ചെറുതോണി: ഇടുക്കി – ചെറുതോണി ഡാമുകളിലെ ഗുരുതര സുരക്ഷാ വീഴ്ചാ വിഷയത്തില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്. പ്രതി വിദേശത്തേക്ക് കടന്നതോടെ ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. അതേസമയം ഷട്ടര്‍ ഉയര്‍ത്തി പരിശോധന നടത്തുമെന്ന് കെഎസ്ഇബിയും അറിയിച്ചു. ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ഒന്നരമാസം പിന്നിട്ടശേഷമാണ് വിവരം പുറത്തറിയുന്നത്.
ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി തുടങ്ങിയവരാരും അണക്കെട്ടില്‍ എന്താണ് നടന്നതെന്ന് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്ത് വിടാന്‍ ഇനിയും തയ്യാറായിട്ടില്ല. ഇത് ചെറുതോണി അണക്കെട്ടിന് സമീപം താമസിക്കുന്നവര്‍ക്കും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ മാധ്യമങ്ങളെയടക്കം വഴിതെറ്റിക്കാനായി ചില പോലീസ് ഉദ്യോഗസ്ഥര്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നതായും പരാതിയുണ്ട്.
പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കാനുള്ള ശ്രമവും ഇതിനിടെ പോലീസ് നടത്തുന്നുണ്ട്. എന്നാല്‍ അണക്കെട്ടിലുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയെ ലഘൂകരിച്ച് കാണാനുള്ള ശ്രമമാണ് തുടരുന്നത്. വിദേശത്ത് ജോലി ചെയ്യുന്നയാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞെന്നാണ് പോലീസ് വാദം.
ജൂലൈ 22ന് ഉച്ചകഴിഞ്ഞ് ആണ് സംഭവങ്ങളുടെ തുടക്കം. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ യുവാവ് മറ്റ് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം വാടകക്കാറിലാണ് ഇടുക്കിയിലെത്തിയത്. അകത്ത് പ്രവേശിച്ച യുവാവ് വിവിധ ഭാഗങ്ങളിലായി എട്ട് ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് ചുവട്ടില്‍ കേബിളുകളുടെ മുകളില്‍ താഴിട്ട് പൂട്ടി. ഇത്തരത്തില്‍ 11 താഴുകളാണ് പൂട്ടിയ നിലയില്‍ കണ്ടെത്തിയത്.
പിന്നീട് കുപ്പിയില്‍ കരുതിയിരുന്ന എന്തോ ദ്രാവകം ചെറുതോണി ഡാമിന്റെ ഷട്ടറുയര്‍ത്തുന്ന റോപ്പില്‍ ഒഴിച്ചതായും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി. പ്രാഥമിക പരിശോധനയില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയില്ലെങ്കിലും ഷട്ടര്‍ ഉയര്‍ത്തി സ്ഥിതിഗതികള്‍ വിലയിരുത്താനുള്ള നീക്കത്തിലാണ് കെഎസ്ഇബി.
കഴിഞ്ഞ 4 ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് താഴുകള്‍ കൂട്ടത്തോടെ കണ്ടെത്തിയത്. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് യുവാവിന്റെ നീക്കം തിരിച്ചറിഞ്ഞത്. പിന്നാലെ 5 ന് ഇടുക്കി പോലീസില്‍ പരാതിയും നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ ആദ്യം മുതല്‍ പോലീസ് വിവരം പുറത്ത് വിടാതെ ഒളിച്ചുകളി തുടരുകയാണ്.
ഇടുക്കി – ചെറുതോണി അണക്കെട്ടുകളുടെ സുരക്ഷാച്ചുമതലയുള്ള ഇടുക്കി എസ്എച്ച്ഒ കഴിഞ്ഞ നാല് മാസത്തിനിടെ ഒരു തവണ പോലും ഇവിടെ എത്തുകയോ പരിശോധന നടത്തുകയോ ചെയ്തിട്ടില്ലെന്ന് സ്പെഷ്യല്‍ ബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: