തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയപ്പോള്‍ നിങ്ങളെ ഞങ്ങള്‍ പിന്തുണച്ചില്ലേ, മാസപ്പടിയില്‍ നിങ്ങള്‍ ഞങ്ങളെ പിന്തുണയ്ക്കേണ്ടേ…എന്ന മട്ടിലായിരുന്നു നിയമസഭയില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം.
കെ ഫോണ്‍, മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദം, എഐ ക്യാമറ സംബന്ധിച്ച അഴിമതി ആരോപണം എന്നിവയില്‍ മറുപടി വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രേഖാമൂലം നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ മറുപടി പറഞ്ഞ മുഖ്യമന്ത്രി നമ്മള് ഒന്നിച്ചു നില്‍ക്കണമെന്ന് പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു.
ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേണില്‍ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണെന്നു പറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാഹുലിനെതിരായ കോടതി ഉത്തരവിനെ ജുഡീഷ്യല്‍ ഓര്‍ഡറിന്റെ പാവനത്വം നല്കി ന്യായീകരിക്കാനല്ല, മറിച്ച് അദ്ദേഹത്തിനെതിരേ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളെ തുറന്നുകാട്ടാനാണ് ഞങ്ങള്‍ ശ്രമിച്ചതെന്നും പിണറായി തുടര്‍ന്നു.
കരിമണല്‍ കമ്പനിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരേ ആരോപണത്തിന് മറുപടി പറയവേയാണ് രാഹുലിനുവേണ്ടി ഞങ്ങള്‍ വാദിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞത്. കേന്ദ്രത്തിലെ ഭരണകക്ഷി, പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ കേസുകളില്‍പ്പെടുത്തി വേട്ടയാടുന്നെന്ന നിങ്ങളുടെയും മറ്റു പ്രതിപക്ഷങ്ങളുടെയും ആരോപണത്തെ ഞങ്ങള്‍ ശക്തമായി പിന്തുണച്ചിട്ടുണ്ട്.
ദേശീയതലത്തില്‍ അന്വേഷണ ഏജന്‍സികളെ ഭരണകക്ഷികളായ ബിജെപി ഉപയോഗിക്കുന്നുവെന്ന് നിങ്ങള്‍ ആക്ഷേപിക്കുന്നുണ്ട്. ഞങ്ങളും ഈ അഭിപ്രായമുള്ളവരാണ്, മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ വാളയാര്‍ ചുരം കടക്കുമ്പോള്‍ കോണ്‍ഗ്രസ് എല്ലാം മറക്കാന്‍ പാടില്ലെന്ന് പിണറായി ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: