ബെംഗളൂരു: കേരളത്തിലെ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേരളത്തിലെ ഒരു പ്രസിദ്ധ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ തനിക്ക് വിവേചനം നേരിടേണ്ടിവന്നെന്ന് സിദ്ധരാമയ്യ പറഞ്ഞു. കേരളത്തിലെ ക്ഷേത്രത്തിലെത്തിയപ്പോള്‍ തന്നോട് ഷര്‍ട്ട് അഴിക്കാന്‍ ആവശ്യപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് വലിയ വിവേചനമാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.
സാമൂഹിക പരിഷ്കര്‍ത്താവായ നാരായണ ഗുരുവിന്റെ 169-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബെംഗളൂരുവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരിക്കല്‍ കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ പോയപ്പോള്‍ അവര്‍ തന്നോട് ഷര്‍ട്ട് അഴിച്ച് അകത്ത് കയറാന്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് താന്‍ ക്ഷേത്രത്തില്‍ കയറാന്‍ വിസമ്മതിക്കുകയും പുറത്ത് നിന്ന് പ്രാര്‍ഥിക്കാമെന്ന് പറയുകയും ചെയ്തു. ചിലരോട് മാത്രമാണ് അവര്‍ ഷര്‍ട്ട് അഴിക്കാന്‍ ആവശ്യപ്പെട്ടത്. ഇത് തികച്ചും മനുഷ്യത്വരഹിതമായ ആചാരമാണ്. ഈശ്വരന് മുന്നില്‍ എല്ലാവരും സമന്മാരാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
എന്നാല്‍ വിവാദമുണ്ടാക്കാന്‍ വേണ്ടി മാത്രം ചില കാര്യങ്ങള്‍ സിദ്ധരാമയ്യ വളച്ചൊടിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മൈ പറഞ്ഞു. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ദക്ഷിണേന്ത്യയിലെ ചില ക്ഷേത്രങ്ങളിലും നിലനില്‍ക്കുന്ന രീതിയാണ് പുരുഷന്മാര് ഷര്‍ട്ട് അഴിച്ചുമാറ്റി ക്ഷേത്രത്തിനകത്ത് കയറുന്നത്. ഇത് കേരളത്തിലെ ക്ഷേത്രങ്ങളില്‍ മാത്രമുള്ള ആചാരമല്ല, മറിച്ച് കര്‍ണാടകയിലും ഇത്തരം രീതി പിന്തുടരുന്നുണ്ട്. കര്‍ണാടകയിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാറുണ്ടെന്ന് അവകാശപ്പെടുന്ന സിദ്ധരാമയ്യ ഇത്തരം കാര്യങ്ങള്‍ അറിയുന്നില്ലെന്നത് ആശ്ചര്യമാണെന്നും ബൊമ്മൈ പറഞ്ഞു. ഹൈന്ദവ ആചാരങ്ങളും രീതികളും കൃത്യമായി മനസിലാക്കാതെ വെറുതെ വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് സിദ്ധരാമയ്യ ശ്രമിക്കുന്നതെന്നും ബൊമ്മൈ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: