തൃശൂര്‍: കരുവന്നൂര്‍ വായ്‌പ തട്ടിപ്പ് കേസില്‍ മുന്‍മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി മൊയ്തീന്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി. അഭിഭാഷകർക്കൊപ്പമാണ് മൊയ്തീൻ എത്തിയത്. അധികൃതർ വിളിച്ചതുകൊണ്ടാണ് വന്നതെന്ന് അദ്ദേഹം പറഞ്ഞു. പത്ത് വർഷത്തെ നികുതി രേഖകളും ബാങ്ക് ഇടപാട് രേഖകളും ഹാജരാക്കണമെന്ന് മൊയ്തീന് ഇഡിയുടെ നിർദേശമുണ്ട്.
കഴിഞ്ഞ രണ്ടുവട്ടവും മൊയ്തീന്‍ ഹാജരായിരുന്നില്ല. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്ത കോടികള്‍ മൊയ്തീന്റെ കൈയില്‍ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് മൊയ്തീനെ ചോദ്യം ചെയ്യുന്നത്. വ്യാജരേഖകൾ തയാ റാക്കി കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമികൾ ലോൺ നേടിയത് എ. സി മൊയ്തീന്റെ ശുപാർശയ്‌ക്ക് പിന്നാലെയാണെന്ന് ഇഡി ചൂണ്ടിക്കാട്ടി. ലോൺ തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനായ പി. സതീഷ് കുമാര്‍ ബാങ്കില്‍ നിന്ന് പതിനാലര കോടി രൂപ തട്ടിയെടുത്തതായി വ്യക്തമായിരുന്നു. ഇയാളുടെ മൊഴിയനുസരിച്ച് മൊയ്തീന് പണം കൈമാറിയിട്ടുണ്ടെന്നാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് മൊയ്തീനെ വിളിപ്പിച്ചത്.
കേസില്‍ പ്രതിയാക്കണോ എന്ന കാര്യത്തില്‍ ചോദ്യം ചെയ്യലിനു ശേഷം തീരുമാനമെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൊയ്തീന്റെ വീട്ടില്‍ നേരത്തെ ഇഡി നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ കണ്ടെടുത്തിരുന്നു. സതീഷ് കുമാറും മൊയ്തീനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും ഇഡി ശേഖരിച്ചിട്ടുണ്ട്. മൊയ്തീന്റെയും ഭാര്യയുടെയും പേരില്‍ രണ്ട് ബാങ്കുകളിലായി ഉണ്ടായിരുന്ന 28 ലക്ഷം രൂപയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. സതീഷ് കുമാറിന്റെയും മൊയ്തീന്റെയും മറ്റ് ചില ബിനാമി ഇടപാടുകാരുടെയും പേരിലുള്ള 15 കോടിയോളം രൂപയുടെ ഭൂമി ക്രയവിക്രയവും മരവിപ്പിച്ചിട്ടുണ്ട്.
മൊയ്തീനെ കൂടാതെ തൃശൂര്‍ നഗരസഭ കൗണ്‍സിലറും സിപിഎം നേതാവുമായ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി നഗരസഭയിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സിപിഎം നേതാവുമായ കെ.ആര്‍. അരവിന്ദാക്ഷന്‍ എന്നിവരെയും ഇന്ന് ചോദ്യം ചെയ്യും. ഇവരെ കഴിഞ്ഞദിവസവും ചോദ്യം ചെയ്തിരുന്നു. മൊയ്തീന്റെ അടുത്തയാളായാണ് അരവിന്ദാക്ഷന്‍ വടക്കാഞ്ചേരിയില്‍ അറിയപ്പെടുന്നത്. അനൂപ് ഡേവിസ് തൃശൂര്‍ നഗരത്തില്‍ അടുത്തിടെ നടത്തിയ ഭൂമി ഇടപാടുകളും മറ്റുചില സാമ്പത്തിക ഇടപാടുകളും ഡി അന്വേഷിക്കുന്നുണ്ട്.
ക്രിപ്‌റ്റോ കറന്‍സി കേസില്‍ പ്രതിയായ ഒരാളെ പോലീസിന്റെ സഹായത്തോടെ നാടുവിടാന്‍ സഹായിച്ചു എന്ന കുറ്റവും അനൂപ് ഡേവിസിനെതിരെ നിലവിലുണ്ട്. സതീഷ് കുമാറിന്റെ മൊഴിയനുസരിച്ച് തുടര്‍ ദിവസങ്ങളില്‍ കൂടുതല്‍ സിപിഎം നേതാക്കളെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നാണ് വിവരം. ആലത്തൂര്‍ മുന്‍ എംപി പി.കെ. ബിജുവിനെതിരെയും സതീഷ് കുമാര്‍ മൊഴി നല്കിയിട്ടുണ്ട്. അഞ്ചു കോടിയോളം രൂപ ബിജുവിന് കൈമാറി എന്നാണ് മൊഴിയിലുള്ളത്. രണ്ടു കോടിയും പിന്നെ മൂന്ന്‌കോടിയും രണ്ട് ഘട്ടങ്ങളായി കൈമാറി എന്നാണ് സതീഷ് കുമാര്‍ മൊഴി നല്കിയിട്ടുള്ളത്. ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങുന്നുണ്ടെങ്കിലും നിയമസഭയില്‍ മൊയ്തീന്‍ ഹാജരാകില്ല. പകരം ഇഡിക്ക് മുന്നില്‍ ഹാജരാകും. കേസില്‍ നിന്ന് ഒളിച്ചോടി എന്ന് പറയാതിരിക്കാനാണ് ഹാജരാകുന്നതെന്ന് മൊയ്തീന്‍ ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: