ലോക രാജ്യങ്ങളില്‍ പ്രധാനപ്പെട്ട 29 രാജ്യങ്ങളുടെ പൊതു വേദിയായ ജി 20 യുടെ 2023 ലെ ഉച്ചകോടി ചരിത്രപ്രധാനമാകുകയാണ്. വിദഗ്ദ്ധരും നയതന്ത്രജ്ഞരും ബുദ്ധിജീവികളും ഉദ്യോഗസ്ഥരും ചേര്‍ന്നു നടത്തുന്ന എന്തോ ഔദ്യോഗിക പരിപാടി എന്ന നിലയില്‍ ഏറെക്കാലമായി നടക്കുന്ന ഈ ഉച്ചകോടി ഭാരതത്തിന്റെ അദ്ധ്യക്ഷതയില്‍ എത്തിയതോടെ ജനസാമാന്യത്തിന്റേതായി, ജനപങ്കാളിത്തമുള്ളതായി, കൃത്യമായ ദിശാബോധവും സാമൂഹ്യ ബോധവും ഉള്ളതായി. ജി 20 പൊതുവേ സാമ്പത്തികവാണിജ്യ കാര്യങ്ങളില്‍ ചര്‍ച്ചയും തീരുമാനവും മാത്രമെടുത്തിരുന്ന കാലത്തുനിന്ന് മാറി സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങളും ചര്‍ച്ചചെയ്ത് പരിഹാരം കാണാന്‍ ശ്രമിച്ചു.
ജി 20 യുടെ ഒരു വിഭാഗമായ എല്‍ 20 എന്ന ലേബര്‍ 20 യില്‍ ഉയര്‍ന്നു കേട്ടത് സാധാരണക്കാരന്റെ ജീവല്‍ പ്രശ്നങ്ങളായിരുന്നു. ആ ചര്‍ച്ചകള്‍ക്ക്, ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞ പ്രമേയത്തിന് പിന്നില്‍ കേരളത്തില്‍നിന്നുള്ള പ്രമുഖ നിയമജ്ഞനും തൊഴില്‍ ട്രേഡ് യൂണിയന് രംഗത്ത് ദേശീയതലത്തില്‍ പ്രധാനിയായ സംഘടനാ പ്രവര്‍ത്തകനും സാമൂഹ്യസാമ്പത്തികകാര്യ ചിന്തകനുമായ അഡ്വ. സി.കെ. സജി നാരായണനാണ് ഉണ്ടായിരുന്നത്. ഭോപ്പാലില്‍ നടന്ന ലേബര്‍ 20 സമ്മേളനത്തില്‍ അദ്ദേഹം അവതരിപ്പിച്ച പ്രമേയം എല്‍ 20 ഏക കണ്ഠമായാണ് അംഗീകരിച്ചത്.
ഒരു ടീമാണ് ഓരോ വിഷയത്തിലുമുള്ള ചര്‍ച്ചകള്‍ നയിക്കുന്നത്. ഒരു തലവനുണ്ടായിരിക്കും. അതോടൊപ്പം, ഇത്തരം കാര്യങ്ങളില്‍ തയാറെടുപ്പിന് ഒരു ടീമുണ്ടാകും. തൊഴില്‍ കാര്യങ്ങളുടെ ചര്‍ച്ച നടത്തുന്ന എല്‍ 20 എന്ന ലേബര്‍ 20 യുടെ പ്രസ്താവന തയാറാക്കി ചര്‍ച്ച നയിച്ച ടീമുകളിലെ പ്രധാനി അഡ്വ. സി.കെ. സജിനാരായണനാണ്. ബിഎംഎസ്, എന്ന ലോകത്തെതന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടനയുടെ മുന്‍ അഖിലേന്ത്യാ അദ്ധ്യക്ഷനും, തൊഴില്‍ നിയമങ്ങളുടെയും ട്രേഡ് യൂണിയന് സംവിധാനങ്ങളുടെയും മേഖലയില്‍ സൈദ്ധാന്തികനുമായതിനാല് ആ ചുമതല ലഭിക്കുകയായിരുന്നു. സജി നാരായണന് ജി 20യേയും എല്‍ 20യേയും കുറിച്ച് സംസാരിക്കുന്നു:
- ജി 20 യെക്കുറിച്ച് മുമ്പും കേട്ടിട്ടുണ്ടെങ്കിലും ഇത്രത്തോളം ജനകീയമായത് ഇതാദ്യമായാണ്. അതില്‍ത്തന്നെ ലേബര്‍ 20 എന്ന ഉപഘടകമൊക്കെ ആദ്യമായാണ് പക്ഷേ ശ്രദ്ധയില്‍ വരുന്നത്. എല്‍ 20യെക്കുറിച്ച് വിശദീകരിക്കാമോ?
ജി 20 യുടെ പതിനൊന്ന് ഉപ വിഭാഗങ്ങള്‍ അഥവാ വെര്ട്ടിക്കിളുകളുണ്ട്. അതില്‍ പാട്നയില്‍ നടന്ന ലേബര്‍ 20 ആയിരുന്നു ഏറ്റവും പ്രധാനമായതും വിജയമായതും. 29 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പല എതിര്‍പ്പുകളെയും മറികടന്നു ഉച്ചകോടിയില്‍ പങ്കെടുത്തു.
2022 ഡിസംബര്‍ ഒന്നിനായിരുന്നു ഭാരതം ജി 20 യുടെ അധ്യക്ഷ സ്ഥാനം എറ്റെടുത്തത്. ഉടന്‍തന്നെ അതിന്റെ ഘടനാപരമായ പുനസ്സംഘടനയും നടന്നു. അങ്ങനെയാണ് എല്‍ 20 ഉള്‍പ്പെടുന്ന പതിനൊന്നു വെര്‍ട്ടിക്കിളുകള്‍ എന്ന ഉപ സമിതികള്‍ എന്നു വിളിക്കാവുന്നവ രൂപപ്പെട്ടത്. തുടക്കത്തില്‍ എന്ത്, എങ്ങനെ എന്നൊക്കെ ആശയക്കുഴപ്പമുണ്ടായി. മാര്‍ഗനിര്‍ദേശം നല്‍കാനും ആരുമില്ലാത്ത സ്ഥിതി. എന്നാല്‍ പെട്ടെന്ന് കാര്യങ്ങള്‍ ഞങ്ങള്‍ തന്നെ ഇരുന്നു തീരുമാനിച്ചു.
‘ഇന്സപ്ഷന്’ മീറ്റിങ് എന്ന് സമാരംഭ യോഗത്തിനും, ‘സമ്മിറ്റ്’ എന്ന് സമാപന ഉച്ചകോടി മീറ്റിങ്ങിനും പേരുനിശ്ചയിച്ചിട്ടുണ്ട്. അങ്ങനെ ലേബര്‍ 20 യുടെ സമാരംഭ യോഗം നിശ്ചയിച്ചിരുന്നത് അമൃതസറിലായിരുന്നു. മീറ്റിങ്ങിന് തയാറെടുപ്പായപ്പോഴേ അവിടെ ക്രമസമാധാന പ്രശ്നങ്ങള്‍ തുടങ്ങി. വിഘടന വാദികളുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് ആക്രമണങ്ങളും മറ്റുമുണ്ടായി. എല്‍ 20 യുടെ മീറ്റിങ്ങില്‍ ഒട്ടേറെ വിദേശ പ്രതിനിധികള്‍ പങ്കെടുക്കുന്നതാണ്. അവര്‍ക്ക് സുരക്ഷ ഒരുക്കണം, അതിനാല്‍ അമൃതസറില്‍നിന്ന് യോഗം ദല്‍ഹിക്കടുത്ത് നോയിഡയില്‍ നടത്താന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ഒരു കാരണവശാലും മാറ്റാന്‍ പാടില്ല, എല്ലാ വിദേശ പ്രതിനിധികള്‍ക്കും നാം ആവശ്യമായ സുരക്ഷ കൊടുക്കും എന്ന് പ്രഖ്യാപിച്ചു. അങ്ങനെ അമൃതസറില്ത്തന്നെ മീറ്റിങ് നടന്നു. അവിടെ എട്ടു വിഷയങ്ങളില്‍ വിശദമായ ചര്‍ച്ച നടന്നു.
അതിനു ശേഷം നടന്ന പ്രധാന പരിപാടി പാറ്റ്നയിലെ എല്‍ 20 ഉച്ചകോടിയായിരുന്നു. രണ്ടും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളായിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ സമ്മേളനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്കി. അതിനിടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലതരം സമ്മേളനങ്ങള്‍ നടത്തി. തിരുവനന്തപുരത്ത് മഹിളാ സമ്മേളനം നടന്നത് അതിന്റെ ഭാഗമായാണ്. മൂവായിരത്തിലേറെ മഹിളകള്‍ പങ്കെടുത്ത പരിപാടിയായിരുന്നു അത്. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, വി. മുരളീധരന് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്നായിരുന്നു പാറ്റ്ന സമ്മേളനം. അത് അവിടത്തെ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു. 29 വിദേശ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ജി 20 രാജ്യങ്ങള്‍ക്ക് പുറമെ ഒമ്പത് സൗഹൃദ രാജ്യങ്ങളില്‍നിന്ന് നിരീക്ഷകരുമുണ്ടായിരുന്നു.
അമൃതസറില്‍ അഞ്ച് ടാസ്ക് ഫോഴ്സുകള്‍ ഉണ്ടാക്കിയിരുന്നു. അവരുടെ റിപ്പോര്‍ട്ടുകള്‍ പാറ്റ്നയില്‍ അവതരിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രസ്താവന തയാറാക്കി, അത് പാറ്റ്നയില്‍ ഐകകണ്ഠ്യേന പാസാക്കി.
- ആ പ്രസ്താവന ഏറെ ശ്രദ്ധേയമായെന്നും ഉള്ളടക്കം ഏറെ നിര്ണായകമായെന്നുമാണ് ലഭ്യമായ വിവരം. അതെക്കുറിച്ച് ചുരുക്കിപ്പറയാമോ?
പ്രസ്താവന ഏകകണ്ഠമായി പാസാക്കി എന്നതു മാത്രമല്ല, സര്‍വരും സ്വീകരിച്ച് അഭിനന്ദിച്ചുവെന്നതാണ് പ്രധാനം. സാമൂഹ്യ സുരക്ഷയില്‍ ഫോക്കസ് ചെയ്തുകൊണ്ടായിരുന്നു പ്രസ്താവന. അത് ഏകാത്മ മാനവ ദര്‍ശനത്തിന്റെ കാഴ്ചപ്പാടിലാണ് അവതരിപ്പിച്ചത്. ‘സമൂഹത്തിലെ അവസാനത്തെ ആളിനും സാമൂഹ്യ സുരക്ഷ’ എന്ന പ്രയോഗം എല്ലാവരും സ്വാഗതം ചെയ്തു. ഏകാത്മ മാനവ ദര്‍ശനത്തിലെ ‘അന്ത്യോദയം’ എന്ന വാക്ക് ഉപയോഗിച്ചില്ല എന്നുമാത്രം. വിദേശ രാജ്യപ്രതിനിധികള്‍ക്ക് അതിന്റെ വിശദീകരണം ഏറെ ബോധിച്ചു. അവര്‍ പ്രശംസിച്ചു. ‘സമഗ്ര ദൃഷ്ടി വേണം, സമരസതയാണ് മനുഷ്യ പുരോഗതിയുടെ മന്ത്രം’ എന്ന കാഴ്ചപ്പാട് പറഞ്ഞു. അതെല്ലാം പ്രതിനിധികള്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ഇതുവരെ അവതരിപ്പിച്ച പ്രസ്താവനകളില്‍ ഏറ്റവും മികച്ചത് എന്ന് വിദേശ മന്ത്രാലയം പ്രശംസിക്കുകയും ചെയ്തു. എല്‍ 20 യില്‍ പങ്കെടുത്ത ‘സൗസ് ഷെര്‍പ്പ’ ആയ വിദേശകാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ടീമാണ് അങ്ങനെ നിരീക്ഷിച്ചത്.
(ജി 20 നടക്കുന്ന രാജ്യത്ത് അതിന്റെ മുഴുവന്‍ നടത്തിപ്പ് ചുമതലയുള്ളയാള്‍ ‘ഷെര്‍പ്പ’ എന്നാണ് അറിയപ്പെടുന്നത്. ‘സമ്മിറ്റ്’ എന്ന ഉച്ചകോടി കടക്കാന്‍ ഹിമാലയം താണ്ടുന്ന നേപ്പാളിലെ സാഹസികരുടെ പേര് ഉപയോഗിച്ചിരിക്കുന്നു. ജി 20 യില്‍ നമ്മുടെ നിതി ആയോഗിന്റെ തലവനായ അമിതാഭ് കാന്താണല്ലോ ഷെര്‍പ്പ. സഹായിയാണ് ‘സൂസ് ഷെര്‍പ’.)
ആഗോള തലത്തില്‍ തൊഴില്‍ മേഖലയിലുള്ള പ്രധാന പ്രശ്നങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്ത് പരിഗണിച്ച ഒരു പ്രസ്താവനയാണത്. അതില്‍ മറ്റു പല മേഖലകളില്‍നിന്നുള്ളവരും പങ്കെടുത്തു. ഉദാഹരണത്തിന് സി 20 എന്നത് സിവില്‍ 20 ആണ്. ലോകമാകെയുള്ള എന്‍ജിഒകളുടെ പ്രതിനിധികളാണ് അതിലുള്ളത്. മാതാ അമൃതാനന്ദമയിയാണ് അതിന്റെ അധ്യക്ഷ. മഠത്തിലെ പ്രതിനിധിയായി ശ്രീവിദ്യ എന്നയാളാണ് പങ്കെടുത്തത്. ബി 20 അഥവാ ബിസിനസ് 20 തൊഴില്‍ ഉടമകളുടെ വിഭാഗമാണ്. യൂത്ത് 20 ആണ് വൈ 20. അതില്‍ എബിവിപിയുടെ പ്രതിനിധികള്‍ പങ്കെടുത്തു. എല്‍ 20 യും ബി 20 യും ചേര്‍ന്ന് ഒരു സംയുക്ത പ്രസ്താവന ഉണ്ടാക്കണമെന്ന് തീരുമാനിച്ചിരുന്നു. അതുമുണ്ടാക്കി. പാറ്റ്നയ്ക്ക് ശേഷം ഇരുന്ന് കൂടിയാലോചിച്ചാണത് ചെയ്തത്. ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഓഫ് എംപ്ലോയേഴ്സ് (ഐഒഇ) ആണ് ലോകത്തെ തൊഴിലുടമകളുടെ മുഴുവന്‍ ഏക സംഘടന. അവര്‍ പറഞ്ഞു, ആദ്യമായാണ് ഇങ്ങനെയൊരു പ്രസ്താവന തര്‍ക്കമില്ലാതെ പാസാകുന്നതെന്ന്. ഐഒഇ യുടെ നേതൃത്വത്തില്‍ ഇരിക്കുന്നത് യൂറോപ്യന്‍ യൂണിയനാണ്. അവരും ഒരു മാറ്റവും ഇല്ലാതെ അംഗീകരിച്ചു. സാധാരണ ഇത്തരം പ്രസ്താവന വരുമ്പോള്‍ ജി 20 നടക്കുന്ന രാജ്യത്തിന്റെ താല്പര്യങ്ങളോട് പക്ഷപാതം വരും. എന്നാല്‍ ഈ പ്രസ്താവനയില്‍ അതൊന്നുമുണ്ടായില്ല എന്നത് അവര്‍ ചൂണ്ടിക്കാട്ടി. പ്രസ്താവന മധ്യപ്രദേശ് ഇന്തോറില്‍ നടന്ന ജി 20യുടെ അന്തര്‍ദേശീയ തൊഴില്‍കാര്യ മന്ത്രിമാരുടെ സമ്മേളനത്തിലും ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. അതാണ് ഇനി ഉച്ചകോടിയില്‍ വരുന്നത്. അവിടത്തെ പ്രസ്താവനയില്‍ എല്‍ 20, ബി 20 പ്രസ്താവനകളുടെ ഭാഗം വരും. സെപ്തംബറില്‍ ദല്‍ഹിയിലാണ് ഉച്ചകോടി.
- മുമ്പ് നടന്ന ജി 20 കള്‍ക്കും ഇപ്പോള്‍ ഭാരതത്തില്‍ നടക്കുന്ന ജി 20 ക്കും സമാന സ്വഭാവമായിരുന്നോ? അതോഭാരതത്തിലായതുകൊണ്ടാണോ നമ്മള് ഇത്ര ശ്രദ്ധിക്കുന്നത്?
അല്ല. ഇത്തവണ ജി 20 യുടെ കാര്യത്തില്‍ മുമ്പില്ലാത്ത ഒരു കുതിച്ചുചാട്ടമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന ആസൂത്രണമാണതിന് കാരണം. ജി 20 യുടെ ഊന്നല്‍ രാജ്യങ്ങളുടെ വാണിജ്യത്തില്‍ നിന്നും ജനസാമാന്യത്തിന്റെ വികസനത്തിലേക്കെത്തുന്ന പ്രക്രിയ ഭാരതത്തിന്റെ അദ്ധ്യക്ഷതയില്‍ പൂര്‍ണമായി. എല്‍ 20 യും മറ്റും കൂടുതല്‍ ശ്രദ്ധേയമായി. മുമ്പ് ജി 20 നടന്ന രാജ്യങ്ങളിലൊക്കെ കുറേ വിദേശ പ്രതിനിധികള്‍ വന്ന് ചര്‍ച്ച നടത്തിപ്പോകുന്ന ഒരു പരിപാടിയായി മാറിയിരുന്നു. കാര്യമായി ആരും അറിഞ്ഞിരുന്നില്ല. നമരന്ദ്രമോദി അതിനെ ജനകീയമാക്കി. സാധാരണക്കാര്‍ പോലും ജി 20 യെക്കുറിച്ച് അറിഞ്ഞു, താഴേത്തട്ടില്‍വരെ ചര്‍ച്ച ചെയ്യുന്നു.
(ഭാരതത്തിന് ജി 20 യുടെ അധ്യക്ഷ സ്ഥാനം ലഭിച്ചപ്പോള്‍ അത് ഭാരതത്തെ, ഭാരതത്തന്റെ സംസ്കാരത്തെ എല്ലാ അര്‍ത്ഥത്തിലും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനുമുള്ള അവസരമാണ്, അത് വിനിയോഗിക്കണമെന്നായിരുന്നു പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്. ഇതിന് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഭരണപരമായി എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കി. പരിപാടികള്‍ നടത്താന്‍ തിരഞ്ഞെടുത്ത പ്രാദേശിക കേന്ദ്രങ്ങള്‍ക്കും അത്തരത്തില്‍ പ്രാധാന്യം ഉണ്ടായിരുന്നു. കേരളത്തില്‍ കോവളവും കുമരകവും നിശ്ചയിച്ചപ്പോള്‍ കേരളത്തിന്റെ ടൂറിസം സാധ്യത ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുകയെന്നതായിരുന്നു മോദിയുടെ ഭാവന)
- ഭാരതത്തിലെ ജി 20 യുടെ പ്രത്യേകതയായി പറയാവുന്നത് എന്തെല്ലാമാണ്?
ഭാരതത്തിലെ ജി 20 യെ ലോകം ആകെ ഉറ്റുനോക്കുന്നുണ്ട്. അതിന് കാരണം, കഴിഞ്ഞതവണ ബാലിയില്‍ നടന്ന ജി 20 ഉച്ചകോടിയുടെ പരാജയമാണ്. അവിടെ ഒരു പൊതു പ്രസ്താവന പാസാക്കാന്‍ കഴിഞ്ഞില്ല. ആ അര്‍ത്ഥത്തില്‍ ബാലി ജി 20 പരാജയമായിരുന്നു. അവസാനം അധ്യക്ഷന്റെ പ്രസംഗം പ്രസ്താവനയെന്ന നിലയില്‍ പരിഗണിക്കുകയായിരുന്നു. അതിന് കാരണമായത് ഉെ്രെകന് യുദ്ധമായിരുന്നു. ഉെ്രെകന് യുദ്ധ വിഷയം പ്രസ്താവനയില്‍ ഉള്‍പ്പെടുത്തി. ചൈനയും റഷ്യയും ഒറ്റ ബ്ലോക്കായി അന്ന് നിന്നു.
ദല്‍ഹി ഉച്ചകോടിയുടെ പ്രാധാന്യം എനിക്ക് മനസ്സിലാകുന്നത് മൂന്നു നാലു കാര്യങ്ങളിലാണ്.
ഒന്ന്: ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യം സംഭവിക്കുന്നു.
രണ്ട്: ഉെ്രെകന് യുദ്ധം.
മൂന്ന്: യുഎന്നിന്റെ ‘എസ്ഡിജി ഗോള്‍സ്’ 2030 ല്‍ ദാരിദ്ര്യം ഇല്ലാതാക്കണമെന്ന യുഎന്‍ സങ്കല്‍പ്പത്തിലുള്ള വലിയ പദ്ധതി.
സെപ്തംബറില്‍ എസ്ഡിജിയെ സംബന്ധിച്ച ആഗോള ഉച്ചകോടി നടക്കാന്‍ പോവുകയാണ്. ഈ വിഷയങ്ങളിലൊക്കെ 2023 ജി 20യില്‍ ഭാരതത്തിന്റെ നിലപാട് അറിയാനാകുമെന്ന് ലോകം കാത്തിരിക്കുന്നുണ്ട്.
- ജി 20 ക്കു പിന്നിലും വന്‍ രാഷ്ട്രങ്ങള്‍ക്കിടയിലെ രാഷ്ട്രീയമുണ്ടല്ലോ. ആ രാഷ്ട്രീയം ചുരുക്കി വിശദീകരിച്ചാല്‍?
ജി 20 യിലും രാഷ്ട്രീയമുണ്ട്. ബെംഗളൂരില്‍ ഇത്തവണ നടന്ന ജി 20 ധനകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലും ഉെ്രെകന് വിഷയം വന്നു. റഷ്യ പറഞ്ഞു, ബാലിയിലെ ജി 20 യുടെ പ്രസ്താവനയായി വന്ന ഉെ്രെകന് പരാമര്‍ശം പിന്‍വിലിക്കണമെന്ന്. അതിനെ ചൈനയും പിന്തുണച്ചു. പക്ഷേ ആവശ്യം പറ്റില്ലെന്ന് യോഗം പറഞ്ഞു. 29 രാജ്യങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുത്തു. അവരില്‍ 20 പേര്‍ക്കാണ് വോട്ടിങ് അധികാരമുള്ളത്. 18 രാജ്യങ്ങള്‍ ഈ വര്‍ഷത്തിലെ പ്രമേയത്തില്‍ ഉെ്രെകന് വിഷയം വരണമെന്നും രണ്ടു രാജ്യങ്ങള്‍ വേണ്ടെന്നും അഭിപ്രായപ്പെട്ടു. ദല്‍ഹിയില്‍ നടന്ന വിദേശകാര്യ മന്ത്രിമാരുടെ മീറ്റിങ്ങിലും വിഷയം വന്നു.
ദല്‍ഹിയില്‍ മാര്‍ച്ച് 1,2 തീയതികളിലാണ് വിദേശകാര്യ മന്ത്രിമാരുടെ മീറ്റിങ് നടന്നത്. അവിടെയും പ്രസ്താവന പാസായില്ല. പ്രതിനിധികള്‍ ഒന്നിച്ചുനിന്നു ഫോട്ടോ പോലും എടുക്കാനായില്ല. ഭാരതത്തിന്റെ നിലപാട് ഐകകണ്ഠ്യേന അല്ലെങ്കില്‍ പ്രസ്താവന വേണ്ട എന്നായിരുന്നു. അതുകൊണ്ടാണ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു ശേഷം,’മീറ്റിങ് 85 ശതമാനം വിജയം’ എന്ന് നമ്മുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പ്രസ്താവിച്ചത്.’ക്വാഡി’നെ റഷ്യയും എതിര്‍ത്തു (ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗാണ് ക്യൂഎസ്ഡി എന്ന ‘ക്വാഡ്’. അമേരിക്ക, ഭാരതം, ആസ്ത്രേലിയ,ജപ്പാന് എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുള്ള തന്ത്രപരമായ കൂട്ടാണിത്)
ചൈനയും റഷ്യയോട് യോജിച്ചു. ചൈനയുടെ നീക്കങ്ങള്‍ക്കെതിരേയാണ് ‘ക്വാഡ്’. ഉെ്രെകന് യുദ്ധത്തില്‍ റഷ്യയ്ക്കൊപ്പമാണ് ചൈന. അതുകൊണ്ടാണ് അവര്‍ രണ്ടുപേരും ഒന്നിച്ചു നില്‍ക്കുന്നത്. ഇതൊക്കെയാണ് രാഷ്ട്രീയം. എന്നാല്‍, എല്‍ 20 മീറ്റിങ്ങില്‍ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ബുദ്ധിപൂര്‍വമായ ഇടപെടല്‍ മൂലം ഉെ്രെകന് വിഷയം പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയില്ല. ഇന്തോറില്‍ വച്ച് നടന്ന തൊഴില്‍ മന്ത്രിമാരുടെ പ്രസ്താവനയില്‍ ഉെ്രെകനെക്കുറിച്ചുള്ള ഒരു ഖണ്ഡികയൊഴികെ മറ്റുള്ളവയാണ് പാസ്സാക്കിയത്.
(ഇവിടെ ജി 20 യുടെ രൂപപ്പെടലിന്റെ കാര്യം പറയണം. അപ്പോഴേ പൂര്‍ണമാകൂ. ആദ്യം ഏഴു രാജ്യങ്ങളായിരുന്നു, ജി 7 എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നെ റഷ്യയും ചേര്‍ന്നപ്പോള്‍ ജി 8 ആയി. റഷ്യ പിന്മാറിയപ്പോള് പിന്നെയും ജി 7 ആയി. ജി 8 ഒരു മുതലാളിത്ത സംവിധാനമാണെന്ന ആക്ഷേപങ്ങളുണ്ടായി. അപ്പോള്‍ ഭാരതം മുന്‍കൈ എടുത്ത് അന്ന് ഒരു സമാന്തര സംവിധാനമുണ്ടാക്കി. അങ്ങനെ ഭാരതത്തിന്റെ നേതൃത്വത്തില്‍ 77 രാജ്യങ്ങളുടെ സംഘാതമായി ജി 77 രൂപീകരിച്ചു. അത് വന്‍ ശക്തിയാകുമെന്ന് മനസ്സിലായപ്പോള്‍, ജി 8 ഒറ്റപ്പെടുമെന്നായപ്പോള്‍ അവര്‍ ജി 8 നെ വിപുലപ്പെടുത്തി. ജി 8 ന്റെ ഭാഗമായി ‘ഔട്ട്റീച്ച് 5’ എന്ന് അഞ്ച് രാജ്യങ്ങളുടെ സംവിധാനമുണ്ടാക്കി. അതില്‍ ഭാരതമുണ്ടായിരുന്നു. അതിന്റെ യോഗത്തിലാണ് ജി 20 എന്ന ആശയമുണ്ടായത്. 1999 ലാണ് ജി 20 യുടെ തുടക്കം; ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു അത്. ഭാരതമുള്‍പ്പെടെയുള്ള പ്രധാനപ്പെട്ട രാജ്യങ്ങളെ ഉള്‍പ്പെടുത്തി ജി 8 വിപുലമാക്കി ജി 20 ആക്കി. പക്ഷേ ജി 8 നെ നിലനിര്‍ത്തിക്കൊണ്ടായിരുന്നു അത്. അങ്ങനെ ‘അവരുടെ ഉദ്ദേശ്യം’ നടന്നു; ജി 77 ഇല്ലാതായി. ജി 8 ഇപ്പോഴും ഇടയ്ക്ക് യോഗങ്ങള്‍ ചേരാറുണ്ട്. എന്നാല്‍ ആരും വലിയ പ്രാധാന്യം കൊടുക്കാറില്ല.
ജി 8 എന്നത് ജി 20 യായി വികസിപ്പിക്കുന്നതിനെ ബ്രിട്ടനും ഫ്രാന്‍സും പിന്തുണച്ചപ്പോള്‍ അമേരിക്കയും ജപ്പാനുമായിരുന്നു എതിര്‍ത്തത്. ലോകത്തിന്റെയാകെ 85 ശതമാനം ജിഡിപിയും, ആഗോള വാണിജ്യത്തിന്റെ 75 ശതമാനവും, ആഗോള ജനസംഖ്യയുടെ മൂന്നില്‍ രണ്ടും എന്നിങ്ങനെയാണ് ജി 20യുടെ ശക്തി. അമേരിക്കയില്‍ നടന്ന ജി 20 മീറ്റിങ്ങാണ് ലീഡേഴ്സ് മീറ്റ് ആയത്. അതുവരെ, 1999 മുതല്‍ 2007 വരെ, ധനകാര്യ മന്ത്രിമാരുടെ സമ്മേളനമായിരുന്നു. അമേരിക്കയിലെ സമ്മേളനത്തോടെ രാഷ്ട്രത്തലവന്മാര് സമ്മേളനങ്ങളില്‍ പങ്കെടുക്കണമെന്ന തീരുമാനമായി. അതുവരെ ആഗോള സാമ്പത്തിക കാര്യങ്ങളും വാണിജ്യകാര്യങ്ങളും മാത്രമായിരുന്നു ചര്‍ച്ച. ഇന്ന് ഐക്യരാഷ്ട്ര സഭയുടെ എസ്ഡിജി അഥവാ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്നതിലേക്ക് വരെ ശ്രദ്ധ കേന്ദ്രീകരിച്ചു. വലിയ വിപ്ലവമായി അത്. അതോടെ വികസ്വര രാജ്യങ്ങളുടെ വികസന കാര്യങ്ങളിലേക്ക് ചര്‍ച്ചകളുടെ ഫോക്കസ് തിരിഞ്ഞു. അങ്ങനെയാണ് ദാരിദ്ര്യ നിര്‍മാര്‍ജനം ഒക്കെ ജി 20 വിഷയമായത്.)
ഇനി വരാന്‍ പോകുന്ന സുപ്രധാന സമ്മേളനങ്ങളില്‍ ഒന്ന് എസ്ഡിജി സമ്മേളനമാണ് സെപ്തംബറില്‍. മുമ്പ് നടന്നപോലെ വലിയൊരു കാലാവസ്ഥാ സമ്മേളനം (ഇഛജ) ഡിസംബറില്‍ വരുന്നുണ്ട്. പിന്നെ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ എന്ന പേരില്‍ 2024 ല്‍ വലിയൊരു മീറ്റിങ് വരുന്നുണ്ട്. ഭാരതം ഉയര്‍ത്തിയ വിഷയം, ജി 20 വികസിപ്പിക്കണം എന്ന ആവശ്യമാണ്. ആഫ്രിക്കന്‍ യൂണിയനെക്കൂടി ചേര്‍ക്കണം എന്നാണ് ആവശ്യം. അതില്‍ തീരുമാനം വരണം.
- ആഫ്രിക്കന്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തുക എന്ന ആവശ്യം സാധ്യമാകുമോ. ഭാരതം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അടുത്തകാലത്തായി കൂടുതല്‍ താല്പര്യം കാണിക്കുന്ന പശ്ചാത്തലത്തില്‍, പ്രത്യേകിച്ച് ചൈനയ്ക്കും മറ്റും എതിര്‍പ്പുണ്ടാകില്ലേ?
ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് അംഗത്വം കൊടുക്കുകയെന്നതല്ല. ഇപ്പോള്‍ ജി 20 യില്‍ യൂറോപ്യന്‍ യൂണിയനാണ് അംഗത്വം, അല്ലാതെ യൂറോപ്പിലെ രാജ്യങ്ങള്‍ക്കല്ല. യൂണിനില്‍ ചേരാതുള്ള ചില രാജ്യങ്ങളുണ്ട്. അവര്‍ പ്രത്യേക അംഗമാകാം. ബാക്കി യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നടങ്കം യൂറോപ്യന്‍ യൂണിയന് എന്ന പേരില്‍ അംഗമാണ്. ആഫ്രിക്കയിലെ എല്ലാ രാജ്യങ്ങളും ചേര്‍ന്ന് ഒരു യൂണിയനുണ്ട്. ആ യൂണിയനെയാണ് അംഗമാക്കാന്‍ ആവശ്യപ്പെടുന്നത്. ഭാരതം ഇപ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ ക്ഷേമ കാര്യങ്ങളില്‍ ഏറെ താല്പര്യം കാണിക്കുന്നുണ്ട്. കാരണം, ആ രാജ്യങ്ങള്‍ക്ക് അര്‍ഹമായ പരിഗണന കൊടുക്കാത്തതിനാല്‍ ചൈന അവരെ ചൂഷണം ചെയ്യുന്നു. പല ആഫ്രിക്കന്‍ രാജ്യങ്ങളും ചൈനയുടെ കോളനികളായിട്ടുണ്ട്.
അക്കാര്യത്തില്‍ തീരുമാനം ഇത്തവണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. കാരണം ആര്‍ക്കും എതിര്‍പ്പില്ല. ആഫ്രിക്കന്‍ രാജ്യങ്ങള്‍ ചേര്‍ന്നാല്‍ വലിയൊരു ഭൂഖണ്ഡമാണ്. അവയെല്ലാംകൂടി ജി 20 രാജ്യങ്ങളുടെ ഭാഗമായാല്‍ ലോകരാജ്യങ്ങളില്‍ 90 ശതമാനത്തോളമാകും. ആഫ്രിക്കന്‍ രാജ്യങ്ങളുടെ കാര്യത്തില്‍ ഭാരതം കൂടുതല്‍ ശ്രദ്ധവെക്കുന്നുണ്ട്, മോദി സര്‍ക്കാര്‍ വന്നശേഷം. കാരണം ചൈന മറ്റു രാജ്യങ്ങള്‍ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അവിടം താവളമാക്കുന്നത് ചെറുക്കേണ്ടതുണ്ട്.
- വിഷയം തിരിച്ചു പറഞ്ഞാല്‍ ജി 20 ചര്‍ച്ച ചെയ്യുന്നത് എന്തൊക്കെയാണ്?
ഭക്ഷ്യ സുരക്ഷ, ഊര്‍ജ സുരക്ഷ, ജൈവ വൈവിദ്ധ്യം, ആഗോള ആരോഗ്യം എന്നിവയാണ് മുഖ്യമായും ചര്‍ച്ചകള്‍ നടക്കുന്നത്. ഇതുകൂടാതെ ഭാരതം നിര്‍ദ്ദേശിച്ച മൂന്ന് വിഷയങ്ങളുണ്ട് ഒന്ന്: ഭീകരവിരുദ്ധ പ്രവര്‍ത്തനം, രണ്ട്: ലഹരി വിരുദ്ധ പ്രവര്‍ത്തനം, മൂന്ന്: പ്രകൃതി ദുരന്തലഘൂകരണം.
- ബാലിയിലെ ജി 20 യുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാരതത്തിലെ ജി 20 യുടെ വിജയത്തെക്കുറിച്ച് ഇതുവരെയുള്ള കാര്യങ്ങള്‍ വിലയിരുത്തിപ്പറഞ്ഞാല്‍?
വളരെ സുപ്രധാനമായ ചില ഇന്നര്‍ മീറ്റിങ്ങുകളും ജി 20 യുടെ ഭാഗമായി നടന്നുവെന്നത് ഭാരതം മുന്‍കൈയെടുത്തതിന്റെ ഫലമായാണ്. അതിലൊന്ന് യുഎസ് സെക്രട്ടറിയും റഷ്യന്‍ ധനകാര്യ മന്ത്രിയും തമ്മിലുള്ള ചര്‍ച്ചയാണ്. ഉെ്രെകന് യുദ്ധം തുടങ്ങിയ ശേഷം അങ്ങനെ അമേരിക്കയും റഷ്യയും തമ്മിലൊരു കൂടിക്കാഴ്ച ആദ്യമായാണ്. അതായത് ഉെ്രെകന് സംഭവഗതികള്‍ക്ക് ശേഷം അന്താരാഷ്ട്രതലത്തില്‍ ഉണ്ടായിരിക്കുന്ന ഒരു ആശങ്ക വീണ്ടും ആഗോളതലത്തില്‍ ഒരു ശീതയുദ്ധം (കോള്‍ഡ് വാര്) ഉണ്ടാകാന്‍ പോകുന്നുവെന്നതാണ്. 1990 കളില്‍ റഷ്യയിലെ ഗ്ലാസ്നോസ്ത് പെരിസ്ട്രോയ്ക്കയോടെ അവസാനിച്ച റഷ്യഅമേരിക്ക ശീതയുദ്ധത്തില്‍ യൂറോപ്യന്‍ യൂണിയനും പങ്കാളിയായി വീണ്ടും വരുന്നുവെന്നാണ് പലരും ഭയപ്പെടുന്നത്. എന്നാല്‍ ജി 20 യുടെ ഇടയില്‍ ഇരു രാജ്യങ്ങളും ഭാരതമണ്ണില്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തിയെന്നത് ഭാരതത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. അത് നമ്മുടെ നയതന്ത്രജ്ഞരുടെ വലിയ നേട്ടമാണ്. നമ്മളാണ് അതിന് കാരണക്കാര്‍. ചര്‍ച്ച തുടങ്ങിട്ടുണ്ട്. ഗുണഫലം പ്രതീക്ഷിക്കാം.
മറ്റൊന്ന് ഭാരതത്തിന്റെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാര്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്തതാണ്. അവര്‍ 45 മിനിട്ട് ചര്‍ച്ച നടത്തി. അതും ഒരു വര്‍ഷത്തിനിടെ ആദ്യമാണ്. അതായത്, ‘ഭാരതവും ചൈനയും തമ്മിലുള്ള ബന്ധം സാധാരണമട്ടിലല്ലാതായി (അബ്നോര്‍മല്‍)’ എന്നായിരുന്നു ചര്‍ച്ചയ്ക്ക് മുമ്പ് നമ്മുടെ മന്ത്രി പറഞ്ഞത്. ആ പശ്ചാത്തലത്തിലായിരുന്നു ഒരു വര്‍ഷം ചര്‍ച്ചകള്‍ നടക്കാതിരുന്നത്. മൂന്നാമത്തെ മീറ്റിങ് ‘ക്വാഡി’ന്റെതായിരുന്നു യുഎസ്, ഭാരതം, ജപ്പാന്, ആസ്ട്രേലിയ എന്നീ നാലു രാജ്യങ്ങളുടേത്. ആ മീറ്റിങ്ങിനെ റഷ്യയും ചൈനയും എതിര്‍ത്തു. ആ മീറ്റിങ് നടക്കാന്‍ പാടില്ല എന്ന് പറഞ്ഞു. എങ്കിലും നടന്നു. പിന്നെ മറ്റൊന്ന് ഐക്യരാഷ്ട്ര സംഘന (യുഎന്‍) യെക്കുറിച്ചായിരുന്നു. യുഎന്‍ അപ്രസക്തമായി, ദുര്‍ബലമായി എന്നായിരുന്നു ചര്‍ച്ചയിലെ വിമര്‍ശനം. ഉെ്രെകന് യുദ്ധം വന്നപ്പോള്‍ യുഎന്നിന് ഒന്നും ചെയ്യാനായില്ല. യുഎന്നില്‍ വലിയ പരിഷ്കാരങ്ങള്‍ വേണമെന്നായിരുന്നു പൊതുവേ ആവശ്യം. അതില്‍ ഭാരതം ആവശ്യപ്പെട്ടത് പരിഷ്കാരങ്ങള്‍ തുടങ്ങേണ്ടത് യുഎന്‍ സുരക്ഷാ സമിതിയില്നിന്നാകണമെന്നായിരുന്നു. സുരക്ഷാ സമിതിയാണ് പരമോന്നത സമിതി. അത് കുറേക്കാലമായി ചേര്‍ന്നിട്ടില്ല. അതിലെ അംഗങ്ങള്‍ തമ്മിലെ പ്രശ്നങ്ങളാണ് കാരണം. ഭാരതത്തെ സുരക്ഷാ സമിതിയില്‍ ചേര്‍ക്കണമെന്നാണ് ഭാരതം ആവശ്യം ഉയര്‍ത്തിയത്. അതിനെ പ്രമുഖ രാജ്യങ്ങള്‍ പിന്തുണക്കുന്നുണ്ട്. എന്ന് അത് സംഭവിക്കും എന്നതുമാത്രമേ വിഷയമുള്ളു. ഇതാണ് ജി 20 യുടെ ഭാരത സമ്മിറ്റിലെ ആഗോള പ്രഭാവം.
- ജി 20 ഉച്ചകോടികളുടെ മുന്‍കാല വിഷയങ്ങള്‍ എന്തൊക്കെയായിരുന്നു, അതിന്റെ തുടര്‍ച്ചയാണോ ഇത്?
2010 ല്‍ ആഗോള പ്രതിസന്ധിയായിരുന്നു വിഷയം. 2011 വില നിയന്ത്രണം വിഷയമായി. 2014 ല്‍ സ്ത്രീകളുടെ തൊഴില്‍ വിഷയമായി. 2015 ല്‍ നൈപുണ്യ വികസനമായി വിഷയം. 2019 ല്‍ വീണ്ടും സ്ത്രീകളുടെ വിഷയങ്ങളുടെ തുടര്‍ച്ച വന്നു. കഴിഞ്ഞ തവണ ബാലിയില്‍ സാമ്പത്തികവും ഊര്‍ജ്ജവുമായിരുന്നു അടിസ്ഥാന വിഷയം.
എല്‍ 20, ലേബര്‍ തൊഴില്‍ മേഖലയുടെതാണ്. സി 20 (സിവില്‍), ബി 20 (ബിസിനസ്സ്), എസ് 20 (ശാസ്ത്രം), ടി 20 (വൈചാരികം), പി 20 (പാര്‍ലമെന്റ്), ഡബ്ല്യൂ 20 (സ്ത്രീ), വൈ 20 (യുവ), യു 20 (അര്‍ബന്‍), എസ്എഐ 20 (ഓഡിറ്റ്), സ്റ്റാര്‍ട്ട് അപ്പ് 20 എന്നിവയാണ് മറ്റ് ഉപ വിഭാഗങ്ങള്‍ അഥവാ വെര്‍ട്ടിക്കിളുകള്‍. അതില്‍ സ്റ്റാര്‍ട്ടപ് 20 ഭാരതം ആരംഭിച്ചതാണ്.
- ജി 20 എങ്ങനെയാണ് ഇത്ര ജനകീയമാക്കാന്‍ സാധിച്ചത്?
‘യൂണിവേഴ്സിറ്റി കണക്ട്്’ എന്ന് ഒരു പരിപാടികൂടി ഭാരതത്തിയെ ജി 20 യില്‍ നരേന്ദ്രമോദി ആവിഷ്കരിച്ചു. അതായത് ജി 20 യില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വിദഗ്ദ്ധര്‍ക്കും ഇടയിലും ചര്‍ച്ചയാകണമെന്ന് തീരുമാനിച്ചു. എല്‍ 20 ടീം അത് ഏറ്റവും സമര്‍ത്ഥമായി കൈകാര്യം ചെയ്തു. ഭാരതത്തിന്റെ വിവിധഭാഗങ്ങളില്‍ സമ്മേളനങ്ങള്‍ നടത്തിയത് കൂടാതെയാണിത്. ആഗോള രാഷ്ട്രീയം, തൊഴില്‍ വിഷയങ്ങള്‍ ഒക്കെ അവര്‍ ഏറെ ഗൗരവമായി സ്വീകരിച്ചു. സ്വാഭാവികമായും വാര്‍ത്തകളും വന്നു. ജനങ്ങളിലെത്തി.
- ലേബര്‍ 20 യുടെ ഏറെക്കുറേ സമ്പൂര്‍ണ്ണ ചുമതല വഹിച്ചയാള്‍ എന്ന നിലയില്‍ എല്‍ 20യെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ചാല്‍?
ലോകത്തെ 20 രാജ്യങ്ങളിലെ തൊഴിലാളി ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് എല്‍ 20. ട്രേഡ് യൂണിയന് വിഷയങ്ങളാണതില് ചര്‍ച്ചയാകുന്നത്. അതിന്റെ നേതൃത്വം ഇതുവരെ ഐടിയുസിയുടെ (ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയന് കോണ്‍ഫെഡറേഷന്‍) നിയന്ത്രണത്തിലായിരുന്നു. യൂറോപ്യന്‍ യൂണിയനു മേല്‍ക്കോയ്മയുള്ള അന്തര്‍ദേശീയ ട്രേഡ് യൂണിയന് ഫെഡറേഷനാണത്. ബെല്‍ജിയത്തിലാണ് പ്രവര്‍ത്തന ആസ്ഥാനം. ഭാരതത്തില്‍നിന്ന് ഐഎന്‍ടിയുസി, എച്ച്എംഎസ്സ്, ഗുജറാത്തില്‍നിന്നുള്ള സേവാ, ബീഹാറില്‍നിന്നുള്ള ഒരു എന്‍ജിഒ ഈ നാലു സംഘടനകള്‍ മാത്രമാണതില്‍ അംഗങ്ങള്‍. യൂറോപ്യന്‍ യൂണിയന്റെ താല്പര്യങ്ങള് മാത്രമാണ് ഐടിയുസി പരിഗണിക്കാറുള്ളു. ബിഎംഎസ് പോലെ പല രാജ്യങ്ങളിലേയും പ്രമുഖ സംഘടനകളെ ഒന്നും ക്ഷണിക്കുകപോലുമില്ലായിരുന്നു. ഇനിയിപ്പോള്‍ വരുന്ന മൂന്ന് ജി 20യിലും ഐടിയുസിക്ക് പങ്കാളിത്തമില്ല. ഭാരതത്തില്‍ അവര്‍ക്ക് റോളില്ല. അടുത്തത് ബ്രസീലിലാണ്. അവിടെയും അവര്‍ക്ക് പ്രധാന സംഘടനയില്ല. അതുകഴിഞ്ഞാല്‍ സൗത്ത് ആഫ്രിക്കയിലാണ്. അവിടെയുമില്ല. അങ്ങനെ ഐടിയുസി പ്രയോഗത്തില്‍ ജി 20യില്നിന്ന് പുറത്തായത് പോലെയാണ്. തൊഴില്‍ മേഖലയിലെ ലോക രാഷ്ട്രീയത്തില്‍ തന്നെ മാറ്റം വരുത്തിയേക്കാവുന്ന കാര്യമാണിത്. പിന്നീട് അമേരിക്കയില്‍ എത്തും, അപ്പോള്‍ വീണ്ടും ഐടിയുസിക്ക് ഇടം ലഭിക്കും. ഭാരത ജി 20യിലും ഐടിയുസിക്ക് എല്‍ 20 യുടെ അധ്യക്ഷത വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഉച്ചകോടി നടക്കുന്നിടത്ത് പ്രവര്‍ത്തനം കുറഞ്ഞ സംഘടനയ്ക്കല്ല, അവിത്തെ ഏറ്റവും വലിയ സംഘടനയ്ക്കാണ് നേതൃത്വം, അത് ബിഎംഎസ് (ഭാരതീയ മസ്ദൂര്‍ സംഘം) ആണെന്നതിനാല്‍ ആ നേതൃത്വം ബിഎംഎസ്സിന് ലഭിക്കുകയായിരുന്നു.
ഇക്കാര്യത്തില്‍ ശ്രദ്ധേയമായ സംഗതി ഐടിയുസി അംഗങ്ങളായവരുടെ പലരുടേയും പിന്തുണ എല്‍ 20യുടെ ബിഎംഎസ് അധ്യക്ഷതയ്ക്ക് ലഭിച്ചു എന്നതാണ്. ഉദാഹരണത്തിന് ഭാരതത്തില്‍ എച്ച്എംഎസ് സീനിയര്‍ നേതാക്കളായ തമ്പാന് തോമസ്, രാജ്യത്തെ ഏറ്റവും വലിയ റെയില്‍വേ ഫെഡറേഷന് നയിക്കുന്ന ശിവഗോപാല്‍ മിശ്ര തുടങ്ങിയവര്‍ ഐടിയുസിയുടെ നിലപാട് തെറ്റാണെന്നു വ്യക്തമാക്കി എല്‍ 20യുടെ പാട്ന ഉച്ചകോടിയില്‍ പങ്കെടുത്തു.
- എല്‍ 20 യാണ് ഇതുവരെ ഏറെ കാര്യമായ ചര്‍ച്ചകള്‍ നടന്ന മേഖല. ഒരുപക്ഷേ ജനങ്ങളുമായി ഏറെ ബന്ധപ്പെട്ട വിഷയങ്ങളായതിനാലാവാം. അതില്‍ വരുന്ന വിഷയങ്ങളെക്കുറിച്ച് വിശദമായി പറഞ്ഞാല്‍?
അമൃതസര്‍ തുടക്ക സമ്മേളനത്തില്‍ അഞ്ചു ടാസ്ക് ഫോഴ്സുകള്‍ രൂപീകരിച്ച് അതില്‍ ചര്‍ച്ചകള്‍ നടത്തി. അവ ഇതാണ്:
1. സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ സാര്‍വത്രീകരണം. അതായത് അവസാന വരിയിലെ അവസാനത്തെ ആളിനും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കണം. ഇതിന്റെ വിശദീകരണം പറഞ്ഞാല്‍, നാലു കാര്യങ്ങള്‍ എല്‍ 20 യില്‍ അവതരിപ്പിച്ച രേഖയില്‍ പറയുന്നുണ്ട്. ഒന്ന്: സാമൂഹ്യ സുരക്ഷ.
രണ്ട്: സോഷ്യല്‍ ഇന്‍ഷുറന്‍സ്: ഇഎസ്ഐ, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ഡെത്ത്ഡിസബിലിറ്റി ഇന്‍ഷുറന്‍സ് തുടങ്ങിയവ.
മൂന്ന്: സോഷ്യല്‍ അസിസ്റ്റന്‍സ് ക്ഷേമ പദ്ധതികള്‍ അതില്‍ വരും. കൃഷി ക്ഷേമനിധി, മോട്ടോര്‍ ക്ഷേമനിധിയൊക്കെ അതില്‍ വരും.
നാല്: സോഷ്യല്‍ പ്രൊട്ടക്ഷന്‍. ആയുഷ്മാന്‍ ഭാരത് പോലെയുള്ള സര്‍ക്കാര്‍ പദ്ധതികള്‍. അത് സാധാരണക്കാര്‍ക്കു വേണ്ടിയുള്ളതാണ്. എല്ലാവര്ക്കുമുദ്ദേശിച്ചല്ല.
ഇതില്‍ ആദ്യമായി പുതിയൊരു നിര്‍ദ്ദേശം വെച്ചത് സോഷ്യല്‍ പ്രൊട്ടക് ഷന്, സോഷ്യല്‍ അസ്സിസ്റ്റന്‍സ് എന്നിവ സോഷ്യല്‍ ഇന്‍ഷുറന്‍സിലേക്ക് ആക്കി മാറ്റണമെന്നതാണ്. ഇഎസ്ഐ പോലുള്ള ഇന്‍ഷുറന്‍സ്, കൂടാതെ പിഎഫ് പദ്ധതികളില്‍ നിങ്ങള്‍ക്ക് പൂര്‍ണമായ പരിരക്ഷയാണ് ലഭിക്കുന്നത്. തൊഴിലാളിയും തൊഴിലുടമയും വര്‍ഷംതോറും പണമടയ്ക്കുന്നു. കവറേജ് കാലം കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ഒരു തുക ലഭിക്കുന്നു. ആപത്തുവന്നാല്‍ ജീവിതകാലം മുഴുവന്‍ അവസാനം കിട്ടിയ ശമ്പളത്തിന്റെ 90 ശതമാനം നിങ്ങള്‍ക്ക് കിട്ടുന്നു. നിങ്ങള്‍ക്ക് ഒരു അപകടം സംഭവിക്കുന്നുവെന്നു കരുതുക, അപ്പോഴും കിട്ടും. അതില്‍ ഒരു പൗരന് എന്ന നിലയില്‍ സുരക്ഷ കിട്ടുന്നു. സോഷ്യല്‍ പ്രൊട്ടക് ഷനില്‍ അതില്ല. കിഡ്നി പോയാല്‍ പരമാവധി അഞ്ചുലക്ഷം രൂപ കിട്ടും. വെല്‍ഫെയര്‍ സ്കീമിലും അതുപോലെയാണ്. അതുകൊണ്ട് ഇതെല്ലാം സമന്വയിപ്പിച്ച് ഒരു സോഷ്യല്‍ സെക്യൂരിറ്റി പദ്ധതി വേണമെന്നാണ് ആവശ്യം. ബിഎംഎസ്സിന്റെ അടിസ്ഥാന ആവശ്യമാണ്. അത് എല്‍ 20 യിലും ചര്‍ച്ചയാക്കി പാസ്സാക്കി.
2. പ്രവാസികളുടെ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പോര്‍ട്ടബിലിറ്റി. അതായത്, ഒരു രാജ്യത്തെ സാമൂഹ്യ സുരക്ഷാ പദ്ധതി മറ്റൊരു രാജ്യത്തേക്ക് കൈമാറാന്‍ സാധിക്കില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ എവിടെയെങ്കിലും ജോലിചെയ്യുന്ന ഒരു ഇതര രാജ്യക്കാരന്, അവിടെ ഏറെക്കാലം ജീവിച്ച് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി സമ്പാദിച്ചതൊന്നും സ്വന്തം രാജ്യത്തേക്ക് പോരുമ്പോള്‍ കൊണ്ടുപോരാന്‍ ആവില്ല. അവിടെത്തന്നെ ചെലവിടണം. രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഉഭയ കരാറുകള്‍ ഉണ്ടെങ്കില്‍ സാധിക്കും. ഭാരതം അങ്ങനെ 20 രാജ്യങ്ങളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ അതില്‍ പ്രമുഖരാജ്യങ്ങളില്ല. അമേരിക്ക, ബ്രിട്ടണ്, ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നും അതിലില്ല. അതിന് പകരം, ഏതു രാജ്യത്ത് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി സമ്പാദിച്ചതും ഏത് രാജ്യത്തും വിനിയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ പോര്‍ട്ടബിലിറ്റി വേണമെന്നാണ് ആവശ്യം. എല്‍ 20 യുടെ ആവശ്യം എല്ലാ ജി 20 രാജ്യങ്ങളുടെയും തൊഴിലാളി സംഘടനാ പ്രതിനിധികളും അംഗീകരിച്ചു. കൂടാതെ എല്‍ 20 ബി 20 സംയുക്ത പ്രസ്താവനയിലും അന്തര്‍ദേശീയ ഉടമകളുടെ സംഘടനകളെക്കൊണ്ടും തുടര്‍ച്ചയായ ചര്‍ച്ചകളിലൂടെ ഇക്കാര്യം അംഗീകരിപ്പിക്കാന്‍ സാധിച്ചു എന്നത് വലിയ നേട്ടമാണ്. ഐടിയുസി ആയിരുന്നു ഈ എല്‍ 20 നയിച്ചിരുന്നതെങ്കില്‍ അവര്‍ അംഗീകരിക്കില്ല. കാരണം യൂറോപ്യന്‍ രാജ്യങ്ങളുടെ താല്പര്യങ്ങള്ക്ക് എതിരാണ്. (യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകുന്നവരില്‍ പലരും പിന്നെ സ്വന്തം നാട്ടിലേക്ക് പോരാത്തതിന്റെ പ്രധാന കാരണം ഇതാണ്)
3. സ്കില്‍ ഡവലപ്മെന്റ് (നൈപുണ്യ വികസനം): ഭാരത സാഹചര്യത്തില്‍ നൈപുണ്യ വികസനം ഇനിയും വേണ്ടത്ര ആയിട്ടില്ല. കേന്ദ്രസംസ്ഥാനതദ്ദേശ സര്‍ക്കാരുകള്‍ ഒന്നിച്ചുള്ള പ്രയത്നം വേണം. ത്രിതല സര്‍ക്കാരുകള്‍ ചേര്‍ന്നു വേണം. അതില്‍ ട്രേഡ് യൂണിയനുകള്‍, തൊഴില്‍ ദാതാക്കളുടെ സംഘടനകള്‍ എന്നിവയുടെ സംയുക്ത സംരംഭമാക്കണം. ട്രേഡ് യൂണിയന്റെ പങ്കാളിത്തം വലുതാണ്. ബിഎംഎസ്സിന്റെ കാര്യം പറഞ്ഞാല്‍ രാജ്യത്താകെ 5700 യൂണിയനുകളുണ്ട്. എല്ലാ സംസ്ഥാങ്ങളിലും എല്ലാ ജില്ലകളിലും എല്ലാ മേഖലയിലും രാജ്യവ്യാപകമായി സാന്നിദ്ധ്യമുണ്ട്. ഇവിടെയെല്ലാം നിന്ന് വിവരങ്ങള്‍, പ്രശ്നങ്ങള്‍, പരിഹാരങ്ങള്‍, അനുഭവങ്ങള്‍ ലഭ്യമാക്കാന്‍ പറ്റും. തൊഴില്‍ദാതാക്കള്‍ വേണം ഇത് എങ്ങനെ വിനിയോഗിക്കാമെന്ന് നിശ്ചയിക്കാന്‍. അതായത് മൂന്ന് വിഭാഗങ്ങളും കൂടി ചേര്‍ന്ന് വേണം ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍. ഈ കാഴ്ചപ്പാട് എല്‍ 20 സ്വീകരിച്ചു.
4. തൊഴിലിന്റെ ലോകം മാറുന്നു: സാങ്കേതികവിദ്യയുടെ വളര്‍ച്ച ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തൊഴിലിന്റെ മേഖലയെയാണ്. മാധ്യമങ്ങളുടെ കാര്യമെടുക്കാം. ഭാരതത്തില്‍ ആദ്യമായി ‘ആജ് തക്’ എന്ന ഹിന്ദി ടിവി ചാനല്‍ അവരുടെ ന്യൂസ് റൂം ഒരു മനുഷ്യ ജീവി പോലുമില്ലാതെ നിര്‍മ്മിത ബുദ്ധികൊണ്ട് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പ്രവര്‍ത്തിപ്പിക്കുന്നു. എത്ര മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലിപോയി. ടാറ്റാ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജനസ് റോബോട്ടുണ്ടാക്കി. ഇപ്പോള്‍ ഓട്ടോമൊബൈല്‍ രംഗമാകെ എഐ പ്രവര്‍ത്തനത്തിലാകുന്നു. നിരവധി പേര്‍ക്ക് തൊഴില്‍ നല്കുന്ന കേരളത്തിലെ കാള്‍ സെന്ററുകളുടെയും കാലം എഐ മൂലം കഴിയാറായി. തൊഴിലിനെയാണ് ഇതെല്ലാം ബാധിക്കുന്നത്. ജനങ്ങള്‍ക്ക് അത്രയധികം ജോലി നഷ്ടമാകുന്നു. ജനസംഖ്യ കുറഞ്ഞ ജപ്പാനെപ്പോലുള്ള രാജ്യങ്ങള്‍ക്ക് ഇത് ഗുണമാണ്. പക്ഷേ ജനപ്പെരുപ്പമുള്ള ഏഷ്യ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക രാജ്യങ്ങള്‍ക്ക് ഇത് ദോഷകരമാണ്.
മറ്റൊരു മാറ്റം ബഹുരാഷ്ട്ര കമ്പനികളുടെ പ്രവര്‍ത്തന രീതിയില്‍ വന്ന മാറ്റമാണ്. പണ്ട് ഒരു ബഹുരാഷ്ട്ര കമ്പനി ഇവിടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍, ഉദാഹരണത്തിന് കാര്‍ നിര്‍മാണം, അവര്‍ കമ്പനി ഇവിടെ സ്ഥാപിക്കും, ജോലിക്കാരെ നല്ല ശമ്പളത്തിന് നിയമിക്കും, ഉല്‍പ്പാദിപ്പിക്കും. ഇപ്പോള്‍ അത് മാറി, മുഴുവന്‍ സപ്ലൈ ചെയിന്‍ സംവിധാനമായി. അതായത്, കാര്‍ കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസ് മാത്രമേ ഇവിടെ ഉണ്ടാകൂ. അവര്‍ ഒന്നും ഉല്‍പ്പാദിപ്പിക്കുന്നില്ല.
പകരം എല്ലാം മറ്റുല്പ്പാദകരില്നിന്ന് വാങ്ങും. ഓരോ പാര്‍ട്സും ഓരോരുത്തരില്‍നിന്ന് വാങ്ങും. നട്ടും ബോള്ട്ടുംവരെ ഇവിടുത്തെ ചെറിയ ചെറിയ വര്‍ക്ക് ഷോപ്പുകളില്‍ നിന്ന് വിലകുറഞ്ഞതു നോക്കി വാങ്ങും. അവര്‍ ലാഭമുണ്ടാക്കും. അവിടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും ഉല്‍പ്പാദിപ്പിക്കുന്ന ബഹുരാഷ്ട്ര കമ്പനികളും തമ്മില്‍ ബന്ധമില്ല. ഇത് ലോകമാകെ വ്യാപകമായിക്കഴിഞ്ഞു. ഇതിന്റെ ഗുണഭോക്താക്കള്‍ കൂടുതലും യൂറോപ്യന്‍ രാജ്യങ്ങളാണ്. അവര്‍ ലോകമാകെ ഇത്തരത്തില്‍ സപ്ലൈ ചെയിന്‍ സംവിധാനമാക്കി. ചൈന ഇതു സമ്മതിക്കില്ല. അവര്‍ അവരുടെ കമ്പനികള്‍തന്നെ ഉണ്ടാക്കും. ഏഷ്യന്‍ രാജ്യങ്ങള്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ഒക്കെ ഈ വഴിയിലായി. ഈ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
5. സ്ത്രീകളും ഭാവി തൊഴില്‍ മേഖലയും: എത് പ്രതിസന്ധിയും ആദ്യം ബാധിക്കുന്നത് സ്ത്രീകളെയാണ്. കോവിഡ് വന്നു. ആദ്യം ബാധിച്ചത് സ്ത്രീകളുടെ ജോലിയെയാണ്. അന്ന് പുറത്തുപോയവര്‍ തിരികെ മുഴുവനായി ഇനിയും ജോലിയില്‍ പ്രവേശിച്ചിട്ടില്ല. ആഗോള ധനകാര്യ പ്രതിസന്ധിയുടെ കാര്യത്തിലും ഇതുതന്നെ ഉണ്ടായി. സ്ത്രീകളുടെ വേതന തുല്യത, അവരുടെ സാമൂഹ്യ സുരക്ഷ, പ്രത്യേകിച്ച് പ്രസവ കാല തൊഴില്‍ സംരക്ഷണം, ‘വര്‍ക്ക് ഫ്രം ഹോം’ തുടങ്ങിയ വിഷയങ്ങളും എല്‍ 20 യില്‍ ചര്‍ച്ചചെയ്തു.
ഗര്‍ഭിണികള്‍ക്ക് ആറുമാസം അവധി കൊടുക്കേണ്ട വിഷയം വരുന്നത് പ്രശ്നമാവാറുണ്ട്. ഇതിന് രണ്ടു പരിഹാരം എല്‍ 20 രേഖയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഒന്നുകില്‍ വര്‍ക്ക് ഫ്രം ഹോം ആറുമാസം അനുവദിക്കുക. അല്ലെങ്കില്‍ സര്‍ക്കാരോ ഇന്‍ഷുറന്‍സ് കമ്പനിയോ ആറുമാസത്തെ വേതനം കൊടുക്കുക.
ഇത്തരത്തില്‍ വിഷയങ്ങള്‍ ഉയര്‍ത്തി അതിന് പരിഹാരവും നിര്‍ദ്ദേശിച്ചിട്ടുണ്ട്.ലോകത്ത് നാല് ബില്യണ്‍ ജനങ്ങള്‍ ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയുടെയും ഗുണം അനുഭവിക്കാത്തവരാണ്. ആകെ ജനസംഖ്യ എട്ടു ബില്യണാണ്. അപ്പോള്‍ പകുതിപ്പേര്‍ക്ക് സുരക്ഷ ഇല്ല. ലോക നിലവാരമുള്ള തൊഴില്‍ കാര്യ വിദഗ്ധരും ട്രേഡ് യൂണിയന് നേതാക്കളുമാണ് എല്‍ 20 യില്‍ പങ്കെടുത്തത്. തൊഴില്ട്രേഡ് യൂണിയന് രംഗത്തെ 60 വിദേശ പ്രതിനിധികളും 52 ഭാരതീയ പ്രതിനിധികളും വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തു.
”സമന്വയം മനുഷ്യപുരോഗതിയുടെ മന്ത്രം” (ഹാര്‍മണി ഈസ് ദ് മന്ത്ര ഓഫ് ഹ്യൂമണ്‍ പ്രോഗ്രസ്) എന്നായിരുന്നു നമ്മുടെ മുദ്രാവാക്യം. പങ്കെടുത്ത വിദേശികളെ ആകര്‍ഷിച്ച ഒന്നായിരുന്നു ഇത്. ‘ഹാര്‍മണി’ എന്ന പ്രയോഗം എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ അടിസ്ഥാന ആശയം വര്‍ഗ സംഘര്‍ഷത്തിന്റെ കാലം കഴിഞ്ഞു ഇനി ”തൊഴിലാളി കുടുംബം” ആണ് ആഗോള തൊഴില്‍ ബന്ധങ്ങളുടെ അടിസ്ഥാനം എന്നാണ്. ഈ ആശയവും എല്‍ 20 ബി 20 സംയുക്ത പ്രസ്താവനയില്‍ ലോക തൊഴിലുടമകളെക്കൊണ്ടു അംഗീകരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ നേട്ടമായി.
ആര്‍ക്കും അവതരിപ്പിച്ച വിഷയത്തില്‍ ഒന്നിലും കാര്യമായ എതിര്‍പ്പുണ്ടായില്ല. റഷ്യയുടെ ആവശ്യം ഉെ്രെകന് വിഷയത്തിലെ റഷ്യയുടെ നിലപാട് പ്രസ്താവനയില്‍ കൊണ്ടുവരണമെന്നായിരുന്നു. പക്ഷേ, അതു പറ്റില്ല എന്ന് പൊതു നിലപാടു വന്നു. നാം ബുദ്ധിപൂര്‍വം ഇടപെട്ടതിനാല്‍ ആ വിവാദ വിഷയം രേഖകളില്‍ കയറിയില്ല. അങ്ങനെ എല്ലാവരാലും പ്രശംസിക്കപ്പെട്ട രീതിയില്‍ ഒരു അന്താരാഷ്ട്ര ഉച്ചകോടി ഭാരതീയ മസ്ദൂര്‍ സംഘത്തിന് വിജയപ്രദമായി നടത്താനായി എന്ന സന്തോഷമാണ് ഇപ്പോള്‍ പങ്ക് വയ്ക്കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: