ന്യൂദല്‍ഹി: സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നരേന്ദ്രമോദിയും ചേര്‍ന്ന് രൂപകല്പന ചെയ്ത ഭാരതം-ഗള്‍ഫ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്ന പദ്ധതി ചൈനയെ കടുംവെട്ട് വെട്ടുന്ന പദ്ധതിയെന്ന് വിദഗ്ധര്‍. ഒപ്പം ആഗോളവ്യാപാരത്തിന്റെ തലവര മാറ്റിമറിയ്ക്കുന്ന വന്‍ പദ്ധതിയാണെന്നും വിദഗ്ധര്‍.
ലോകത്തെ മുഴുവന്‍ ചൈനയില്‍ നിന്നുള്ള റെയിലും റോഡും വഴി ബന്ധിപ്പിക്കാനുള്ള ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയ്ക്കാണ് മോദിയും സല്‍മാനും ചേര്‍ന്ന് അടികൊടുത്തത്. രണ്ട് ഭാഗങ്ങളാണ് ഈ പദ്ധതിയിലുള്ളത്. ഭാരതത്തെ ഗള്‍ഫുമായി ബന്ധപ്പെടുത്തുന്ന ഒരു ഭാഗവും. ഗള്‍ഫ് രാഷ്ട്രങ്ങളെ യൂറോപ്പുമായി ബന്ധപ്പെടുത്തുന്ന മറ്റൊരു ഭാഗവും. ഈ പദ്ധതി പ്രഖ്യാപനത്തിന്റെ അന്ന് തന്നെ ചൈനയ്ക്ക് തിരിച്ചടി കിട്ടി. ഇറ്റലിയിലെ പ്രധാനമന്ത്രി ജോര്‍ജ്ജിയോ മെലനി ചൈനയുടെ പ്രധാനമന്ത്രി ലീ ക്വാങ്ങിനോട് പറഞ്ഞത് ഇറ്റലി ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയില്‍ നിന്നും പിന്‍വാങ്ങുന്നു എന്നാണ്. പകരം പുതിയ ഭാരതം-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെ ഇറ്റലി പിന്തുണയ്ക്കുകയും ചെയ്തു.
ചൈനയെ ശക്തമായി എതിര്‍ക്കുന്ന രാജ്യമെന്ന പ്രതിച്ഛായ ഭാരതത്തിന് അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും കരുത്തുറ്റ പിന്തുണ ഉറപ്പാക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലും മോദിയ്ക്കുണ്ട്. അത് വഴി ചൈനയ്ക്ക് പകരം വ്യാപാരത്തില്‍ വന്‍ശക്തിയായി ഭാരതത്തെ ഉയര്‍ത്താമെന്നും മോദി കണക്കുകൂട്ടുന്നു. അന്താരാഷ്ട്ര തലത്തില്‍ തന്നെ ചൈനയെ ഒറ്റപ്പെടുത്താനുള്ള യുഎസ്-യൂറോപ്പ്-ജപ്പാന് അച്ചുതണ്ടിന്റെ ആവശ്യത്തിനൊപ്പം നില്‍ക്കുകയാണ് മോദി. അന്താരാഷ്ട്ര തലത്തില്‍ തന്നെ ചൈനയെ ഒറ്റപ്പെടുത്താനും ദുര്‍ബലപ്പെടുത്താനുമുള്ള യുഎസ്-യൂറോപ്പ്-ജപ്പാന് അച്ചുതണ്ടിന്റെ ആവശ്യത്തിനൊപ്പം നില്‍ക്കുന്നത് എല്ലാ അര്‍ത്ഥത്തിലും ഭാരത്തിന് നേട്ടമേ ഉണ്ടാക്കൂ എന്ന് മോദി കരുതുന്നു.
ഈ പദ്ധതി പ്രഖ്യാപിച്ചതോടെ പാകിസ്ഥാനും വലിയ അടിയാണ് കിട്ടിയത്. പാകിസ്ഥാന്റെ സ്വന്തമെന്ന് കരുതിയ സല്‍മാനെ മോദി തട്ടിയെടുത്തു എന്നാണ് പാകിസ്ഥാന്റെ പരാതി. കാരണം ഇത്രയും നിക്ഷേപമിറക്കേണ്ട ഒരു പദ്ധതിയ്ക്ക് സൗദി അറേബ്യ ഭാരതത്തിനൊപ്പം ചേര്‍ന്നു എന്നത് പാകിസ്ഥാന് ചിന്തിക്കാനേ കഴിയുന്നില്ല.
മുഴുവന്‍ ലോകവുമായി ഇന്ത്യയെ കുറഞ്ഞ ചെലവില്‍ ബന്ധപ്പെടുത്തുന്ന പദ്ധതി എന്നതാണ് മോദി ഈ പദ്ധതിയെ വിശേഷിപ്പിച്ചത്. ഭാരതം, ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഇവയ്ക്ക് സാമ്പത്തിക പുരോഗതിയും ഡിജിറ്റല്‍ ബന്ധവും ഈ പദ്ധതി മൂലം ഉണ്ടാകുമെന്നും മോദി പറയുന്നു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഈ പ്രദേശത്തിന്റെ സമാധാനത്തിനും സുസ്ഥിരതയ്ക്കും അത്യാവശ്യമാണെന്നും മോദി പറയുന്നു.
വ്യാപാരത്തിന്റെ കളികളാകെ മാറ്റിമറിയ്ക്കുന്ന പദ്ധതിയെന്നാണ് വിദഗ്ധര്‍ ഭാരതം-ഗള്‍ഫ്- യൂറോപ്പ് ഇടനാഴിയെ വിശേഷിപ്പിക്കുന്നത്. ഇത് ഒരു വന്‍ പദ്ധതിയാണെന്ന് അത് പ്രഖ്യാപിച്ചവരില്‍ ഒരാളായ ജോ ബൈഡന് അപ്പോഴെ പറഞ്ഞിരുന്നു. എഞ്ചിനീയറിംഗ് എക്സ്പോര്‍ട്സ് പ്രൊമോഷന് കൗണ്‍സില്‍ ഇന്ത്യ (ഇഇപിസി ഇന്ത്യ) പറയുന്നത് ആഗോള വ്യാപാരത്തിന് ഈ സാമ്പത്തിക ഇടനാഴി വലിയ തോതില്‍ ആക്കം കൂട്ടുമെന്നാണ്. ആഗോള വിതരണ ശൃംഖല കൂടുതല്‍ ആര്‍ക്കും തടസ്സപ്പെടുത്താന്‍ കഴിയാത്ത സുഗമമായ സംവിധാനമായി മാറുമെന്ന് ഇഇപിസി ഇന്ത്യ ചെയര്മാന് അരുണ്‍ കുമാര്‍ ഗറോദിയ പറയുന്നു.
ഭാരതം, ഗള്‍ഫ്, യൂറോപ്പ് എന്നീമൂന്ന് ഭഖണ്ഡങ്ങള്‍ക്കിടയില്‍ ചരക്കും സേവനവും തടസ്സങ്ങളില്ലാതെ ഒഴുകുമ്പോള്‍ ഗതാഗതച്ചെലവ് ഗണ്യമായി കുറയുകയും കപ്പലുകള്‍ ചരക്ക് എത്തിക്കുന്നതിന്റെ വേഗം കൂടുകയും ചെയ്യും. – അരുണ്‍ കുമാര്‍ ഗറോദിയ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്ന മധ്യേഷ്യയും തമ്മിലുള്ള വ്യാപാരം കുതിച്ചുചാടും. പ്രത്യേകിച്ചും ഇന്ത്യയും സൗദിയും തമ്മിലുള്ള വ്യാപാരം.- അരുണ്‍ കുമാര്‍ ഗറോദിയ പറയുന്നു.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ഈ പദ്ധതി പ്രഖ്യാപനത്തോടെ കൂടുതല്‍ കെട്ടുറപ്പുള്ളതാവുകയാണ്. ഗള്‍ഫ് മേഖലയില്‍ പാകിസ്ഥാന്റെ സ്വാധീനം കുറയ്ക്കാന്‍ മോദിയ്ക്ക് ഇത് വഴി കഴിയും. മാത്രമല്ല, സൗദിയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ വിപുലപ്പെടുത്തുക എന്ന ലക്ഷ്യവും മോദിയ്ക്കുണ്ട്. ഗ്രിഡ് കണക്റ്റിവിറ്റി, പുനരുപയോഗ ഊര്‍ജ്ജം, ഭക്ഷ്യസുരക്ഷ, സെമികണ്ടക്ടറുകള്‍, ചരക്ക് വിതരണ ശൃംഖല തുടങ്ങിയ മേഖലകളില്‍ സൗദിയുമായുള്ള സഹകരണം മെച്ചപ്പെടുത്തുമെന്ന് മോദി ജി20 ഉച്ചകോടിയ്ക്കിടയില്‍ സല്‍മാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എക്സില്‍ കുറിച്ചിരുന്നു. 2022-23ല്‍ ഇന്ത്യയും സൗദിയും തമ്മില്‍ 5200 കോടി ഡോളറിന്റെ വ്യാപാരം നടന്നു. സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ (പെട്രോള്‍, ഡീസല്‍) സൗദിയെ ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നു.
ഇനി സൗദിയ്ക്കും ഇന്ത്യയ്ക്കും മികച്ച ഭാവി കെട്ടിപ്പടുക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നാണ് മോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം സല്മാന് എക്സില്‍ കുറിച്ചത്.
സൗദി അറേബ്യയിലുള്ള ഇന്ത്യക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ സൗദി രാജകുമാരനെ മോദി പ്രത്യേകം അഭിനന്ദിച്ചിരുന്നു. സൗദി ജനസംഖ്യയിലെ ഏഴ് ശതമാനം പേര് ഇന്ത്യക്കാരാണ്. സ്വന്തം രാജ്യത്തിന്റെ പൗരന്മാരെ കാത്തുസൂക്ഷിക്കുന്നതുപോലെ അവരെ കാത്തുസൂക്ഷിക്കുമെന്നും മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: