തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പുതുതായി 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് 13, എറണാകുളം മെഡിക്കല്‍ കോളജ് 15, കണ്ണൂര്‍ മെഡിക്കല്‍ കോളജ് 15 എന്നിങ്ങനെയാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പിജി സീറ്റുകള്‍ വര്‍ധിപ്പിച്ച് ശക്തിപ്പെടുത്തുന്നതിനും അപ്ഗ്രേഡ് ചെയ്യുന്നതിനും വേണ്ടിയുള്ള സ്കീം അനുസരിച്ചാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അനസ്തേഷ്യ 2, കമ്മ്യൂണിറ്റി മെഡിസിന് 2, ഡെര്‍മറ്റോളജി 1, ഫോറന്‍സിക് മെഡിസിന് 1, ജനറല്‍ മെഡിസിന് 2, ജനറല്‍ സര്‍ജറി 2, പത്തോളജി 1, ഫാര്‍മക്കോളജി 1, ട്രാന്സ്ഫ്യൂഷന് മെഡിസിന് 1 എന്നിങ്ങനെയും എറണാകുളം മെഡിക്കല്‍ കോളജില്‍ അനസ്തേഷ്യ 2, ഓര്‍ത്തോപീഡിക്സ് 2, ജനറല്‍ മെഡിസിന് 1, റേഡിയോ ഡയഗ്നോസിസ് 2, ഗൈനക്കോളജി 2, ജനറല്‍ സര്‍ജറി 2, കമ്മ്യൂണിറ്റി മെഡിസിന് 1, ഫോറന്‍സിക് മെഡിസിന് 1, റെസ്പിറേറ്ററി മെഡിസിന് 1, ഒഫ്ത്താല്‍മോളജി 1 എന്നിങ്ങനെയും കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ അനസ്തേഷ്യ 1, ജനറല്‍ മെഡിസിന് 1, റേഡിയോ ഡയഗ്നോസിസ് 2, ഗൈനക്കോളജി 1, ജനറല്‍ സര്‍ജറി 1, പീഡിയാട്രിക്സ് 2, ഫോറന്‍സിക് മെഡിസിന് 2, റെസ്പിറേറ്ററി മെഡിസിന് 1, എമര്‍ജന്‍സി മെഡിസിന് 2, ഓര്‍ത്തോപീഡിക്സ് 2 എന്നിങ്ങനെയുമാണ് പി.ജി. സീറ്റുകള്‍ അനുവദിച്ചത്.
സംസ്ഥാനത്തിന് അനുവദിച്ച 43 മെഡിക്കല്‍ പിജി സീറ്റുകളുടെ നടത്തിപ്പിനായി കേന്ദ്രസര്‍ക്കാര്‍ 8.29 കോടിരൂപ അനുവദിച്ചു. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ക്കായാണ് 8.29 കോടി അനുവദിച്ചത്. ആകെ തുകയുടെ 60 ശതമാനമാണ് അനുവദിച്ചത്. ആലപ്പുഴയക്ക് 1.25 കോടി, എറണാകുളത്തിന് 1.68കോടി, കണ്ണൂരിന് 5.36 കോടിയുമാണ് കേന്ദ്രം അനുവദിച്ചത്.
കേന്ദ്രസര്‍ക്കാരുമായി എംഒയു ഒപ്പിട്ടാല്‍ മാത്രമാകും തുക ലഭിക്കുക. കൂടാതെ പദ്ധതി നടത്തിപ്പ് സിംഗിള്‍ നോഡല്‍ അക്കൗണ്ട്, ഓരോ കോളജിനും പ്രത്യേകം ഉപ അക്കൗണ്ടുകള്‍ക്കൊപ്പം പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റത്തിലേക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പദ്ധതിയുടെ 40ശതമാനം സംസ്ഥാനം വഹിക്കണം. സംസ്ഥാനസര്‍ക്കാര്‍ എംഒയു ഒപ്പിട്ടില്ലെങ്കിലോ നിബന്ധനകള്‍ പാലിച്ചില്ലെങ്കിലോ കേന്ദ്രസഹായം നഷ്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: