നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആലിനോട് ചേര്‍ന്ന് പുഴമേട്ടില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ക്ഷേത്രം. ഈ ക്ഷേത്രത്തില്‍ എന്നു മുതല്‍ ആരാധന തുടങ്ങി എന്നതിനെക്കുറിച്ച് ആര്‍ക്കും വ്യക്തമായ ധാരണയില്ല. വിശ്വാസികളില്‍ ചിലര്‍ പറയുന്നത് ക്ഷേത്രത്തിനു മുന്നിലെ ആല്‍മരത്തോളം പഴക്കമുണ്ടാകുമെന്നാണ്. പാലക്കാട് പുതുശേരി പഞ്ചായത്തിലെ നരസിംഹപുരത്താണ് ഈ ഗണപതി ക്ഷേത്രമുള്ളത്.
ഒരു കാലത്ത് നരസിംഹപുരം പ്രദേശം മുഴുവന്‍ കാടും കൃഷിയിടങ്ങളുമായിരുന്നു. ഗൗണ്ടര്‍ സമുദായക്കാരുടെ അധീനതയിലായിരുന്നു ഇവിടം. കരിമ്പ്, ചേമ്പ് തുടങ്ങിയ കാര്‍ഷിക വിളകള്‍ കൃഷി ചെയ്ത് ഉപജീവനം കണ്ടെത്തിയവരായിരുന്നു ഈ വിഭാഗക്കാര്‍. എന്നാല്‍ കാട്ടാന, കാട്ടുപന്നി മുതലായ വന്യമൃഗങ്ങള്‍ കൂട്ടത്തോടെയെത്തി വിളകള്‍ തിന്നു നശിപ്പിച്ചുകൊണ്ടിരുന്നു. ഇതോടെ ഗൗണ്ടര്‍ സമുദായക്കാര്‍ക്ക് കൃഷി ചെയ്യാനാവാത്ത അവസ്ഥയായി. ഇതിന് പ്രതിവിധിയായി ജ്യോതിഷികളുടെ നിര്‍ദ്ദേശ പ്രകാരം കുടിയിരുത്തിയതാണ് പുഴമേട്ടിലെ ബാലഗണപതി എന്നാണ് പഴമക്കാരുടെ വിശ്വാസം. ഗണപതിയെ കുടിയിരുത്തി വിളക്കു കൊളുത്തി പ്രാര്‍ത്ഥിച്ച നാള്‍ മുതല്‍ കാട്ടാന, കാട്ടുപന്നി മുതലായ വന്യമൃഗങ്ങള്‍ ഈ പ്രദേശത്തു പ്രവേശിച്ചിട്ടില്ലെന്ന് ഇവിടുത്തുകാര്‍ പറയുന്നു. ശ്രീബാലവിനായക ക്ഷേത്രം എന്ന പേരില്‍ അറിയപ്പെടുന്ന വിഘ്‌നേശ്വര ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം ഏതാണ്ട് പത്തു വര്‍ഷം മുമ്പ് നാട്ടുകാരുടെ ശ്രമഫലമായി നടത്തിയതാണ്.
എല്ലാ വര്‍ഷവും ചിങ്ങത്തിലെ പുണര്‍തം നക്ഷത്രത്തിലാണ് ഇവിടെ പ്രതിഷ്ഠാ ചടങ്ങുകള്‍ നടത്തുന്നത്. അഷ്ടദ്രവ്യം, ഗണപതി ഹോമം, പ്രാസാദശുദ്ധി, നവകം, പഞ്ചഗവ്യം, കലശാഭിഷേകം എന്നിവയും തുടര്‍ന്നുള്ള പ്രസാദ ഊട്ടും അന്നദാനവും ഇവിടെ മുടക്കമില്ലാത്തപ്പെടുന്ന വഴിപാടുകളാണ്. ജീവിതാഭിവൃദ്ധിക്കുണ്ടാകുന്ന തടസങ്ങള്‍ ഇവിടുത്തെ ബാലഗണപതി സമക്ഷത്തില്‍ തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ മാറിക്കിട്ടുമെന്നാണ് വിശ്വാസികള്‍ പറയുന്നത്. ഒരു പ്രദേശത്തിന്റെ പ്രവേശന കവാടത്തില്‍ തന്നെ വിഘ്‌നേശ്വര പ്രതിഷ്ഠ കുടിയിരുത്തി ആരാധിക്കപ്പെടുന്ന അത്യപൂര്‍വ ക്ഷേത്രങ്ങളിലൊന്നാണ് നരസിംഹപുരത്തെ ഈ ക്ഷേത്രം.
ഗണപതിയെ മിത്തായി അപഹസിക്കുന്ന ഇക്കാലത്ത് പൂര്‍വാധികം ശക്തിയോടെ വിഘ്‌നങ്ങളൊന്നുമില്ലാതെ കാത്തു പരിപാലിക്കുകയാണ് ശ്രീബാലവിനയക ശക്തി ചൈതന്യത്തിലൂടെ നരസിംഹപുരം കോളനിയിലെ നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: