തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ഇ ഡി അന്വേഷണം കൂടുതല്‍ സിപിഎം നേതാക്കളിലേക്ക്. സിപിഎം തൃശൂര്‍ ഏരിയ കമ്മിറ്റി അംഗവും കോര്പ്പറേഷന് കൗണ്‍സിലറുമായ അനൂപ് ഡേവിസ് കാടയെയും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ അരവിന്ദാക്ഷനെയും ഇന്നലെ ഇ ഡി മണിക്കൂറുകളോളം ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പലിശ ഇടപാടുകാരനും സിപിഎം നേതാക്കളുടെ ബിനാമിയുമായ പി. സതീഷ്കുമാറിന്റെ മൊഴിയെ തുടര്‍ന്നാണ് ഇവരെ വിളിപ്പിച്ചത്. സിപിഎം നേതാക്കളുടെ ബിനാമി ഇടപാടില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് വിലയിരുത്തല്‍.
ചുരുങ്ങിയ കാലം കൊണ്ട് നേതൃപദവിയിലേക്കുയര്‍ന്ന അനൂപ് ഡേവിസ് കാട തൃശൂര്‍ നഗരത്തിലെ ഒട്ടേറെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കു പിന്നിലുണ്ട്. ഈയിടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പിലെ പ്രതിയെ നാടുവിടാന്‍ സഹായിച്ചെന്ന ആരോപണത്തിലും ഇയാള്‍ അന്വേഷണം നേരിടുന്നു. വന്‍തുക വാങ്ങി ചില പോലീസുകാരുടെ സഹയത്തോടെ പ്രതിയെ രാജ്യം വിടാന്‍ സഹായിച്ചെന്നാണ് വ്യക്തമായിട്ടുള്ളത്.
കരുവന്നൂര്‍ ബാങ്കില്‍ നിന്ന് തട്ടിച്ചെടുത്ത പണത്തിന്റെ പങ്ക് സതീഷ്കുമാറിന്റെ കൈയില്‍ നിന്ന് അനൂപിന്റെയും അരവിന്ദാക്ഷന്റെയും പക്കലെത്തിയിട്ടുണ്ടെന്നാണ് നിഗമനം. നേരത്തേ മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്ത് മെമ്പറും വൈസ് പ്രസിഡന്റുമായിരുന്ന അരവിന്ദാക്ഷന് രണ്ടു ടേമായി വടക്കാഞ്ചേരി നഗരസഭയില്‍ കൗണ്‍സിലറും ഇപ്പോള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമാണ്. എ.സി. മൊയ്തീന്റെ അടുത്തയാളായാണ് അരവിന്ദാക്ഷന് വടക്കാഞ്ചേരി മേഖലയില്‍ അറിയപ്പെടുന്നത്. ഇവരെ കൂടാതെ വടക്കാഞ്ചേരിയിലെ സിപിഎം പ്രവര്‍ത്തകനായ മധു, റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന് രാജേഷ് എന്നിവരെയും ഇന്നലെ ചോദ്യം ചെയ്തു.
വരും ദിവസങ്ങളില്‍ അന്വേഷണം കൂടുതല്‍ സിപിഎം നേതാക്കളിലെത്തുമെന്നാണ് വിവരം. സിപിഎം പോഷക സംഘടനയുടെ സംസ്ഥാന നേതാവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പ്രമുഖ നേതാവിന്റെ അടുപ്പക്കാരനുമായ ആള് ഇ ഡിയുടെ നിരീക്ഷണത്തിലാണ്. അടുത്ത കാലത്തായി കോടികള്‍ ചെലവഴിച്ച് ഇയാള്‍ തൃശൂര്‍ നഗരത്തില്‍ കെട്ടിപ്പൊക്കിയ കെട്ടിടങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ഇ ഡി ശേഖരിച്ചിട്ടുണ്ട്. എ.സി. മൊയ്തീന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ചില ക്വാറി ഉടമകളുമായി ഉണ്ടായിരുന്ന ബന്ധവും ഇ ഡിയുടെ നിരീക്ഷണത്തിലാണ്. ഒരു ക്വാറി ഉടമയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: