തിരുവനന്തപുരം: സോളാര്‍, മാസപ്പടി വിഷയങ്ങളില്‍ ഐഎന്‍ഡിഐഎ കക്ഷികളായ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ നിയമസഭയില്‍ പോര്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ലൈംഗിക പീഡന പരാതിയില്‍ കുടുക്കാന്‍ എംഎല്‍എ ഗണേഷ്കുമാറും ബന്ധു ശരണ്യ മനോജും വിവാദ ദല്ലാള്‍ നന്ദകുമാറും ചേര്‍ന്ന് കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് സിബിഐ റിപ്പോര്‍ട്ടിലുണ്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഭരണപക്ഷം അംഗീകരിച്ചു.
കോണ്‍ഗ്രസ് വടി കൊടുത്ത് അടി വാങ്ങുന്നതിനു തുല്യമായി ചര്‍ച്ച. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോള്‍ വേട്ടയാടിയത് കോണ്‍ഗ്രസില്‍ നിന്നു തന്നെയെന്ന് ഭരണപക്ഷം പറഞ്ഞു. സോളാര്‍ ആരോപണമുയര്‍ന്നപ്പോള്‍ കെ. മുരളീധരന് ഉമ്മന്‍ ചാണ്ടിയെക്കുറിച്ചു പറഞ്ഞത് കോണ്‍ഗ്രസ് മറക്കരുതെന്നും ഐഎസ്ആര്‍ഒ ചാരക്കേസ് ഉദാഹരണമായി ചൂണ്ടിക്കാട്ടി ഭരണപക്ഷം തിരിച്ചടിച്ചു.
തുടര്‍ന്ന് ചര്‍ച്ചയ്ക്കു മറുപടിപറഞ്ഞ മുഖ്യമന്ത്രി സര്‍ക്കാരിന് സിബിഐ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നു പറഞ്ഞ് കൈ കഴുകി. ഈ പറയുന്ന റിപ്പോര്‍ട്ടില്‍ പരാതിക്കാരിയുടെ കത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനയുണ്ടെങ്കില്‍ അന്വേഷിക്കുന്നത് പരിഗണിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാതെ അനുരഞ്ജനത്തിന്റെ പാതയാണ് മുഖ്യമന്ത്രിയുടെ മറുപടിയില്‍ നിന്നുണ്ടായത്. മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം എന്നു പറയുന്ന വിദൂഷകരാണ് ഭരണ പക്ഷത്തെ എംഎല്‍എമാരെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പറഞ്ഞു. അന്വേഷണം നടത്താമെന്നു മുഖ്യമന്ത്രി സമ്മതിച്ചതോടെ പ്രതിപക്ഷത്തിനും ആശ്വാസമായി, തലയൂരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: