മുന്‍ ധനമന്ത്രിയും പ്രമുഖ സിപിഎം നേതാവുമായ ഡോ. തോമസ് ഐസക് പിണറായി നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാരിനെതിരെ നടത്തിയിരിക്കുന്ന തുറന്നടിച്ചുള്ള വിമര്‍ശനം സിപിഎം നേതൃത്വത്തെയും സര്‍ക്കാരിനെയും ഞെട്ടിക്കാന്‍ പോന്നതാണ്. ഇതിന് രണ്ട് കാരണങ്ങളുണ്ട്. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ചിന്ത വാരികയിലാണ് കടുത്ത വിമര്‍ശനമുന്നയിച്ചുകൊണ്ടുള്ള ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്നതാണ് ഒന്നമത്തേത്. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത വിമര്‍ശനങ്ങള്‍ ഐസക് നടത്തിയിരിക്കുന്നു എന്നതാണ് രണ്ടാമത്തേത്. പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്‍കീഴില്‍ കൃഷി, വ്യവസായം, വിദ്യാഭ്യാസം, സേവനമേഖല, പദ്ധതി നടത്തിപ്പ്, ക്ഷേമപ്രവര്‍ത്തനം, പരാതി പരിഹാര സംവിധാനം എന്നിങ്ങനെ എല്ലാ മേഖലയും തകര്‍ച്ചയിലാണെന്ന് കുറ്റപ്പെടുത്തുകയാണ് ഐസക് ചെയ്തിരിക്കുന്നത്. കേരളത്തിലെ ഭരണ സംവിധാനത്തിന് നിരവധി പോരായ്മകളുണ്ടെന്ന് തുറന്നുസമ്മതിക്കുന്ന ഐസക് അതിന്റെ തെളിവുകളും ഹാജരാക്കുന്നുണ്ട്. നിരവധി പദ്ധതികള്‍ അനിശ്ചിതമായി നീളുന്നത്, വന്‍കിട പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാത്തത്, വ്യവസായ പ്രോത്‌സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങളെക്കാള്‍ പിന്നിലായിരിക്കുന്നത്, ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമൂലമായ അഴിച്ചുപണിക്ക് പ്രായോഗിക പദ്ധതിയില്ലാത്തത്, സംസ്ഥാനം വയോജന സൗഹൃദമല്ലാത്തത്, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ കുറയ്‌ക്കാന്‍ കഴിയാത്തത്, ഉല്‍പാദനക്ഷമതയും ഉല്‍പ്പാദനവും ഉയര്‍ത്തുന്നതിനുള്ള പാക്കേജുകളില്ലാത്തത്, കോര്‍പ്പറേറ്റ് മൂലധനത്തെ ആകര്‍ഷിക്കാന്‍ കഴിയാത്തത്, ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇപ്പോഴും പിന്നിലായി തുടരുന്നത് എന്നിങ്ങനെ ഭരണപരാജയത്തിന്റെ ഒരു നീണ്ട പട്ടികതന്നെയാണ് ഐസക് നിരത്തുന്നത്. പിണറായി ഭരണത്തിന്‍ കീഴില്‍ വിമര്‍ശനവിധേയമല്ലാത്തതായി ഒരു മേഖലയുമില്ലെന്നാണ് ഐസക്കിന്റെ ലേഖനം പറയുന്നത്.
തോമസ് ഐസക് നടത്തുന്നത് പൊതുവായ വിമര്‍ശനമാണെന്നും, സര്‍ക്കാരിന്റെ നില മെച്ചപ്പെടുത്താനുള്ളതാണെന്നുമൊക്കെ പറഞ്ഞ് ഒഴിയാനാവില്ല. ഏഴ് വര്‍ഷമായി സംസ്ഥാനത്ത് അധികാരത്തിലുള്ളത് പിണറായി സര്‍ക്കാരാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച അധികാരത്തുടര്‍ച്ച ഭരണ മികവിനുള്ള അംഗീകാരമായാണ് സിപിഎമ്മും ഇടതുമുന്നണിയും കരുതുന്നത്. എന്നാല്‍ ഇത് ഒരു അവകാശവാദം മാത്രമാണെന്നും, യാഥാര്‍ത്ഥ്യം മറിച്ചാണെന്നും ഐസക് അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുകയാണ്. സദുദ്ദേശ്യത്തോടെയാണ് ഐസക്കിന്റെ വിമര്‍ശനം എന്നും പറയാനാവില്ല. രണ്ടാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയാക്കാതിരുന്നതും, തെരഞ്ഞെടുപ്പില്‍ മത്‌സരിക്കാന്‍ പോലും അനുവദിക്കാതിരുന്നതും ഐസക്, പിണറായി വിജയന് അനഭിമതനായതുകൊണ്ടാണ്. ഇതിനുമുന്‍പ് സര്‍ക്കാരിനെതിരെ, പ്രത്യേകിച്ച് സംസ്ഥാനെത്ത സാമ്പത്തിക തകര്‍ച്ചയ്‌ക്കെതിരെ നാലുപാടുനിന്നും വിമര്‍ശനമുയര്‍ന്നപ്പോഴൊക്കെ, ഒരു സാമ്പത്തിക വിദഗ്ധനായിരുന്നിട്ടുപോ ലും ആത്മാര്‍ത്ഥമായി പ്രതിരോധിക്കാനോ മറുപടി പറയാനോ ഐസക് തയ്യാറായില്ല. അറിവും അനുഭവസമ്പത്തുമില്ലാത്ത ഇപ്പോഴത്തെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അതിനു ശ്രമിച്ചപ്പോഴൊക്കെ പാളിപ്പോവുകയും, സര്‍ക്കാര്‍ കൂടുതല്‍ പഴികേള്‍ക്കേണ്ടിവരികയും ചെയ്തു. ഇതുകണ്ട് ഐസക് ഊറിച്ചിരിക്കുകയായിരുന്നിരിക്കണം. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തങ്ങളുടെ നേട്ടങ്ങളായി ഉയര്‍ത്തിക്കാണിക്കുന്ന ഏതാണ്ട് എല്ലാംതന്നെ നിഷേധിക്കുകയാണ് ഇപ്പോള്‍ ഐസക് ചെയ്തിരിക്കുന്നത്. ഇതിനു മറുപടി പറയാന്‍ മുഖ്യമന്ത്രിക്കും മറ്റും ബാധ്യതയുണ്ട്.
ഐസക് ഒരു സാമ്പത്തിക വിദഗ്ധനാണെന്നും, വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിച്ചതാണെന്നും പറഞ്ഞ് സിപിഎമ്മിനും സര്‍ക്കാരിനും രക്ഷപ്പെടാനാവില്ല. പാര്‍ട്ടിയുടെ ഔദ്യോഗക പ്രസിദ്ധീകരണത്തിലാണ് ലേഖനം വന്നിരിക്കുന്നത്. അപ്പോള്‍ ഒരു നിലയ്‌ക്കും ഇത് വ്യക്തിപരമല്ല. സര്‍ക്കാരിനെതിരെ ചിലത് പറയാന്‍തന്നെ ഐസക് തീരുമാനിച്ചു എന്നുവേണം കരുതാന്‍. അങ്ങനെയെങ്കില്‍ ഐസക് ഒറ്റയ്‌ക്കായിരിക്കില്ല. പാര്‍ട്ടിയില്‍ ചിലരുടെയെന്നല്ല, പ്രമുഖരുടെ പിന്തുണയും ഇതിന് ലഭിച്ചിരിക്കണം. പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന് മറുപടി നല്‍കാന്‍ ബാധ്യസ്ഥമായ ഒരു പ്രസിദ്ധീകരണത്തില്‍ സര്‍ക്കാരിനെ അടിമുടി വിമര്‍ശിക്കുന്ന ലേഖനം വരികയെന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ളതല്ല ചിന്ത. മുന്‍കാലത്ത് അച്ചടിച്ചു വന്ന വളരെ നിസ്സാരമായ കാര്യങ്ങള്‍ പോലും മാറ്റിപ്പറയുകയോ നിഷേധിക്കുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട്. ഇതൊക്കെ അറിയാവുന്നയാളാണ് ഐസക്. എന്നിട്ടും അതിനു വിരുദ്ധമായി ചിലത് ചെയ്യാന്‍ പ്രേരിപ്പിച്ചത് പാര്‍ട്ടിക്കുള്ളിലെ പുതിയ വിഭാഗീയതയ്‌ക്കും ശീതസമരത്തിനും തെളിവാണ്. സര്‍ക്കാരിന്റെ അഭിമാനപ്രശ്‌നമായ ഒരു ഉപതെരഞ്ഞെടുപ്പിന്റെ നിര്‍ണായക ഘട്ടത്തില്‍ ഭരണത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചര്‍ച്ചകള്‍ക്ക് വഴിവയ്‌ക്കുന്ന ലേഖനം പാര്‍ട്ടി പ്രസിദ്ധീകരണത്തില്‍ വന്നത് നിസ്സാര കാര്യമല്ല. പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി സ്വന്തം നിലയ്‌ക്ക് ഭരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉരുണ്ടുകൂടിയിട്ടുള്ള പ്രതിഷേധമാവാം ഇതിനു പിന്നില്‍. സര്‍ക്കാരിന്റെ പരാജയങ്ങള്‍ പാര്‍ട്ടിക്ക് ഏറ്റെടുക്കാനാവില്ലെന്ന വ്യക്തമായ സന്ദേശം ഐസക്കിന്റെ വിമര്‍ശനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക