കോഴിക്കോട് : ജില്ലയില്‍ നിപ ബാധയുണ്ടെന്ന സംശയത്തിന്റെ സാഹചര്യത്തില്‍ മാസ്ക് നിര്‍ബന്ധമാക്കി. കര്‍ശന ആരോഗ്യ ജാഗ്രത ജില്ലയില്‍ ഉളളതിനാലാണിത്.
പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് നിപ സംശയിക്കാന്‍ കാരണം. സ്രവസാമ്പിളുകളുടെ പരിശോധനാ ഫലം പുണെയില്‍ നിന്ന് ചൊവ്വാഴ്ച വൈകിട്ടെത്തുമെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്കി.വവ്വാല്, കാട്ടുപന്നി എന്നിവയില്‍ നിന്നാണ് നിപ വൈറസ് പകരുകയെന്നതിനാല്‍ ഇവയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട് കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിക്കും. എല്ലാ ആശുപത്രികളിലും പകര്‍ച്ച വ്യാധി നിയന്ത്രണ പെരുമാറ്റ ചട്ടം നിലവിലുണ്ടെന്ന് മന്ത്രി പറഞ്ഞു. ആശുപത്രി സന്ദര്‍ശനം കഴിവതും ഒഴിവാക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 16 സംഘങ്ങളെ ചുമതലപ്പെടുത്തി.
ആദ്യം മരിച്ച ആളുടെ ഒമ്പത് വയസുള്ള കുട്ടി വെന്റിലേറ്ററില്‍ ആണ്. മരിച്ച വ്യക്തിയുടെ ഭാര്യ ഐസൊലേഷനിലും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മണിക്ക് കുറ്റ്യാടിയില്‍ പ്രാദേശിക യോഗം ചേരുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ 75 പേരുടെ സമ്പര്‍ക്ക പട്ടികതയാറാക്കിയിട്ടുണ്ട്. ഇവര്‍ പ്രാഥമിക സമ്പര്‍ക്കത്തില്‍പ്പെട്ടവരാണ്. കഴിഞ്ഞ ദിവസം മരിച്ച വ്യക്തി വടകരയിലെ സ്വകാര്യ ആശുപതിയിലും പോയിരുന്നു. ഇന്നലെ മരിച്ചയാളുടെ സംസ്കാരം പരിശോധനാ ഫലം വന്ന ശേഷം നടക്കുമെന്നും മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: