപ്, ഇടവട്ടം വിനോദ്, ശിവരാജന്, ഷാജുമോന്‍, വാസുദേവന്‍, ലാല്‍ കൃഷ്ണ, പ്രമോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: