ടോക്കിയോ: ജപ്പാന്റെ ആദ്യ ചാന്ദ്രദൗത്യ വിക്ഷേപണം വിജയകരം. നാല് മാസത്തെ യാത്രയ്‌ക്ക് ശേഷമാകും സ്മാർട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ അഥവാ സ്ലിം എന്ന ബഹിരാകാശ പേടകം ചന്ദ്രന്റെ ഉപരിതലത്തിൽ എത്തുക. ജപ്പാന്റെ ഔദ്യോഗിക ബഹിരാകാശ ഏജൻസിയായ ജപ്പാൻ എയറോസ്‌പെസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി(ജാക്‌സ)യാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.
തെക്കന്‍ ജപ്പാനിലെ തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് കഴിഞ്ഞ മാസത്തില്‍ ഒരാഴ്ചയ്‌ക്കിടെ തന്നെ മൂന്ന് തവണയാണ് വിക്ഷേപണം മാറ്റിവയ്‌ക്കേണ്ടത്. 200 കിലോഗ്രാമാണ് സ്ലിം പേടകത്തിന്റെ ഭാരം. ജാക്‌സയുടെ ആദ്യ ചാന്ദ്ര ദൗത്യമാണിത്.
രണ്ട് പേലോഡുകളാണ് സ്ലിമ്മിലുള്ളത്. ലാൻഡിംഗിനായി തിരഞ്ഞെടുത്തിട്ടുള്ള മേഖലയിൽ സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാക്കുന്നതിനായി സാങ്കേതിക വിദ്യ പരീക്ഷിക്കുകയാണ് ആദ്യ ദൗത്യം. ചന്ദ്രനിൽ എവിടെ വേണമെങ്കിലും ഇറങ്ങാൻ സാധിക്കത്തക്ക വിധമുള്ള പിൻ പോയിന്റ് ലാൻഡിംഗ് സാങ്കേതിക വിദ്യയാണ് ജപ്പാൻ പരീക്ഷിക്കാനൊരങ്ങുന്നത്. നിലവിൽ തിരഞ്ഞെടുത്ത ഇടത്ത് നിന്നും 100 മീറ്റർ പരിധിയിൽ സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാക്കാനാണ് നീക്കം.
ഷിയോലി എന്ന ചെറു ഗർത്തത്തിന് സമീപത്തായുള്ള ചരിഞ്ഞ പ്രദേശത്താണ് സ്ലിം ഇറക്കാൻ ലക്ഷ്യം വെയ്‌ക്കുന്നത്. ഏകദേശം 15 ഡിഗ്രിയോളം ചെരുവുണ്ട് ഈ പ്രദേശത്തിന്. ടൂ സ്റ്റെപ്പ് ലാൻഡിംഗ് മെതേഡിലൂടെയാകും സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാക്കുക. ഒരു മാസത്തോളം ചന്ദ്രന്റെ ഭ്രമണപഥത്തിൽ ചിലവഴിച്ചതിന് ശേഷമാകും ലാൻഡിംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: