ചെന്നൈ: പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന് സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശിയായ ബാലാജിയുടെ പരാതിയിലാണ് അറസ്റ്റ്. വ്യവസായിയെ വഞ്ചിച്ചെന്നാരോപിച്ച് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ (സിസിബി) എന്‍ട്രസ്റ്റ്മെന്റ് ഡോക്യുമെന്റ് ഫ്രോഡ് (ഇഡിഎഫ്) വിംഗ്ഐ രവീന്ദറിനെ അറസ്റ്റ് ചെയ്തു. 15.83 കോടിയുടെ തട്ടിപ്പിന്റെ പേരിലാണ് അറസ്റ്റ്.
2020ലാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ബിസിനസ് പങ്കാളിയാക്കാം എന്ന ഉറപ്പിന്മേലാണ് ബാലാജിയെ പറഞ്ഞ് സമ്മതിപ്പിച്ചതത്രെ. ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയില്‍ നിക്ഷേപിക്കുന്നത് ബാലാജിക്ക് ലാഭകരമായ അവസരമാണെന്ന് രവീന്ദര്‍ ചന്ദ്രശേഖരന് ബോധ്യപ്പെടുത്തി. ബാലാജി തന്റെ നിക്ഷേപം വര്‍ധിപ്പിച്ചാല്‍, സംരംഭത്തില്‍ പങ്കാളിയായി ഉള്‍പ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തു എന്നും ആരോപണമുണ്ട്.
ബാലാജി രവീന്ദറിനെ 15.83 കോടി രൂപ ഏല്പിച്ചു. എന്നാല്‍, വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുകയും മുഴുവന്‍ തുകയും തട്ടിയെടുക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അന്വേഷണത്തില്‍ ബാലാജിയില്‍ നിന്ന് നിക്ഷേപം നേടിയെടുക്കാന്‍ വ്യാജരേഖകള്‍ ഉപയോഗിച്ചതായി തെളിഞ്ഞു. ഒളിവില്‍പ്പോയ രവീന്ദറെ ചെന്നൈയില്‍ നിന്ന് പിടികൂടി കോടതിയില്‍ ഹാജരാക്കി. നിര്‍മാതാവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
ലിബ്ര പ്രൊഡക്ഷന്‍സ് എന്ന കമ്പനിയുടെ ബാനറിലാണ് രവീന്ദര്‍ സിനിമകള്‍ നിര്‍മിച്ചിരുന്നത്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന ദമ്പതികളാണ് തമിഴ് നടി മഹാലക്ഷ്മിയും ഭര്‍ത്താവും നിര്‍മാതാവുമായ രവീന്ദര്‍ ചന്ദ്രശേഖരനും. മഹാലക്ഷ്മിയുമായുള്ള വിവാഹം ഏറെ ചര്‍ച്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: