ന്യൂദല്‍ഹി: ജി20 ഉച്ചകോടിയിലെ രാഷ്ട്രപതിയുടെ അത്താഴ വിരുന്നിനെ ചൊല്ലി ഐഎന്‍ഡിഐഎ സഖ്യത്തില്‍ ഭിന്നത. പ്രതിപക്ഷ പാര്‍ട്ടികള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.
ക്ഷണം കിട്ടിയ ഉടന്‍ മമത ബാനര്‍ജി ദല്‍ഹിക്കു തിരിച്ചെന്ന പരിഹാസമാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടായത്. കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയാണ് മമത ബാനര്‍ജിയെ വിമര്‍ശിച്ചത്. വിരുന്നില്‍ മമത പങ്കെടുത്തില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴില്ലായിരുന്നെന്നും അധിര്‍ രഞ്ജന്‍ ചൗധരി വിമര്‍ശിച്ചു. അതേ സമയം മുഖ്യമന്ത്രി എപ്പോള്‍ പോകണമെന്ന് അധിര്‍ രഞ്ജന്‍ ചൗധരി തീരുമാനിക്കേണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചടിച്ചു. ഐഎന്‍ഡിഐഎ നേതാക്കളായ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് എന്നിവരും അത്താഴ വിരുന്നില്‍ പങ്കെടുത്തിരുന്നു.
രാജ്യസഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവും പാര്‍ട്ടി അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെ അത്താഴ വിരുന്നിലേക്കു ക്ഷണിച്ചില്ലെന്ന വിമര്‍ശനം കോണ്‍ഗ്രസ് ഉയര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര് സിങ് സുഖു അത്താഴ വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അത്താഴ വിരുന്നില്‍ പങ്കെടുത്ത മറ്റ് പാര്‍ട്ടി നേതാക്കളെ കോണ്‍ഗ്രസ് വിമര്‍ശിക്കുമ്പോഴും ഹിമാചല്‍ മുഖ്യമന്ത്രിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിട്ടില്ല.
നേരത്തെ ജി20 ഉച്ചകോടിയുടെ വിജയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍ എംപി രംഗത്തെത്തിയിരുന്നു. സംയുക്ത പ്രഖ്യാപനം നടപ്പാക്കാനായത് ഭാരതത്തിന്റെ വലിയ നയതന്ത്ര വിജയമാണെന്ന് നയതന്ത്ര വിദഗ്ധന്‍ കൂടിയായ തരൂര്‍ അഭിപ്രായപ്പെട്ടു.
ഉച്ചകോടി ചേരും വരെ സംയുക്ത പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നില്ല. ഭാരതത്തിന്റേത് ഒരു സുപ്രധാന നയതന്ത്ര നേട്ടമാണെന്നും തരൂര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: