പുതുപ്പള്ളി വെറുമൊരു നിയമസഭാ മണ്ഡലമാണോ? അല്ലെന്നാണ് ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള കാര്യങ്ങള്‍ നല്കുന്ന വസ്തുത. ഉമ്മന്‍ചാണ്ടി നിര്യാതനായതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. ഉമ്മന്‍ചാണ്ടി 53 വര്‍ഷം എംഎല്‍എ ആയിരുന്ന മണ്ഡലം. ഉപതെരഞ്ഞെടുപ്പ് പെട്ടെന്നായി എന്നാണ് ഭരണകക്ഷിയുടെ കുറ്റപ്പെടുത്തല്‍, 41-ാം ചരമദിനാചരണം പോലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയിലാണ് നടന്നത്. പുതുപ്പള്ളിക്കൊപ്പം മറ്റ് ആറ് മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പുണ്ടായി. അതില്‍ രണ്ടെണ്ണം ത്രിപുരയിലായിരുന്നു. അതിലൊരു മണ്ഡലവും പുതുപ്പള്ളിയെ പോലെയായിരുന്നു. സിറ്റിംഗ് എംഎല്‍എ മരിച്ചിട്ട് ദിവസങ്ങളാകും മുമ്പേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
പുതുപ്പള്ളിയില്‍ ശക്തമായ സഹതാപ തരംഗമാണ് ചാണ്ടിഉമ്മനെ തുണച്ചതെന്ന് പറയുന്നു. അത് ശരിയാണ്. അതോടൊപ്പം സര്‍ക്കാറിനെതിരായ ജനവികാരംകൂടി പ്രകടമാമായി. അങ്ങനെ 37000 ത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മന്‍ വിജയിച്ചത്. ഇത്രയും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ചാണ്ടി ഉമ്മനെ സഹായിച്ചത് തെരഞ്ഞെടുപ്പിലെ കൃത്രിമം കൊണ്ടാണെന്ന് തെരഞ്ഞെടുപ്പില്‍ തോറ്റ ബിജെപി പറഞ്ഞില്ല. ബിജെപിയുടെ 5000 വോട്ട് കുറഞ്ഞത് തെരഞ്ഞെടുപ്പ് യന്ത്രത്തകരാറുകൊണ്ടാണെന്നും ബിജെപി കുറ്റപ്പെടുത്തിയില്ല. ജനവിധിയെ മാനിക്കുന്നു എന്നാണ് ബിജെപി പ്രസിഡന്റ് കെ. സുരേന്ദ്രന് പ്രതികരിച്ചത്. വോട്ട് കുറഞ്ഞതെന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്നും സുരേന്ദ്രന് പറഞ്ഞിരുന്നു.
വികസനമായിരുന്നു ഇടതു മുന്നണിയുടെ മുഖ്യമുദ്രാവാക്യം. മൂന്നാംതവണ മത്സരത്തിനിറങ്ങിയ ജെയ്ക്ക് തോമസ് അതു പലകുറി ആവര്‍ത്തിച്ചു. വികസനമോ? പോകാന്‍ പറ എന്ന മട്ടില്‍ വോട്ടര്‍മാര്‍ വിധിയെഴുതി. ഉമ്മന്‍ചാണ്ടിയോട് രണ്ടുതവണ തോറ്റ ജയ്ക്കിന് മൂന്നാമത്തെ തോല്‍വി കിട്ടിയത് ചാണ്ടി ഉമ്മനോടാണ്. ഇത്തവണ ജയിക്കുമെന്നുറപ്പായിരുന്നു ജെയ്ക്കിന്. കഴിഞ്ഞ തവണ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമേ ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നുള്ളൂ. കെ.എം. മാണിയുടെ പാര്‍ട്ടികൂടി എല്‍ഡിഎഫിന് ഒപ്പമുണ്ടല്ലൊ എന്ന ധൈര്യമായിരുന്നു ജെയ്ക്കിന്. പക്ഷെ എല്ലാം തകിടംമറിഞ്ഞു. ചാണ്ടി ഉമ്മന്‍ മൃഗീയ ഭൂരിപക്ഷം. എല്‍ഡിഎഫിന്റെ 12000 വോട്ട് കാണാനില്ല. അതല്ല അവര്‍ക്ക് പ്രശ്നം. ബിജെപിയുടെ വോട്ട് എങ്ങോട്ട് പോയി എന്നാണവര്ക്കറിയേണ്ടത്.
കടുത്ത സഹതാപ തരംഗം യുഡിഎഫ് വോട്ട് വര്‍ധിപ്പിച്ചു എന്നുപറയുന്ന സിപിഎം, ആ സഹതാപ തരംഗം എന്തുകൊണ്ട് ത്രിപുരയില്‍ കണ്ടില്ല എന്ന ചോദ്യം പ്രസക്തമാണെന്നു കരുതേണ്ടേ. ത്രിപുരയിലെ മുസ്ലീം ഭൂരിപക്ഷമണ്ഡലത്തില്‍ ബിജെപിയുടെ മുസ്ലീം സ്ഥാനാര്‍ത്ഥിയാണ് ജയിച്ചത്. തോറ്റതോ അതേ സിപിഎം നിയമസഭാംഗത്തിന്റെ മകനും. വെറും മൂവായിരം വോട്ടുമാത്രമാണ് മകന് സ്ഥാനാര്‍ത്ഥിക്ക് അവിടെ കിട്ടിയത്.
കോണ്‍ഗ്രസും എല്‍ഡിഎഫും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് തന്നെയാണ് പ്രചാരണത്തിന് ഉപയോഗിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്യാനെത്തിയ തിങ്കളാഴ്ചയും നിയമസഭയില്‍ നിറഞ്ഞുനിന്നത് ഉമ്മന്‍ചാണ്ടിതന്നെ. പുതുപ്പള്ളിക്കുശേഷവും കേരള രാഷ്ട്രീയം ഉമ്മന്‍ചാണ്ടിയെ ചുറ്റിപ്പറ്റിയാണെന്ന് പറയേണ്ടിവരും.
നിയമസഭയില്‍ ഷാഫി പറമ്പിലാണ് അടിയന്തിരപ്രമേയം അവതരിപ്പിച്ചത്. സോളാര്‍ പീഡനക്കേസില്‍ സിബിഐയുടെ റിപ്പോര്‍ട്ടാണ് പ്രമേയവിഷയം. 70 വയസ്സ് കഴിഞ്ഞ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത് മ്ലേച്ഛമെന്നായിരുന്നു ഷാഫിയുടെ പരാതി. നെഞ്ചിലും നെറ്റിയിലും കല്ലേറ് വാങ്ങിയിട്ടും കേസ് വേണ്ടെന്നും ഇതിന്റെ പേരില്‍ ബന്ദും ഹര്‍ത്താലും വേണ്ടെന്നുപറഞ്ഞതും വലിയ ഔദാര്യമെന്നും ഷാഫി വിശേഷിപ്പിച്ചു. മുഖ്യമന്ത്രി മാപ്പുപറയുകയാണ് വേണ്ടതെന്നുപറഞ്ഞെങ്കിലും മാപ്പിനൊന്നും മുഖ്യമന്ത്രി മിനക്കെട്ടില്ല. സോളാര്‍ പ്രശ്നം ഉണ്ടാക്കിയതും ചര്‍ച്ചാവിഷയമാക്കിയതും ഇന്നത്തെ പ്രതിപക്ഷം തന്നെയെന്നാണ് ഭരണകക്ഷിക്കാരെല്ലാം പറഞ്ഞത്.
ദല്ലാള്‍ നന്ദകുമാര്‍ തന്നെ വന്നുകണ്ടു എന്നത് കെട്ടിച്ചമച്ച കഥയെന്നാണ് മുഖ്യമന്ത്രിയുടെ വാദം. പണ്ട് കേരളഹൗസില്‍ തന്നെ കാണാന്‍ നന്ദകുമാര്‍ വന്നു എന്നത് മുഖ്യമന്ത്രി ശരിവച്ചു. ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുമ്പോള്‍ വന്ന നന്ദകുമാറിനെ അപ്പോള്‍ തന്നെ ഇറക്കിവിട്ടു.
സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ടെന്നും പ്രതിപക്ഷ നേതാവിനെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു. സോളാര്‍ കേസ് സംബന്ധിച്ച് പരാതി വരുന്നത് അധികാരത്തില്‍ വന്ന് മൂന്നു മാസം കഴിഞ്ഞാണ്. രാഷ്ട്രീയമായി കേസ് കൈകാര്യം ചെയ്തിട്ടില്ല.
സോളാര്‍ തട്ടിപ്പ് കേസുകള്‍ കേരളത്തിലെ ഭരണരംഗത്ത് യുഡിഎഫ് നേതൃത്വത്തില്‍ നടന്ന അധികാര ദുര്‍വിനിയോഗത്തിന്റെയും അഴിമതിയുടെയും അരാജകത്വത്തിന്റെയും സ്വാധീനം എത്ര വലുതാണെന്ന് തുറന്ന് കാണിച്ച സംഭവമാണ്. നാടിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള പാരമ്പര്യേതര ഊര്‍ജ പദ്ധതിയെയാണ് കോടികള്‍ അഴിമതിയിലൂടെ തട്ടിയെടുക്കുന്ന അവസരമാക്കി മാറ്റിയത്. ഇതാണ് നിങ്ങള്‍ നിയമിച്ച ജൂഡീഷ്യല്‍ കമ്മിഷന്റെ കണ്ടെത്തല്‍. തട്ടിപ്പുകാരും ഇടനിലക്കാരും ഭരണത്തിന്റെ ഇടനാഴികളില്‍ ആധിപത്യം സ്ഥാപിച്ച അവസ്ഥയാണ് ഇതുണ്ടാക്കിയത്. ആരായിരുന്നു ഇതിന് ഉത്തരവാദി എന്ന് പരിശോധിക്കുമ്പോള്‍ ‘അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍’ എന്നുപറഞ്ഞതുപോലെയാണ് അന്നത്തെ അവസ്ഥ.
സോളാര്‍ കേസ് സംബന്ധിച്ച് അടിയന്തരപ്രമേയ ചര്‍ച്ചയിലാണ് സതീശന്റെ ആരോപണം. സോളാര്‍ തട്ടിപ്പു കേസും ലൈംഗികാരോപണവും ഇടതുപക്ഷം ഒന്നാക്കി. രണ്ടും വ്യത്യസ്ത വിഷയങ്ങളാണ്. രാഷ്ട്രീയ എതിരാളികളെ ജനങ്ങള്‍ക്ക് മുന്പില് അപമാനിക്കുന്നതിനു വേണ്ടി ദല്ലാള്‍ നന്ദകുമാര്‍ വഴി പണം കൊടുത്ത്, പരാതിക്കാരിയുടെ കൈയ്യില്‍നിന്നു വ്യാജനിര്‍മിതിയായ കത്ത് വാങ്ങിച്ചത് ഇടതുനേതാക്കളാണെന്നും പ്രതിപക്ഷനേതാവ് സതീശന് പറഞ്ഞു.
”യേശുവിനെ ക്രൂശിക്കാന്‍ പടയാളികള്‍ക്കും ആള്‍ക്കൂട്ടത്തിനും വിട്ടുകൊടുത്തതിനുശേഷം, വിധിന്യായം പറഞ്ഞതിനു ശേഷം പീലാത്തോസ് കൈ കഴുകി. എന്നിട്ട് പറഞ്ഞു, ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് പങ്കില്ല. ബഹുമാന്യരായ ഭരണകക്ഷി അംഗങ്ങള്‍ ഇവിടെ സംസാരിച്ചപ്പോള്‍ എനിക്ക് പീലാത്തോസിനെയാണ് ഓര്മ വന്നത്. ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാന്‍, അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവന്‍ കഠിനാധ്വാനം ചെയ്ത ആളുകള്‍ ഇപ്പോള്‍ നിയമസഭയില്‍ വന്ന് പറയുകയാണ്, അദ്ദേഹം നീതിമാനായിരുന്നു. ആ നിതീമാന്റെ രക്തത്തില്‍ ഞങ്ങള്‍ക്കു പങ്കില്ല. ആകെ 12 പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഏതായാലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുശേഷവും ഉമ്മന്‍ചാണ്ടി ചര്‍ച്ചാവിഷയമാവുകയാണ്. നേരെ മലക്കം മറിഞ്ഞാണ് ഭരണകക്ഷിയുടെ നിലപാടെന്നതാണ് വിചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: