ന്യൂദൽഹി: ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇന്തോനേഷ്യയിലെത്തും. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്കാണ് പ്രധാനമന്ത്രി എത്തുക. ആസിയാൻ സമ്മേളനം, ഇന്ത്യ-ആസിയാൻ ഉച്ചകോടി എന്നിവ ലക്ഷ്യം വെച്ചാണ് പ്രധാനമന്ത്രിയുടെ യാത്ര. ഈ രണ്ട് ചടങ്ങുകളിലും സന്നിഹിതനായതിന് ശേഷം നാളെ വൈകിട്ട് അദ്ദേഹം ന്യൂഡൽഹിയിലേക്ക് മടങ്ങും.
ജി20 ഉച്ചകോടിയുടെ ഒരുക്കങ്ങൾ പ്രമാണിച്ച് പ്രധാനമന്ത്രിക്ക് തിരികെ എത്തേണ്ടതിനാൽ ആസിയാൻ സമ്മേളനത്തിന്റെ സമയക്രമത്തിൽ മാറ്റം വരുത്താൻ ഇന്തോനേഷ്യ തയാറാകുകയായിരുന്നു. ഇന്ന് രാത്രി ഇന്തോനേഷ്യയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി നാളെ വൈകിട്ടോടെയാകും രാജ്യതലസ്ഥാനത്തേക്ക് തിരികെയെത്തുക.
നാളെ നടക്കുന്ന ഉച്ചകോടിയിൽ സമുദ്ര സുരക്ഷയും ഡിജിറ്റൽ പുരോഗതിയും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. പല രാജ്യങ്ങളുടെയും പ്രദേശം ഉൾപ്പെടുത്തി ചൈന ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. ഇത് ഉച്ചകോടിയിൽ ചർച്ച ചെയ്‌തേക്കുമെന്നാണ് സൂചന. ഇതിന് പിന്നാലെ കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: