ന്യയോര്‍ക്ക്: കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ താരങ്ങളില്‍ മുന്നില്‍ ഒരാളായി സെര്‍ബിയയുടെ നോവാക് ദ്യോക്കോവിച്ച്. ആര്‍തര്‍ അഷേ സ്റ്റേഡിയത്തിലെ ടെന്നിസ് പൂരത്തിന് ഇത്തവണ കൊടിയിറങ്ങിയത് ദ്യോക്കോവിച്ചിന്റെ 24-ാം ഗ്രാന്‍ഡ് സ്ലാം നേട്ടത്തോടെ. ഇത്രയും ഗ്രാന്‍ഡ് സ്ലാം നേടിയിട്ടുള്ള ഓസ്ട്രേലിയയുടെ ഇതിഹാസ താരം മാര്‍ഗരേറ്റ് കോര്ട്ടിനൊപ്പമെത്തിയിരിക്കുകയാണ് താരം. ഫൈനലില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്വദേവിനെയാണ് തോല്‍പ്പിച്ചത്. സ്കോര്‍: 6-3, 7-6(5), 6-3
താങ്കള്‍ എന്താണ് ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത ? ആ കളി എപ്പോഴെങ്കിലും ഒരു തരിയോളം മയപ്പെടുത്തുമോ, എനിക്കറിയില്ല ? മത്സരശേഷം ഡാനില്‍ മെദ്വദേവ് തമാശയായി പറഞ്ഞ വാക്കുകളാണിത്. ഇതിലുണ്ട് ആവേശ പോരാട്ടത്തിന്റെ പരിസമാപ്തിയുടെ ലഹരി. മഹാ വിജയം കരസ്ഥമാക്കിയ ദ്യോക്കോവിച്ചിന്റെ നേട്ടം കൂടുതലായി ആഘോഷിച്ചത് അക്ഷരാര്‍ത്ഥത്തില്‍ തോറ്റ എതിരാളിയാണെന്ന് തോന്നുംവിധമായിരുന്നു മത്സരത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍. ചാമ്പ്യന്‍ പോയിന്റ് നേടുമ്പോള്‍ പതിവിന് വിപരീതമായി വിജയികളെ പോലെ തോറ്റുപോയ മെദ്വദേവ് കോര്‍ട്ടില്‍ കണ്ണടച്ച് മലര്‍ന്നു കിടന്നു. മറു വശത്ത് നിന്നും നെറ്റിനെ കവച്ച് വച്ച് വിജയിച്ച ദ്യോക്കോവിച്ച് ഓടിവന്ന് മെദ്വദേവിനെ എഴുന്നേല്‍പ്പിച്ചു. പിന്നെ ഇരുവരും ഒരുമിച്ചായി ആഘോഷം. വിജയത്തിന്റെ ആവേശവും തോല്‍വിയുടെ നിരാശയും തോറ്റുപോകുന്ന സമ്മോഹന നിമിഷമായിരുന്നു അത്. അതില്‍ ആര്‍തര്‍ അഷേ സ്റ്റേഡിയമൊന്നാകെ പങ്കുചേര്‍ന്നു. ഒപ്പം ലോകത്തെമ്പാടുമുള്ള ടെലിവിഷന്‍, മൊബൈല്‍ തുടങ്ങിയ ഉപകരണ സ്ക്രീനുകളില്‍ കണ്ണുംനട്ടിരുന്നവരിലേക്കും ആവേശമെത്തി.
പിന്നെ കാണികളുടെ കൂട്ടത്തില്‍ നിന്നും തന്റെ മകളെ കൈയ്യിലെടുത്ത് ദ്യോക്കോവിച്ച് ആഘോഷം വികാരനിര്‍ഭരമാക്കി. മകള്‍ക്ക് സ്നേഹ ചുംബനം നല്കുമ്പോള് താരത്തിന്റെ കണ്ണ് പൊടിഞ്ഞു. ഗാലറിയില്‍ ഭാര്യയും ഒപ്പം ദ്യോക്കോവിന്റെ അച്ഛനും അമ്മയും അടക്കമുള്ളവര്‍ കാഴ്ചക്കാരായി ഉണ്ടായിരുന്നു. കിരീടം നേടിയപ്പോള്‍ സംസാരിച്ച സെര്‍ബിയന്‍ താരം യുദ്ധം പേടിച്ച് വളര്‍ന്ന കുട്ടിക്കാലത്തെ കുറിച്ചും ത്യാഗം സഹിച്ച് കുടുംബാംഗങ്ങള്‍ തന്നിലെ ടെന്നിസ് താരത്തെ വാര്‍ത്തെടുത്തതും ദ്യോക്കോവിച്ച് ഓര്‍ത്തെടുത്തു.
ദ്യോക്കോവിച്ചിനെതിരെ ഇറങ്ങിയ മെദ്വദേവിന് ഇന്നലത്തേത് കരിയറിലെ അഞ്ചാം ഗ്രാന്‍ഡ് സ്ലാം ഫൈനലായിരുന്നു. ഇതടക്കം രണ്ട് ഫൈനലുകളില്‍ ദ്യോക്കോവിനോട് തോറ്റു. രണ്ട് അവസരങ്ങളില്‍ മറ്റൊരു സൂപ്പര്‍ താരം റാഫേല്‍ നദാലിനോടും. ദ്യോക്കോവിച്ചിനെതിരെ ഫൈനലില്‍ റഷ്യന്‍ താരത്തിന്റെ മൂന്നമത്തെ കണ്ടുമുട്ടലാണിത്. 2021ലെ യുഎസ് ഓപ്പണ്‍ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ദ്യോക്കവിച്ചിനെ കീഴടക്കി കിരീടം നേടി. താരത്തിന്റെ കരിയറിലെ ഏക ഗ്രാന്‍ഡ് സ്ലാം നേട്ടമായിരുന്നു അത്. സീസണില്‍ തകര്‍പ്പന്‍ ഫോമിലുള്ള സ്പെയിന് താരം കാര്‍ലോസ് അല്‍കാരസിനെ തോല്‍പ്പിച്ച് ഫൈനലിലെത്തിയപ്പോള്‍ 2021 ആവര്‍ത്തിക്കുമോയെന്ന് ആവേശപൂര്‍വ്വം കാത്തിരിക്കുകയായിരുന്നു ടെന്നിസ് പ്രേമികള്‍. പക്ഷെ അര്‍ഹമായ വിജയം നേടി ദ്യോക്കോവിച്ച് കിരീടം ഉറപ്പിച്ചു.
ഈ സീസണിലാണ് ദ്യോക്കോവിച്ച് ഗ്രാന്‍ഡ് സ്ലാം നേട്ടത്തില്‍ പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാലിനെ മറികടന്ന് പുരുഷ താരങ്ങളില്‍ ഒന്നാമതെത്തിയത്. ഫ്രഞ്ച് ഓപ്പണ്‍ നേട്ടത്തോടെ ഇത് 23 ആയി. ഇനി ഒരു ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടം കൂടി സ്വന്തമാക്കി 25 എന്ന മാന്ത്രിക സംഖ്യയിലേക്കെത്തിയാല് ദ്യോക്കോവിച്ച് മാര്‍ഗരേറ്റ് കോര്‍ട്ടിനെയും മറികടന്ന് ചരിത്രനേട്ടത്തിന് ഉടമയാകും.
2023 യുഎസ് ഓപ്പണ്‍ ഫൈനലിലൂടെ ദ്യോക്കോവിച് കൈവരിച്ച നേട്ടങ്ങള്‍
- 24 ഗ്രാന്‍ഡ് സ്ലാം കിരീടനേട്ടവുമായി മാര്‍ഗരേറ്റ കോര്‍ട്ടിനൊപ്പമെത്തി
- ഓപ്പണ്‍ ഈറ ടെന്നിസില്‍ യുഎസ് ഓപ്പണ്‍ നേടുന്ന പ്രായം കൂടിയ താരം. 36-ാം വയസില്‍. 1970ല്‍ 35-ാം വയസില്‍ കിരീടം നേടിയ കെന്‍ റോസ് വാളിനെയാണ് മറികടന്നത്.
- മേജര്‍ ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ ഫൈനല്‍ കളിച്ച താരം. 36-ാം ഫൈനലായിരുന്നു ഇത്.
- പത്താം യുഎസ് ഓപ്പണ്‍ ഫൈനലിലൂടെ ഏറ്റവും കൂടുതല്‍ ഫൈനല്‍ കളിച്ചതില്‍ ബില്‍ ടൈഡനൊപ്പമെത്തി.
- സീസണിലെ മൂന്ന് ഗ്രാന്‍ഡ് സ്ലാമുകള്‍ നേടുന്നത് കരിയറില്‍ നാലാമത്തെ പ്രാവശ്യം.
കിരീടനേട്ടങ്ങളില്‍ മൂന്നാം സ്ഥാനത്തെത്തി. കോണോറും(109) റോജര്‍ ഫെഡററും(103) ആണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
ഗ്രാന്‍ഡ് സ്ലാം നേട്ടത്തിലെ ടോപ്പ് ഫോര്‍
ദ്യോക്കവിച്ച്, മാര്‍ഗരേറ്റ് കോര്‍ട്ട് – 24
സെറീന വില്ല്യംസ് – 23
റാഫേല്‍ നദാല്‍ – 22
റോജര്‍ ഫെഡറര്‍ – 20
പ്രതികരിക്കാൻ ഇവിടെ എഴുതുക: